ചൈനയോട് 'ടാറ്റ' പറഞ്ഞ് 2 ഭീമന്‍ ജപ്പാന്‍ കമ്പനികള്‍; വരുന്നത് ഇന്ത്യയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കണം, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ജപ്പാനും ഇപ്പോള്‍ കരുക്കള്‍ നീക്കുകയാണ്. രാജ്യത്തെ പ്രമുഖ കമ്പനികളെ ചൈനയില്‍ നിന്നും 'ചാടിക്കാന്‍' ജാപ്പനീസ് സര്‍ക്കാര്‍ കൊടിയും പിടിച്ച് മുന്നില്‍ നില്‍ക്കുന്നു. ആദ്യഘട്ടത്തില്‍ ടൊയോട്ട സ്തൂഷോ, സുമീഡ കമ്പനികളുടെ ഉത്പാദനം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. 'പറിച്ചുനടലിന്' ആവശ്യമായ സാമ്പത്തിക സഹായം ഇരു കമ്പനികള്‍ക്കും ജാപ്പനീസ് സര്‍ക്കാര്‍ നല്‍കും.

ജപ്പാന്റെ ഉദ്ദേശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നിക്ഷേപകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ടൊയോട്ട സ്തൂഷോ, സുമീഡ കമ്പനികള്‍ പുതിയ തീരുമാനം അറിയിച്ചത്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ആഗോള ഉത്പാദന കേന്ദ്രമായി മാറുമെന്ന് മോദി ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് ജാപ്പന്റെ നീക്കം. ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് നിര്‍മ്മാണശാലകള്‍ മാറ്റുന്ന കമ്പനികള്‍ക്ക് 1,615 കോടി രൂപയുടെ ഇളവുകള്‍ ജപ്പാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയെ അമിതമായി ആശ്രയിക്കാതെ വിതരണശൃഖല വൈവിധ്യവത്കരിക്കണം, ജപ്പാന്റെ പ്രധാന ഉദ്ദേശ്യമിതാണ്.

പ്രതിസന്ധി

ഇന്ത്യയ്ക്ക് പുറമെ മറ്റു ആസിയാന്‍ രാജ്യങ്ങളിലേക്കും കമ്പനികളെ ജപ്പാന്‍ പറിച്ചുനടും. ഇതിനായി പ്രത്യേക സബ്‌സിഡി പദ്ധതി 2020 -ലെ അനുബന്ധ ബജറ്റില്‍ ജപ്പാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനും ചൈനയും തമ്മിലെ ബന്ധം വഷളായി. ഫെബ്രുവരിക്ക് ശേഷം ചൈനയില്‍ നിന്നുള്ള ഉത്പാദനവും ഇറക്കുമതിയും പകുതിയിലേറെയാണ് ഇടിഞ്ഞത്. ഇതോടെ ചൈനയെ മാത്രം ആശ്രയിച്ച ഒട്ടുമിക്ക ജാപ്പനീസ് കമ്പനികളും പ്രതിസന്ധിയിലായി.

ആഗോള ഉത്പാദനം

നിലവില്‍ ചൈനയില്‍ നിന്നും നിര്‍മ്മാണശാലകള്‍ മാറ്റാനുള്ള ആലോചനയിലാണ് ബഹുഭൂരിപക്ഷം ആഗോള കമ്പനികളും. ചൈനയ്ക്ക് പകരം ഇവര്‍ പരിഗണിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലുണ്ടുതാനും. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 1990 കാലത്ത് ആഗോള ഉത്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമായിരുന്നു ചൈനയില്‍ നടന്നിരുന്നത്. എന്നാല്‍ 2018 ആയപ്പോഴേക്കും ചൈനയില്‍ നിന്നുള്ള ആഗോള ഉത്പാദനം 28 ശതമാനം കടന്നു. ഇതേ കാലത്ത് ഇന്ത്യയുടെ സംഭാവനയാകട്ടെ കേവലം മൂന്ന് ശതമാനവും.

മത്സരം

എന്തായാലും ഇപ്പോള്‍ ഇന്ത്യ മാത്രമല്ല ഉത്പാദന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കാത്തിരിക്കുന്നത്. ചൈനയ്ക്ക് പകരക്കാരെ തേടുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി രംഗത്തുണ്ട്.
കുറഞ്ഞ ഉത്പാദന ചിലവാണ് മലേഷ്യയുടെ മുതല്‍ക്കൂട്ട്. എന്നാല്‍ കുറഞ്ഞ ഉത്പാദനക്ഷമതയും മാനവവിഭവശേഷിയും മലേഷ്യയ്ക്ക് തിരിച്ചടിയാകുന്നു. ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ പരിഗണന പ്രഖ്യാപിച്ചാണ് ഇന്തോനേഷ്യ മത്സരത്തില്‍ പിടിമുറുക്കുന്നത്. ഇന്തോനേഷ്യയുടെ മൊത്തം ജിഡിപി ചിത്രവും ഇക്കാര്യം വിളിച്ചുപറയുന്നു.

കടമ്പകൾ

ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളും താഴ്ന്ന കോര്‍പ്പറേറ്റ് നികുതിഘടനയും തായ്‌ലാന്‍ഡിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നുണ്ട്. വിയറ്റ്‌നാമിന്റെ കാര്യമെടുത്താല്‍, കഴിഞ്ഞ പതിറ്റാണ്ടുകൊണ്ട് മൊത്തം ഉത്പാദനക്ഷമത 50 ശതമാനത്തോളം ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവമാണ് ഇന്ത്യയ്ക്കുള്ള പ്രധാന തലവേദന. വിദേശ കമ്പനികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ഒപ്പം രാജ്യത്തെ ഉയര്‍ന്ന ഇറക്കുമതി തീരുവയും തടസ്സം നില്‍ക്കുന്നു. എന്തായാലും ചൈനയുടെ അപ്രമാദിത്വം കുറയ്ക്കാന്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഈ അഞ്ച് രാജ്യങ്ങള്‍ക്ക് സംയുക്തമായി സാധിക്കുമെന്നാണ് പൊതുവിലയിരുത്തല്‍.

 

Read more about: india china
English summary

2 Japan Companies To Shift Manufacturing Bases From China To India

2 Japan Companies To Shift Manufacturing Bases From China To India. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X