ഒക്ടോബർ 2 മുതൽ രാജ്യവ്യാപകമായി പ്ലാസ്റ്റിക് ബാഗുകൾ, കപ്പുകൾ, സ്ട്രോ തുടങ്ങി ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ നഗരങ്ങളിൽ നിന്നും ഗ്രാമ പ്രദേശങ്ങളിൽ നിന്നും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം നടപ്പിലാക്കുന്നത്.
ഗാന്ധി ജയന്തി ദിനം
2022 ഓടെ ഇത്തരം പ്ലാസ്റ്റിക്കുകൾ പൂർണമായും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ രണ്ടിനാണ് ആറ് പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചുകൊണ്ട് പ്രചരണം ആരംഭിക്കുക. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
നിരോധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ
താഴെ പറയുന്ന വസ്തുക്കളാണ് രാജ്യത്ത് നിരോധിക്കാൻ ഒരുങ്ങുന്നത്. ഇവയുടെ നിർമ്മാണം, ഉപയോഗം, ഇറക്കുമതി എന്നിവയും തടയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
- പ്ലാസ്റ്റിക് ബാഗുകൾ
- കപ്പുകൾ
- പ്ലേറ്റുകൾ
- ചെറിയ കുപ്പികൾ
- സ്ട്രോ
- ചില തരം സാഷെകൾ
മന്ത്രാലയങ്ങളുടെ പ്രതികരണം
ഇക്കാര്യം സംബന്ധിച്ച് പരിസ്ഥിതി, ഭവന മന്ത്രാലയങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഓഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇന്ത്യയെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിൽ നിന്ന് മോചിപ്പിക്കുന്നതിനായി ഒക്ടോബർ 2 ന് "ആദ്യത്തെ വലിയ ചുവടുവെപ്പ്" നടത്തുമെന്ന് മോദി പറഞ്ഞിരുന്നു. പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ലോകമെമ്പാടും ആശങ്കകൾ വർദ്ധിച്ചു വരികയാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളിൽ 50 ശതമാനവും നിക്ഷേപിക്കുന്നത് കടലുകളിലാണ്.
മറ്റ് രാജ്യങ്ങളിലെ നിരോധനം
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളായ സ്ട്രോ, ഫോർക്ക്, കത്തി എന്നിവ 2021 ഓടെ നിരോധിക്കാൻ യൂറോപ്യൻ യൂണിയനും പദ്ധതിയിട്ടിട്ടുണ്ട്. ചൈനയുടെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായ് ക്രമേണ കാറ്ററിംഗിൽ ഒറ്റ ഉപയോഗ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറച്ചു വരികയാമെന്നും 2025 ഓടെ സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് പൂർണ്ണമായും ഇല്ലാതാക്കുമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.
പിഴ
നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പ്രാഥമിക പദ്ധതി നടപ്പിലാക്കി ആറു മാസത്തിനുശേഷം പ്രാബല്യത്തിൽ വരുമെന്നും ആളുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ സമയം അനുവദിക്കുമെന്നും അധികൃതർ പറഞ്ഞു. ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ പോളിത്തീൻ ബാഗുകൾ നിരോധിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് കമ്പനികളോട് പാക്കേജിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടും. ഇതോടെ ഇന്ത്യയുടെ വാർഷിക പ്ലാസ്റ്റിക് ഉപഭോഗത്തിന്റെ 40% വരെ കുറയ്ക്കാനാകും.
malayalam.goodreturns.in


Click it and Unblock the Notifications