ക്രിസ്മസ് എത്തിയതോടെ കേരളത്തിലെ വിപണി ഉഷാറാണ്. കേക്ക്, നക്ഷത്രം, വസ്ത്രം തുടങ്ങിയ വിപണികളില്ലാം വലിയ തിരക്കാണ്. ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ ക്രീം കേക്കുകൾക്ക് ഇനി കുറച്ച് ദിവസം വിശ്രമിക്കാം. ന്യൂ ഇയർ കഴിയുന്നതുവരെ ഇനി പ്ലം കേക്കുകളുടെ കാലമാണ്. അതോടൊപ്പം നക്ഷത്ര വിപണിയിൽ ഇത്തവണയും എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും.
ഇനി പ്ലം കേക്കുകളുടെ കാലം
എല്ലാ ക്രിസ്‌മസിനും തീൻ മേശയിൽ ഇടം പിടിക്കുന്ന ഒന്നാണ് പ്ലം കേക്ക്. പ്ലം കേക്കുകൾ തന്നെ പലതരമുണ്ട്. എക്സോട്ടിക് പ്ലം, ഫ്രൂട്ട് ആൻഡ് നട്ട്, റിച്ച് ഫ്രൂട്ട് തുടങ്ങി അനേകം വെറൈറ്റികൾ. ഡ്രൈ ഫ്രൂട്സ് പഴച്ചാറിലോ മദ്യത്തിലോ ഒരു വർഷം വരെ കുതിർത്തുവച്ചാണ് പ്ലം കേക്കുകളുണ്ടാക്കുന്നത്. ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ടിന്നിൽ വരുന്ന പ്രീമിയം കേക്കുകൾക്കാണ് ഇത്തവണ ഡിമാൻഡ് കൂടുതൽ.
കേക്കിന്റെ ജിഎസ്ടി (GST) 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതോടെ ഇത്തവണ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. കിലോയ്ക്ക് ഏകദേശം 40 രൂപയോളമാണ് കുറഞ്ഞത്. 400 രൂപ മുതൽ 2500 രൂപ വരെയാണ് ഇപ്പോൾ പ്ലം കേക്കുകളുടെ വില. വില കുറഞ്ഞെങ്കിലും വിൽപ്പന വലിയ രീതിയിൽ കൂടിയിട്ടില്ലെന്നാണ് കേക്ക് നിർമ്മിക്കുന്നവർ പറയുന്നത്. " കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പ്ലം കേക്ക് വിൽപ്പനയിൽ നേരിയ കുറവുണ്ട്. അതിന്‍റെ കൃത്യമായ കാരണം അറിയില്ല. " കേക്ക്ഡ് ബൈ പാർവ്വതി ഉടമ പാർവ്വതി രവികുമാർ പറയുന്നു.

മിന്നിത്തിളങ്ങി നക്ഷത്രം
ക്രിസ്മസ് എന്നാൽ നക്ഷത്രം കൂടിയാണ്. മിന്നിത്തെളിയുന്ന എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. 120 രൂപ മുതൽ 1,200 രൂപ വരെയാണ് ഇതിന്റെ വില. കടലാസ് നക്ഷത്രങ്ങളോടും ആളുകൾക്ക് പ്രിയമുണ്ടെന്ന് കൊച്ചിയിൽ കട നടത്തുന്ന സന്തോഷ് പറയുന്നു. കടലാസ് നക്ഷത്രങ്ങൾക്കു 100 രൂപ മുതൽ 500 രൂപ വരെയാണ് വില. അതോടൊപ്പം റെഡിമെയ്ഡ് പുൽക്കൂട്, അലങ്കാര ദീപങ്ങൾ എന്നിവയുടേയും കച്ചവടവും പൊടി പൊടിക്കുകയാണ്. ക്രിസ്മസ് പാപ്പ തൊപ്പികൾ, അലങ്കാര ലൈറ്റുകൾ, വിവിധതരം പുൽക്കൂടുകൾ, അലങ്കാര മാലകൾ, തുടങ്ങിയവയടക്കം ക്രിസ്മസ് വിപണി സജീവമാണ്.
ഗിഫ്റ്റ് ഐറ്റങ്ങൾ, കാൻഡിൽസ്, ക്രിസ്തുമസ് കാർഡുകൾ എന്നിവയ്ക്കെല്ലാം മികച്ച ആവശ്യമാണ്. പ്രത്യേകിച്ച് കൈത്തറി ഉൽപ്പന്നങ്ങളും ഹാൻഡ്മെയ്ഡ് ഗിഫ്റ്റുകളും ഉപഭോക്താക്കളുടെ ശ്രദ്ധ നേടുന്നുണ്ട്. ഗിഫ്റ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെറിയ യൂണിറ്റുകൾക്കും കുടുംബശ്രീ സംരംഭങ്ങൾക്കും ഈ സീസൺ പ്രധാന വരുമാന കാലമാണ്.

ഇവന്റ് ഗ്രൂപ്പുകളും ഹാപ്പി
ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾക്കും ക്രിസ്തുമസ് സീസൺ തിരക്കേറിയ ദിവസങ്ങളാണ് നൽകുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ക്രിസ്തുമസ് അലങ്കാരങ്ങൾ, കേക്ക് കട്ടിംഗ് ചടങ്ങുകൾ, കാരൾ നൈറ്റുകൾ, ഓഫീസ് ആഘോഷങ്ങൾ തുടങ്ങിയവയുടെ സംഘാടന ചുമതല ഇവർ ഏറ്റെടുക്കുന്നു. ചെറുതും ബജറ്റ് ഫ്രണ്ട്ലിയുമായ പാക്കേജുകൾക്ക് ആവശ്യകത വർധിച്ചതായും ഇവന്റ് മാനേജർമാർ പറയുന്നു. വലിയ ചെലവുകൾ ഒഴിവാക്കി ലളിതമായെങ്കിലും ആകർഷകമായ ആഘോഷങ്ങൾക്കാണ് പലരും മുൻഗണന നൽകുന്നതെന്ന് ഓൾ ഇൻ വൻ ഇവന്‍റ് ഗ്രൂപ്പ് ഉടമ വിഷ്ണു ഗുഡ്റിട്ടേൺസ് മലയാളത്തോട് പറഞ്ഞു.
വിലക്കയറ്റം ചില വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾ ഉത്സവകാല ചെലവുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണ്. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചെങ്കിലും, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഉൽപ്പന്നങ്ങൾ നൽകാൻ ശ്രമിക്കുന്നവർക്ക് മികച്ച സമയമാണ് ക്രിസ്മസ് എന്നും വിഷ്ണു കൂട്ടിച്ചേർത്തു.


Click it and Unblock the Notifications