സാമ്പത്തിക സര്‍വേ 2026: സാമ്പത്തിക വര്‍ഷം 2027 ല്‍ രാജ്യം 7.2 ശതമാനം വളര്‍ച്ച നിലനിര്‍ത്തും-പ്രധാന വിവരങ്ങള്‍
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2026 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (2027) രാജ്യം 6.8-7.2 ശതമാനം വളര്‍ച്ച നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നു. കുറഞ്ഞകാലത്തേയ്ക്ക് ഇന്ത്യയ്ക്ക് 7 ശതമാനം വളര്‍ച്ച നിലനിര്‍ത്താന്‍ ശേഷിയുണ്ട്. ശക്തമായ മാക്രോ അടിസ്ഥാനങ്ങളുടേയും നിയന്ത്രണ പരിഷ്‌ക്കാരങ്ങളുടേയും പിന്‍ബലത്തിലാണിത്. ജാഗ്രത കൈവിടരുതെന്നും സര്‍വേ ഉപദേശിച്ചു.

എന്താണ് സാമ്പത്തിക സര്‍വേ
വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള സര്‍ക്കാര്‍ നയങ്ങള്‍, സാമ്പത്തിക വീക്ഷണം എന്നിവ തയ്യാറാക്കാനായി നടത്തുന്ന വാര്‍ഷിക രൂപരേഖയാണ് ഇത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്റെ നേതൃത്വത്തില്‍ സാമ്പത്തിക കാര്യ ഉദ്യോഗസ്ഥരാണ് സര്‍വേ നടത്തുന്നത്. ഇത് സംബന്ധിച്ച് വി. അനന്ത നാഗേശ്വരന്‍ ഉടന്‍ മാധ്യമങ്ങളെ കാണും.
സര്‍വേ പറയുന്നത്
സമീപ വര്‍ഷങ്ങളിലെ നയ പരിഷ്‌ക്കാരങ്ങളുടെ പിന്‍ബലത്തില്‍ സമ്പദ് വ്യവസ്ഥ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സര്‍വേ പറയുന്നു. ആഭ്യന്തര ഘടകങ്ങളും ഉറച്ച സാമ്പത്തിക സ്ഥിരതയും ബാഹ്യ ആഘാതങ്ങളെ ചെറുക്കാന്‍ രാജ്യത്തെ സഹായിക്കും. ജാഗ്രത കൈവിടരുതെന്നും ശുഭാപ്തി വിശ്വാസം പുലര്‍ത്തണമെന്നും സര്‍വേ ഉദ്‌ബോധിപ്പിച്ചു.
നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ ഫസ്റ്റ് അഡ്വാന്‍സ് എസ്റ്റിമേറ്റ്‌സ് പ്രകാരം, മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.4% വളര്‍ച്ച കൈവരിക്കും. ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ച 7.3 ശതമാനത്തേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്നതാണ്. ശക്തമായ ആഭ്യന്തര ആവശ്യകത, ജിഡിപിയില്‍ ആഭ്യന്തര ഉപഭോഗത്തിന്റെ പങ്ക്, ആദ്യപകുതിയില്‍ ദൃശ്യമായ വളര്‍ച്ച എന്നിവയാണ് ഈ പ്രകടനത്തിന് പിന്നില്‍. "2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിക്ക് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളര്‍ച്ചാ നിരക്കാണിത്, കൂടാതെ കോവിഡിന് മുമ്പുള്ള പ്രവണതയായ 6.9% നേക്കാള്‍ ഉയര്‍ന്ന നില."സര്‍വേ ചൂണ്ടിക്കാട്ടി. അനുകൂലമായ പണപ്പെരുപ്പം, സ്ഥിരതയുള്ള തൊഴില്‍ വിപണി, വര്‍ദ്ധിച്ചുവരുന്ന വാങ്ങല്‍ ശേഷി തുടങ്ങിയ ഘടകങ്ങളാണ് മാക്രോ അടിസ്ഥാനങ്ങള്‍കൊണ്ടുദ്ദേശിക്കുന്നത്.
പരിഷ്‌ക്കാരങ്ങള്‍
ബാഹ്യ ആഘാതങ്ങള്‍ (യുഎസ് തീരുവയും വ്യാപാര വെല്ലുവിളികളും) ചെറുക്കാന്‍ നിരവധി പരിഷ്‌ക്കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ 2025 ല്‍ നടത്തിയത്. ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിച്ച് സമ്പദ് വ്യവസ്ഥയുടെ ചലനാത്മക ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. സെപ്തംബറില്‍ നിലവില്‍ വന്ന ജിഡിപി (ചരക്ക്,സേവന നികുതി) പരിഷ്‌ക്കരണം, ആദായ നികുതി സ്ലാബ് ഉയര്‍ത്തിയത്, തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കല്‍ എന്നിവ ഇതില്‍ പെടുന്നു. കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ശതമാനം നിരക്ക് കുറയ്ക്കലിനും തയ്യാറായി. സര്‍വേ ഇക്കാര്യം എടുത്തുകാണിക്കുന്നു. പ്രക്ഷുബ്ദമായ അന്തരീക്ഷം സംജാതമായിട്ടും പണലഭ്യത ഉറപ്പുവരുത്തിയും നികുതി ചട്ടക്കൂട് മാറ്റിപണിതും ധനകാര്യനടപടികള്‍, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കല്‍ എന്നിവ വഴിയും ആഭ്യന്തര വളര്‍ച്ച നിലനര്‍ത്താനായി. അതേസമയം രാഷ്ട്രീയവും സാമ്പത്തികവുമായ തടസ്സങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാപാര അനിശ്ചിതത്വങ്ങളും വരുംകാല വളര്‍ച്ചയെ ബാധിച്ചേയ്ക്കും, സര്‍വേ മുന്നറിയിപ്പ് നല്‍കി.
ആഗോള സാഹചര്യങ്ങള്‍
2026-ല്‍ ഇന്ത്യയുടെ ഭാവി രൂപപ്പെടുന്നത് മൂന്ന് ആഗോള സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും. ആദ്യത്തേത് 2025 വര്‍ഷത്തിന് സമാനമായ സാഹചര്യമാണ്. ആഗോള പരിസ്ഥിതി കൂടുതല്‍ ദുര്‍ബലവും സുരക്ഷിതമല്ലാത്തതുമായി മാറുന്നു. ഇത് ഹ്രസ്വകാല അസ്ഥിരത സൃഷ്ടിച്ചേയ്ക്കാം. ഈ സാഹചര്യത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. രണ്ടാമത്തെ സാഹചര്യം സഖ്യങ്ങളുടെ തകര്‍ച്ചയാണ്. ഇത് ക്രമരഹിതമായ ബഹുധ്രുവ ലോകത്തെ സൃഷ്ടിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥ കൂടുതല്‍ ബലപ്രയോഗങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും വേദിയാകാം. അതുവഴി വിതരണ ശൃംഖലകള്‍ തടസ്സപ്പെടുത്തുകയും സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും. രാജ്യങ്ങള്‍ ദേശസാല്‍ക്കരണത്തിലേയ്ക്കും അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥകള്‍ സൃഷ്ടിക്കാനും ശ്രമിച്ചേയ്ക്കാം. ഈ സാഹചര്യത്തിന് സര്‍വേ 40% സാധ്യത നല്‍കിയിരിക്കുന്നു.
ശേഷിക്കുന്ന 10-20% സാധ്യത കൃത്രിമ ബുദ്ധി ബിസിനസിലെ തകര്‍ച്ചയാണ്. എഐയിലെ അമിതമായ നിക്ഷേപം ഉപഭോക്താക്കളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതല്ല.ഈ സംവിധാനത്തില്‍ തിരുത്തലുകള്‍ വരുന്നത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യം 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ഗുരുതരമായിരിക്കും.
ഇന്ത്യയുടെ സ്ഥാനം
ഈ മൂന്ന് ആഘാതങ്ങളേയും ചെറുക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് സര്‍വേ പറഞ്ഞു. വിതരണ സ്ഥിരത, വിഭവ സംരക്ഷണം എന്നിവ ഉറപ്പാക്കാനും വ്യാപാര മാര്‍ഗ്ഗങ്ങള്‍ വൈവിദ്യവത്ക്കരിക്കാനും സര്‍വേ ആഹ്വാനം ചെയ്യുന്നു. എഐ രംഗത്ത് വൈകിയെത്തിയത് ഇന്ത്യയ്ക്ക് നേട്ടമായതായും സര്‍വേ അവകാശപ്പെട്ടു.


Click it and Unblock the Notifications


