ന്യൂയോര്‍ക്ക്: ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏറെ കാലമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാമന്‍. രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും.
മൂന്നാം സ്ഥാനത്ത് വലിയ വെല്ലുവിളികളില്ലാതെ തുടരുകയായിരുന്നു ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എന്നാല്‍ സക്കര്‍ബര്‍ഗിനെ കടന്ന് മൂന്നാം സ്ഥാനം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് ഇപ്പോള്‍ എലോണ്‍ മസ്‌ക്. 110 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ആ കഥ എങ്ങനെയെന്ന് നോക്കാം...
സംഭവ ബഹുലമായ ദിനങ്ങള്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എലോണ്‍ മസ്‌കിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സംഭവ ബഹുലമായ ദിനങ്ങള്‍ ആയിരുന്നു. അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത് ഈ സമയത്താണ്. അദ്ദേഹത്തിന്റെ റോക്കറ്റ് കമ്പനി നാല് ബഹിരാകാശ യാത്രികരെ ബഹിരാകാശത്തെത്തിച്ചു, പിന്നെ അദ്ദേഹത്തിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല എസ് ആന്റ്പി 500 ഇന്‍ഡക്‌സില്‍ ഉള്‍പ്പെട്ടു.
അതിലും വലുത്
മേല്‍പ്പറഞ്ഞതെല്ലാം വലിയ സംഭവങ്ങള്‍ തന്നെയാണ്. എന്നാല്‍ അതിലും വലിയ ഒന്ന് കൂടി ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. എലോണ്‍ മസ്‌ക് ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നന്‍ ആയി മാറിയിരിക്കുന്നു എന്നതാണത്. 110 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
സക്കര്‍ബര്‍ഗിനെ മറികടന്ന്
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആയിരുന്നു ബ്ലൂംബെര്‍ഗിന്റെ സമ്പന്ന പട്ടികയില്‍ മൂന്നാമന്‍. എന്നാലിപ്പോള്‍ എലോണ്‍ മസ്‌ക്, സക്കര്‍ബര്‍ഗിനെ മറികടന്നിരിക്കുകയാണ്. 104 ബില്യണ്‍ ഡോളര്‍ ആണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. മസ്‌കിനേക്കാള്‍ 6 ബില്യണിന്റെ കുറവ്.
എങ്ങനെ സംഭവിച്ചു
ടെസ്ലയുടെ വിപണി മൂല്യം ഉയര്‍ന്നതാണ് എലോണ്‍ മക്‌സിന് തുണയായത്. തിങ്കളാഴ്ച മാത്രം 15 ശതമാനം കുതിപ്പായിരുന്നു ടെസ്ലയുടെ ഓഹരികള്‍ നേടിയത്. ചൊവ്വാഴ്ച അത് 8.2 ശതമാനം ഉയര്‍ച്ചയിലെത്തി. ഇതോടെ ആസ്തി മൂല്യത്തില്‍ 7.6 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് മസ്‌കിന് ഉണ്ടായത്. അങ്ങനെ സക്കര്‍ബര്‍ഗിനെ മറികടക്കുകയും ചെയ്തു.
പ്രധാന കാരണം
എസ് ആന്‍ഡ് പി 500 ഇന്‍ഡക്‌സില്‍ ടെസ്ല ഉള്‍പ്പെടുത്തപ്പെട്ടു എന്നതാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായത്. ഇതോടെയാണ് ഓഹരി മൂല്യം കുതിച്ചുയര്‍ന്നത്. വെറും രണ്ട് ദിവസം കൊണ്ട് മൂല്യത്തില്‍ ഏഴര ബില്യണില്‍ അധികം ഉയര്‍ച്ച നേടിയെന്നത് വലിയ നേട്ടം തന്നെയാണ്.
ഒറ്റവര്‍ഷം കൊണ്ട് സംഭവിച്ചത്
കഴിഞ്ഞ വര്‍ഷം, ഇതേ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ എലോണ്‍ മസ്‌കിന്റെ ആസ്തിയിലെ വര്‍ദ്ധന എത്രയാണെന്ന് അറിയാമോ... 82.2 ബില്യണ്‍ ഡോളര്‍! മസ്‌കിന്റെ ആസ്തി വളര്‍ച്ചയുടെ മുക്കാല്‍ ശതമാനവും ഈ ഒരൊറ്റ വര്‍ഷം കൊണ്ടാണെന്നര്‍ത്ഥം.
അംബാനി പത്താമത്
ഒരു ഘട്ടത്തില്‍ ആദ്യ അഞ്ച് കോടീശ്വരന്‍മാരില്‍ ഒരാളായി മാറിയ മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ സ്ഥാനം ഒരല്‍പം പിറകിലാണ്. പട്ടികയില്‍ പത്താമതാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം 75.5 ബില്യണ്‍ ഡോളര്‍ ആണ്. ഒരു ഘട്ടത്തില്‍ മസ്‌കിനേക്കാള്‍ സമ്പന്നനായിരുന്നു മുകേഷ് അംബാനി.


Click it and Unblock the Notifications