രാജ്യത്തെ ഐടി നഗരമെന്നാണ് ബെംഗളൂരു അറിയപ്പെടുന്നത്. അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന നഗരം. നിലവിൽ ബെംഗളൂരു നഗരത്തിന്‍റെ ഏറ്റവും വിലയ തലവേദന മണിക്കൂറുകളോളം നീണ്ട് നിൽക്കുന്ന ഗതാഗത കുരുക്കാണ്. ഏത് റോഡിലൂടെ സഞ്ചരിച്ചാലും ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണം. അതുകൊണ്ടുതന്നെ ഗതാഗത സംവിധാനത്തിൽ വലിയ പദ്ധതികളാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബെംഗളൂരുവിനെ ചെന്നൈയുമായും ഹൈദരാബാദുമായും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതി.
ചെന്നൈ ടു ബെംഗളൂരു - 1 മണിക്കൂർ
ഈ വർഷത്തെ കേന്ദ്ര ബജറ്റിലാണ് അതിവേഗ റെയിൽ പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മണിക്കൂറും 13 മിനിറ്റും (73 മിനിറ്റ്) കൊണ്ട് ബെംഗളൂരു - ചെന്നൈ യാത്രാസമയം കുറയും എന്നതാണ് പദ്ധതിയുടെ ഏറ്റവും വിലയ നേട്ടം. ഇരു നഗരങ്ങൾക്കിടയിലെ ഗതാഗതം, വ്യാപാരം, സാമ്പത്തിക ബന്ധങ്ങൾ എന്നിവ പദ്ധതിയിലൂടെ വർധിക്കും. നിലവിൽ ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് ട്രെയിൻ മാർഗം നാല് മണിക്കൂറിലധികവും കാർ മാർഗം ഏഴ് മണിക്കൂറിലധികവും സമയം വേണ്ടിവരുന്നുണ്ട്. ഇതാണ് അതിവേഗ റെയിലിലൂടെ 73 മിനിറ്റായി കുറയുക.
നഗരത്തിന്‍റെ മുഖം മാറും
പദ്ധതി ബെംഗളൂരു നഗരത്തിന്‍റെ മുഖഛായ തന്നെ മാറ്റുമെന്നാണ് ജപ്പാനിലെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയത്തിന്‍റെ (METI) ഡയറക്ടർ വതനാബെ ഇക്കോ പറയുന്നത്. അതിവേഗ റെയിൽ പദ്ധതിയെ അദ്ദേഹം ടോക്കിയോ-നഗോയ ബുള്ളറ്റ് ട്രെയിനുമായി താരതമ്യം ചെയ്തു. ടോക്കിയോ-നഗോയ ബുള്ളറ്റ് ട്രെയിൻ വന്നതോടെ യാത്ര സമയം ഏഴ് മണിക്കൂറിൽ നിന്ന് ഒന്നര മണിക്കൂറായി കുറഞ്ഞു. ഇത് ബിസിനസ് ഇടപാടുകൾ വർദ്ധിപ്പിച്ചു. ടൊയോട്ട പോലുള്ള കമ്പനികൾക്ക് ടോക്കിയോ വിപണികളിൽ എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയും - അതുപോലെ, ബെംഗളൂരു ആസ്ഥാനമായുള്ള ബിസിനസുകൾക്ക് പ്രയോജനം ലഭിക്കും," - വതനാബെ ഇക്കോ പറഞ്ഞു. ജപ്പാൻ-ഇന്ത്യ മൊബിലിറ്റി ഉച്ചകോടി 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദഹം.

നമ്മ മെട്രോ രണ്ടാം ഘട്ടത്തിനായി ജപ്പാൻ ഇതിനകം തന്നെ വായ്പകൾ വഴി ബെംഗളൂരുവിനെ പിന്തുണച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഗതാഗതാധിഷ്ഠിത വികസനത്തിനും മൾട്ടിമോഡൽ കണക്റ്റിവിറ്റിക്കും നേട്ടമാകും. സംയോജിത യാത്രാ ആസൂത്രണം, ഏകീകൃത ടിക്കറ്റിംഗ്, ഡാറ്റാധിഷ്ഠിത മാനേജ്മെന്റ് എന്നിവ ഗതാഗത രീതികളിലുടനീളം വിശ്വാസ്യത മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും വതനാബെ പറഞ്ഞു. അടുത്ത തലമുറ മൊബിലിറ്റി സൊല്യൂഷനുകൾ ത്വരിതപ്പെടുത്തുന്നതിന് കർണാടകയ്ക്ക് ജാപ്പനീസ് വ്യവസായവുമായുള്ള ഇടപെടൽ കൂടുതൽ ആഴത്തിലാക്കാൻ കഴിയുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു - ഹൈദരാബാദ് അതിവേഗ റെയിൽ
2 മണിക്കൂറിനുള്ളിൽ ബെംഗളൂരിവിൽ നിന്നും ഹൈദരാബാദിലെത്താൻ കഴിയുന്ന രീതിയിലാണ് ബെംഗളൂരു - ഹൈദരാബാദ് അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇരു ഐടി നഗരങ്ങളും തമ്മിലുള്ള ദൂരം കുറയുന്നതോടെ ബിസിനസ് സാധ്യതകൾ വൻതോതിൽ ഉയരുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്ന് ഏറ്റവും വേഗത കൂടിയ ട്രെയിനിൽ പോയാലും എട്ടര മണിക്കൂറെടുക്കും ഹൈദരാബാദിലെത്താൻ. ചില ട്രെയിനുകൾ 19 മണിക്കൂർ വരെയെടുക്കും. വന്ദേ ഭാരത് ട്രെയിൻ എടുക്കുന്നത് എട്ടേകാൽ മണിക്കൂറാണ്. വിമാനത്തിൽ പോകുകയാണെങ്കിൽ യാത്രാസമയം 1.15 മണിക്കൂറാണ്.
എന്തായാലും രണ്ട് അതിവേഗ റെയിൽ പദ്ധതികളും പൂർത്തിയാകുന്നതോടെ ബെംഗളൂരു നഗരത്തിന്‍റെ മുഖഛായ തന്നെ മാറും എന്ന കാര്യം ഉറപ്പാണ്. കൂടുതൽ വികസനങ്ങൾ നഗരത്തിലേക്കെത്തും. അതോടൊപ്പം തന്നെ ഗതാഗത പ്രശ്നങ്ങൾക്കും ഒരുപരിധിവരെ പരിഹാരം കണ്ടെത്താനാകും.


Click it and Unblock the Notifications