ലോകം മുഴുവന്‍ ഇപ്പോള്‍ ബിറ്റ്‌കോയിന്റെ പിന്നാലെയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബിറ്റ്‌കോയിന്റെ മൂല്യം 400 ശതമാനം വര്‍ധിച്ചിരിക്കുന്നു. ടെസ്‌ല അടക്കമുള്ള ഒരുപിടി പ്രമുഖ കമ്പനികള്‍ ബിറ്റ്‌കോയിന്‍ അംഗീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. 1.5 ബില്യണ്‍ ഡോളറിന്റെ ബിറ്റ്‌കോയിനുകളാണ് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല വാങ്ങിയിരിക്കുന്നത്. വൈകാതെ ബിറ്റ്‌കോയിന്‍ കൊടുത്ത് കാര്‍ വാങ്ങാനുള്ള സൗകര്യവും ടെസ്‌ല ഒരുക്കും.
ഇതെല്ലാം ശരി തന്നെ. എന്നാല്‍ ലോകത്തെ മൂന്നാമത്തെ അതിസമ്പന്നനായ ബില്‍ ഗേറ്റ്‌സിന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ബിറ്റ്‌കോയിന്‍ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കും. മുഖ്യധാരാ നിക്ഷേപകര്‍ ബിറ്റ്‌കോയിനിലേക്ക് ശ്രദ്ധ തിരിക്കരുതെന്നാണ് ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നത്.
'ഇലോണ്‍ മസ്‌കിന് ധാരാളം പണമുണ്ട്. അതുകൊണ്ട് ബിറ്റ്‌കോയിന്റെ വില കൂടിയാലും കുറഞ്ഞാലും അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. എന്നാല്‍ മസ്‌കിനെ കണ്ടുകൊണ്ട് സാധാരണക്കാരായ ഒരുപാടു ആളുകള്‍ ബിറ്റ്‌കോയിനില്‍ പണമിറക്കുകയാണ്. ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തും. ഇലോണ്‍ മസ്‌കിന്റെയത്ര പണമില്ലാത്തവര്‍ ബിറ്റ്‌കോയിനില്‍ പണവും ഊര്‍ജ്ജവും ചിലവഴിക്കരുത്', ബ്ലൂംബര്‍ഗിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
പറഞ്ഞുവരുമ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മസ്‌ക് നടത്തുന്ന ഓരോ പരാമര്‍ശവും ബിറ്റ്‌കോയിന്റെ പ്രചാരത്തെ സ്വാധീനിക്കുന്നുണ്ട്. 189.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്‌കിന്റെ ഓരോ ട്വീറ്റും ബിറ്റ്‌കോയിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ഈ മാസം ടെസ്‌ല നടത്തിയ നിക്ഷേപം പുറത്തുവന്നതോടെ ബിറ്റ്‌കോയിന്റെ മൂല്യം 76 ശതമാനമാണ് കുതിച്ചുയര്‍ന്നത്. ഇതേസമയം, ബിറ്റ്‌കോയിന്‍ വില 58,000 ഡോളര്‍ പിന്നിട്ട സമയത്ത് മസ്‌ക് നടത്തിയ പരാമര്‍ശം ക്രിപ്‌റ്റോകറന്‍സിയുടെ വീഴ്ച്ചയ്ക്കും ആധാരമായി. ബിറ്റ്‌കോയിനും ഈഥറിനും വില കൂടുതലെന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. പിന്നാലെ ബിറ്റ്‌കോയിന്റെ മൂല്യം 13 ശതമാനത്തോളം ഇടിഞ്ഞു. വെള്ളിയാഴ്ച്ച 46,000 നിലവാരത്തിലാണ് ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തുന്നത്.
നേരത്തെ, ഓഹരി നിക്ഷേപങ്ങളിലൂടെ അതിസമ്പന്നനായി മാറിയ വാരന്‍ ബഫെറ്റും ബിറ്റ്‌കോയിനിലുള്ള അതൃപ്തി വെളിപ്പെടുത്തിയിരുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് മൂല്യമില്ല. അവ ഒന്നും പുതുതായി സൃഷ്ടിക്കുന്നില്ലെന്ന് ബഫെറ്റ് സൂചിപ്പിക്കുകയുണ്ടായി. ഇതേസമയം, സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ലോകത്തെ പ്രമുഖ കമ്പനികളെല്ലാം ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്നത് കാണാം. പെയ്പാല്‍ ഹോള്‍ഡിങ്‌സ് ഇന്‍കോര്‍പ്പറേഷന്‍, വിസാ ഇന്‍കോര്‍പ്പറേഷന്‍, മാസ്റ്റര്‍കാര്‍ഡ് ഇന്‍കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയതോടെ ക്രിപ്‌റ്റോകറന്‍സിയിലുള്ള ആളുകളുടെ വിശ്വാസം വര്‍ധിച്ചു.
ഇതേസമയം, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനുള്ള ഒരുക്കത്തിലാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ ഡിജിറ്റല്‍ കറന്‍സിക്ക് കേന്ദ്രം വൈകാതെ അംഗീകാരം നല്‍കും.