ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സാമ്പത്തിക രംഗം മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെ നോക്കി കാണുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ബജറ്റ് ഏതൊക്കെ തരത്തിൽ സ്വാധീനമുണ്ടാക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം. 2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് ജൂലൈ 23നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. മുതിർന്ന പൗരന്മാർ, പ്രത്യേകിച്ച്, അവരുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്. അത്തരത്തിൽ മുതിർന്ന പൗരന്മാർ കാത്തിരിക്കുന്ന അവർക്ക് ആശ്വസമായേക്കാവുന്ന മൂന്ന് സുപ്രധാന പ്രഖ്യാപനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ദീർഘകാല മൂലധന നേട്ടങ്ങളുടെ നികുതി ഇളവിലെ വർധനവ്
മുതിർന്ന പൗരന്മാർക്ക് ദീർഘകാല മൂലധന നേട്ട ഇളവ് വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനെ ഏറെ പ്രതീക്ഷയോടെയാണ് മുതിർന്ന പൗരന്മാർ നോക്കി കാണുന്നത്. നിലവിൽ ഒരു ലക്ഷം രൂപയാണ്, ഇത് കുറഞ്ഞത് 2 ലക്ഷം രൂപയായി ഉയർത്തുന്ന കാര്യം സർക്കാർ ആലോചനയിലുണ്ട്. ഇത് അവർക്ക് മെച്ചപ്പെട്ട സാമ്പത്തിക വഴക്കവും മൂലധന നേട്ടങ്ങളിൽ കൂടുതൽ നികുതി ഇളവും നൽകുകയും സാമ്പത്തിക വിപണികളിൽ സുസ്ഥിരമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വീട്ടുവാടകയിൽ നികുതി ഇളവ്
സ്ഥിരമായി പെൻഷൻ ലഭിക്കാത്ത പ്രായമായ വ്യക്തികൾക്ക് വീട്ടുവാടകയിൽ നികുതിയിളവ് നൽകാനുള്ള വ്യവസ്ഥയുണ്ടാകുമെന്നതും കേന്ദ്ര ബജറ്റിലെ പ്രതീക്ഷയാണ്. വാടകയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കിഴിവുകൾ
മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ കിഴിവുകൾ വർധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിലവിലെ പരിധിയായ 50,000 രൂപ കുറഞ്ഞത് ഒരു ലക്ഷമായി ഉയർത്തിയേക്കാമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ ലഘൂകരിക്കാനും മുതിർന്നവർക്കുള്ള മെഡിക്കൽ പരിചരണത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും ഈ ക്രമീകരണം ലക്ഷ്യമിടുന്നു.
ഇത്തരത്തിൽ നിരവധിയായ പ്രതീക്ഷകളാണ് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ സാധാരണക്കാരനുള്ളത്. പൊതുതിരഞ്ഞെടുപ്പിന് മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ലായെന്നതുകൊണ്ട് തന്നെ ഇത്തവണ പ്രതീക്ഷയുടെ ഭാരം വർധിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയ സാഹചര്യത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ദരിദ്രർക്കും ഇടത്തരക്കാർക്കും ആശ്വാസം നൽകാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications