കോവിഡ് വരുത്തിവെച്ച ക്ഷീണം കാരണം ധനക്കമ്മിയും പൊതുകടവും വര്‍ധിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തിക ഉത്തേജന പാക്കേജുകളും ആരോഗ്യമേഖലയിലെ ചെലവഴിക്കലുകളും മുന്‍നിര്‍ത്തിയാകും ധനക്കമ്മിയും പൊതുകടവും കൂടുകയെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 2021 ഏപ്രില്‍ - നവംബര്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ റവന്യൂ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 67.2 ശതമാനം കൂടി. 2021-22 ബജറ്റില്‍ 9.6 ശതമാനം വളര്‍ച്ചയായിരുന്നു റവന്യൂ വരുമാനം കരുതിയിരുന്നത്. ഇക്കാലത്ത് പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനം കൂടി. 2021 ജൂലയ്ക്ക് ശേഷം പതിവായി 1 ലക്ഷം കോടി രൂപ പ്രതിമാസം ജിഎസ്ടി വരുമാനം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നുണ്ട്.

2021 ഏപ്രില്‍ - നവംബര്‍ കാലത്ത് ബജറ്റ് എസ്റ്റിമേറ്റിന്റെ 46.2 ശതമാനത്തില്‍ ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താന്‍ കേന്ദ്രത്തിന് സാധിച്ചതായി സര്‍വേ അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയ ധനക്കമ്മിയുടെ മൂന്നിലൊന്ന് മാത്രമാണിത് (2020 ഏപ്രില്‍ - നവംബറില്‍ 135.1%, 2019 ഏപ്രില്‍ - നവംബറില്‍ 114.8%). 2021 ഏപ്രില്‍ - നവംബര്‍ കാലഘട്ടത്തിലെ പ്രാഥമിക കമ്മി 2019 ഏപ്രില്‍ - നവംബര്‍ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയ പ്രാഥമിക കമ്മിയുടെ പകുതിയോളം മാത്രമാണ്. അതായത്, പിന്തുണ നിലനിര്‍ത്താനും ആവശ്യമുള്ളപ്പോള്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കാനും സര്‍ക്കാരിന് ഇപ്പോള്‍ സാമ്പത്തിക ശേഷിയുണ്ടെന്ന് സാരം.
എന്തായാലും 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രതിസന്ധികള്‍ നേരിടാന്‍ ഇന്ത്യന്‍ സമ്പദ്ഘടന സുസജ്ജമാണെന്ന് പറയുകയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം 9.2 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെയും ജിഡിപി വളര്‍ച്ച രാജ്യം രേഖപ്പെടുത്തും; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ ആധാരമാക്കി സര്‍വേ പറയുന്നു. കോവിഡിന് മുന്‍പുള്ള നിലയിലേക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തിരികെവന്നു. ഒന്നാം തരംഗത്തെ അപേക്ഷിച്ച് കോവിഡിന്റെ രണ്ടാം തരംഗം സാമ്പത്തികമായി വലിയ നാശനഷ്ടങ്ങള്‍ വരുത്തിയില്ലെന്നാണ് എല്ലാ സൂചകങ്ങളും അറിയിക്കുന്നത്.
കോവിഡ് കാലത്ത് ഏറ്റവും കുറവ് ദുരിതം അനുഭവിച്ചത് കാര്‍ഷിക മേഖലയും അനുബന്ധ സെക്ടറുകളുമാണ്. ഇക്കാരണത്താല്‍ത്തന്നെ നടപ്പു വര്‍ഷം 3.9 ശതമാനം വളര്‍ച്ച കാര്‍ഷിക രംഗത്ത് സര്‍വേ പ്രവചിക്കുന്നു. 2021-22 കാലഘട്ടത്തിലും 3.6 ശതമാനം വളര്‍ച്ചാ നിരക്ക് കണ്ടെത്താന്‍ കാര്‍ഷിക മേഖലയ്ക്ക് കഴിഞ്ഞിരുന്നു. ഖനന, കെട്ടിടനിര്‍മാണ അടക്കമുള്ള വ്യവസായങ്ങളുടെ ജിവിഎ (Gross Value Added) 11.8 ശതമാനമായാകും ഉയരുക. മുന്‍ സാമ്പത്തിക വര്‍ഷമിത് 7 ശതമാനമായിരുന്നു. കോവിഡ് കാലത്ത് ഏറ്റവും ക്ഷീണം സംഭവിച്ചത് സേവന മേഖലയ്ക്കാണ്. എന്തായാലും നടപ്പു വര്‍ഷം സേവന മേഖലയുടെ തിരിച്ചുവരവ് സംഭവിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.4 ശതമാനം നെഗറ്റീവ് വളര്‍ച്ച അറിയിച്ച സേവന മേഖല ഇത്തവണ 8.2 ശതമാനം വളര്‍ച്ച കയ്യടക്കുമെന്ന് സാമ്പത്തിക സര്‍വേ അറിയിക്കുന്നു.


Click it and Unblock the Notifications