അരവിന്ദ് സ്വാമി എന്ന പേര് കേൾക്കാത്ത സിനിമാപ്രേമികൾ ഇല്ല. സൗത്ത് ഇന്ത്യൻ സിനിമകളിൽ വേറിട്ട അഭിനയ ശൈലിയിലൂടെ തിളങ്ങുന്ന അഭിനേതാവാണ് അരവിന്ദ് സ്വാമി. 1991 മുതൽ സിനിമകളിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട അരവിന്ദ് സ്വാമി അഭിനയത്തിനൊപ്പം ബിസിനസ് മേഖലയിലും സൂപ്പറാണ്. അഭിനയത്തിൽ നിന്നും ഇടക്ക് ഇടവേളയെടുത്ത് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് അദ്ദേഹം മടങ്ങി വന്നിരിക്കുന്നു.
അരവിന്ദ് സ്വാമിയുടെ സിനിമാ ജീവിതം
വ്യവസായ പ്രമുഖനായ വി.ഡി സ്വാമിയുടെയും ഭരതനാട്യം നർത്തകി വസന്തയുടെയും മകനായി 1970ലാണ് അരവിന്ദ് സ്വാമി ജനിച്ചത്. ഡോക്ടറാവണം എന്ന് ആഗ്രഹിച്ചെങ്കിലും സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തി. 1991 ൽ സംവിധായകൻ മണിരത്‌നം ഒരു പരസ്യ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമിയെ കണ്ടെത്തിയത്. അങ്ങനെയാണ് രജനീകാന്തിനും മമ്മൂട്ടിക്കുമൊപ്പം ദളപതി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തിച്ചത്.
പിന്നീട് മണിരത്നത്തിൻ്റെ സംവിധാനത്തിലൂടെ നായകനായി റോജ (1992), ബോംബെ (1995) എന്നീ സിനിമകളിലെത്തി. ഇത് അരവിന്ദ് സ്വാമി എന്ന നടനെ പാൻ ഇന്ത്യൻ ലെവലിലേക്ക് വളരാൻ ഇടയാക്കി. സ്ഥിരമായി കണ്ടു മറന്ന നായകൻമാരെ അപേക്ഷിച്ച് അരവിന്ദ് സ്വാമിയുടെ കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നു. തമിഴിനു പുറമേ മലയാളം, തെലുഗു, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1998-ൽ പ്രിയദർശൻ സംവിധാനം ചെയ്‌ത സാത് രംഗ് കേ സപ്‌നേ എന്ന ഹിന്ദി സിനിമയിൽ ജൂഹി ചൗളയ്‌ക്കൊപ്പം അഭിനയിച്ചായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ചിത്രം ബോക്‌സ് ഓഫീസിൽ തകർന്നെങ്കിലും അരവിന്ദ് സ്വാമിയ്ക്ക് ആരാധകർ വർദ്ധിച്ചു. പക്ഷേ അപ്രതീക്ഷിതമായി 2000ൽ അദ്ദേഹത്തിന്റെ സിനിമാ കരിയർ അവസാനിച്ചു.

സിനിമയിൽ നിന്ന് ബിസിനസിലേക്ക്
2000ൽ അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത അരവിന്ദ് സ്വാമി ബിസിനസ് ലോകത്തേക്ക് ചേക്കേറി. ചെന്നൈയിലെ ലയോള കോളേജിൽ കൊമേഴ്‌സും നോർത്ത് കരോലിനയിലെ വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷനും പഠിച്ച അദ്ദേഹം, പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് പ്രവർത്തിക്കാൻ തുടങ്ങി. വി.ഡി. സ്വാമി ആൻഡ് കമ്പനി എന്ന കമ്പനി സ്റ്റീൽ കയറ്റുമതിയിൽ പേരു കേട്ടതായിരുന്നു. ബിസിനസ് പശ്ചാത്തലമുള്ള അരവിന്ദിന് ഇതൊരു വലിയ പ്രതിസന്ധിയായിരുന്നില്ല.
2003-ൽ അരവിന്ദ് സ്വാമി, പേറോൾ പ്രോസസ്സിംഗ് കമ്പനിയായ പ്രോ-ലീസ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. 2005ൽ അദ്ദേഹം സ്വതന്ത്രമായി ബിസിനസ് ചെയ്യാൻ ആരംഭിച്ചു. അതിന്റെ ഭാഗമായി പേറോൾ പ്രോസസ്സിംഗിൽ സ്പെഷ്യലൈസ് ചെയ്ത ടാലൻ്റ് മാക്സിമസ് എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു.
ഇതോടെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ടാലൻ്റ് മാക്സിമസ് എന്ന കമ്പനി വളരാൻ തുടങ്ങി. 2022 എത്തിയപ്പോഴേക്കും കമ്പനിയുടെ വരുമാനം 3300 കോടി രൂപയിൽ (418 ദശലക്ഷം ഡോളർ) എത്തി. സിനിമയിൽ മാത്രമല്ല ബിസനസിലും അദ്ദേഹം ഒരു സ്റ്റാർ തന്നെയെന്ന് തെളിയിച്ചു.
സിനിമയിലേക്കുള്ള തിരിച്ചുവരവ്
സിനിമയിൽ വിട്ടു നിന്നപ്പോൾ ഇദ്ദേഹത്തിന് നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു, ഇത് ഭാഗിക പക്ഷാഘാതത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നിട്ടും അതിനോട് പോരാടി ജയിച്ച ശേഷമാണ് 2013ൽ മണിരത്നത്തിൻ്റെ കടൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവന്നത്. പിന്നീട് തനി ഒരുവൻ , ധ്രുവ , ചെക്ക ചിവന്ത വാനം , തലൈവി തുടങ്ങിയയ ചിത്രങ്ങളിലൂടെ അൽഭുതകരമായ അഭിനയം കാഴ്ച വെച്ചു. അവസാനം റിലീസ് ചെയ്തത് മെയ്യഴകൻ എന്ന ഫീൽ ഗുഡ് ചിത്രമാണ്.
ഒരു പ്രശസ്ത സംവിധായകന്റെ സിനിമയിലൂടെ അഭിനയത്തിലെത്തി, പിന്നീട് ബിസിനസ് മേഖലയിലേക്കും ട്രാക്ക് മാറ്റിയ അരവിന്ദ് സ്വാമി രണ്ട് മേഖലയിലും വിജയിച്ചു. ശാരീരികമായി തളർന്നിട്ടും ആത്മവിശ്വാസത്തിലൂടെ ബിസിനസിലൂടെ കോടികൾ സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇത് ഏതൊരു വ്യക്തിയേയും പ്രചോദിപ്പിക്കുന്ന അരവിന്ദ് സ്വാമിയുടെ ജീവിത കഥയാണ്.


Click it and Unblock the Notifications