ദില്ലി: രാജ്യത്ത് അടുത്തിടെയായി വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുന്ന തിരക്കിലാണ്. മോശം കാലാവസ്ഥ, പ്രാദേശിക പ്രശ്‌നങ്ങള്‍, പൈലറ്റുമാരുടെ അഭാവം, സാങ്കേതിക തകരാറുകള്‍ തുടങ്ങി വിവിധ കാരണങ്ങള്‍ പറഞ്ഞാണിത്. പലപ്പോഴും അവസാന നിമിഷത്തിലാണ് ഫ്‌ളൈറ്റ് കാന്‍സല്‍ ചെയ്തതായി വിവരം ലഭിക്കുന്നത്. ഇത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല.
ഇന്ത്യയില്‍ ഇന്‍ഡിഗോയും ജെറ്റ് എയര്‍വെയ്‌സുമാണ് ഇക്കാര്യത്തില്‍ മുന്നില്‍. മാര്‍ച്ച് അവസാനം വരെ ഓരോ ദിവസവും ശരാശരി 30 സര്‍വീസുകളെങ്കിലും കാന്‍സല്‍ ചെയ്യുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 130 വിമാനങ്ങളാണ് പൊടുന്നനെ കാന്‍സല്‍ ചെയ്തത്. ഫെബ്രുവരി ആദ്യവാരം 15 ഫ്‌ളൈറ്റുകള്‍ കാന്‍സല്‍ ചെയ്തുകൊണ്ടായിരുന്നു ജെറ്റ് എയര്‍വെയ്‌സിന്റെ തുടക്കം. ഇതിനൊക്കെ പുറമെ, റണ്‍വേ റിപ്പയര്‍ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് 30 വരെയുള്ള സര്‍വീസുകളും കാന്‍സല്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതിലൂടെ വിമാനക്കമ്പനികള്‍ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍വീസ് കാന്‍സല്‍ ചെയ്യുന്ന പക്ഷം മറ്റൊരു വിമാനത്തില്‍ അധിക ചാര്‍ജൊന്നും ഈടാക്കാതെ യാത്രക്കാരെ അയക്കുകയോ ടിക്കറ്റ് തുക പൂര്‍ണമായും റീഫണ്ട് ചെയ്യുകയോ വേണമെന്നാണ് ചട്ടം. എന്നാല്‍ മുടങ്ങിയ യാത്രയ്ക്ക് പകരം മണിക്കൂറുള്‍ കഴിഞ്ഞ് അസമയത്തുള്ള ഏതെങ്കിലും വിമാനത്തിലായിരിക്കും പകരം യാത്ര അനുവദിക്കുക. അസൗകര്യം കണക്കിലെടുത്ത് പലരും മറ്റേതെങ്കിലും വിമാനത്തില്‍ യാത്ര തരപ്പെടുത്തും. വലിയ ടിക്കറ്റ് വിലയായിരിക്കും പലപ്പോഴും ഇതിന് നല്‍കേണ്ടിവരിക. വിമാനക്കമ്പനികള്‍ക്ക് കൊള്ളലാഭത്തിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
അല്ലെങ്കില്‍ സംഭവിക്കുക നാം ബുക്ക് ചെയ്ത ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റില്‍ യാത്ര ചെയ്യേണ്ടിവരികയാവും. ഉദാഹരണമായി തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് രാവിലെ 9 മണിക്കുള്ള ഫ്‌ളൈറ്റിന് 3000 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്ത വിമാനം തലേന്ന് കാന്‍സല്‍ ചെയ്ത് രാവിലെ അഞ്ചു മണിക്കുള്ള വിമാനത്തില്‍ പകരം യാത്ര അനുവദിച്ചുവെന്നു കരുതുക. പുലര്‍ച്ചെ അഞ്ച് മണിക്കുള്ള ടിക്കറ്റിന് 2000 രൂപയാവും ചാര്‍ജ്. അതായത് ടിക്കറ്റിന് 1000 രൂപ കൂടുതല്‍ നല്‍കിയിട്ടാണ് നിങ്ങള്‍ യാത്ര ചെയ്യുന്നത്.

റൗണ്ട് ട്രിപ്പിനുള്ള ടിക്കറ്റ് എടുത്ത യാത്രക്കാരില്‍ നിന്ന് മടക്ക യാത്ര കാന്‍സല്‍ ചെയ്ത് ചെറിയ തുക മാത്രം റീഫണ്ട് ചെയ്തു നല്‍കുന്ന രീതിയും ചില എയര്‍ലൈനുകള്‍ അനുവര്‍ത്തിക്കാറുണ്ട്. യാത്രക്കാര്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ പിഴ ഈടാക്കുന്നതു പോലെ വിമാന കമ്പനികള്‍ സര്‍വീസുകള്‍ കാന്‍സല്‍ ചെയ്താല്‍ യാത്രക്കാര്‍ക്ക് പിഴ നല്‍കണമെന്ന വ്യവസ്ഥ വരണമെന്ന ആവശ്യം പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്നിട്ടുണ്ട്.


Click it and Unblock the Notifications