നിങ്ങൾ ഇ.പി.എഫ്.ഒ അംഗമാണോ? ഈ സ്കീമിലൂടെ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാം...
ദീപാവലിക്കു മുന്നോടിയായി മധുര സമ്മാനങ്ങളാണ് മോദി സർക്കാർ ജനങ്ങൾക്കായി നൽകുന്നത്. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത ഉൾപ്പെടെ ബോണസുകൾ നൽകി. എന്നാൽ ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ അക്കൗണ്ട് ഉടമകൾക്കും ജീവനക്കാർക്കും ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത്. ഇ.പി.എഫ്.ഒ യിലെ 6 കോടി അംഗങ്ങൾക്കായി ഇൻഷൂറൻസ് ആനുകൂല്യങ്ങളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ചു. ഇത് വലിയൊരു തുടക്കമായി കണക്കാക്കാം.
2024 ഏപ്രിൽ 28 മുതലുള്ള സ്കീം പ്രകാരം എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI) സ്കീം ആനുകൂല്യങ്ങളുടെ കാലാവധി നീട്ടാനാണ് കേന്ദ്രം തീരുമാനിച്ചത്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് കീഴിലുള്ള റിട്ടയർമെൻ്റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒയിലെ എല്ലാ അംഗങ്ങൾക്കും മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. 6 കോടിയിലധികമുള്ള ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് 7 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. ഇ.പി.എഫ്.ഒ എന്താണെന്ന് അറിയാമെങ്കിലും EDLI സ്കീം എന്താണെന്ന് പലർക്കും അറിയില്ല.
എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (EDLI)
1976ൽ ആരംഭിച്ച സ്കീം ആണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇ.പി.എഫ്.ഒ) കീഴിലുള്ള അംഗങ്ങൾക്കെല്ലാം സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സ്കീം. അംഗങ്ങൾ മരിച്ചു പോകുന്ന സാഹചര്യത്തിൽ ഈ ആനുകൂല്യങ്ങൾ അംഗങ്ങളുടെ കുടുംബത്തിനും ലഭിക്കും. ഇത്തരത്തിൽ ഓരോ അംഗത്തിന്റെയും കുടുംബത്തിന് ആനുകൂല്യം എത്തും.

ഇൻഷൂറൻസ് കവറേജ്
2018ൽ ഏറ്റവും ചെറിയ ഇൻഷൂറൻസ് കവർ 1.5 ലക്ഷം രൂപയായിരുന്നു. 2021 ഏപ്രിൽ വരെയുള്ള കണക്ക് അനുസരിച്ച് ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ നിയമപരമായ അവകാശികൾക്ക് പരമാവധി 6 ലക്ഷം രൂപ ആനുകൂല്യം നൽകും. ഇതിനു ശേഷം EDLI സ്കീം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു.
അതായത്, നിയമപരമായ അവകാശികൾക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞതും കൂടിയതുമായ ആനുകൂല്യങ്ങൾ 3 വർഷത്തേക്ക് നീട്ടി എന്ന്. 2024 ഏപ്രിൽ 27 വരെയായിരുന്നു ആ കാലാവധി. അതിൽ ഏറ്റവും കുറഞ്ഞ ആനുകൂല്യം 2.5 ലക്ഷം രൂപയാക്കി. പരമാവധി ആനുകൂല്യം 7 ലക്ഷം രൂപയുമാക്കി.
ജോലി മാറിപ്പോകുന്നവർക്കും ഈ ആനുകൂല്യങ്ങൾക്ക് അവസരമുണ്ട്. കാരണം ഒരു സ്ഥാപനത്തിൽ 12 മാസം തുടർച്ചയായി സർവീസ് നടത്തണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തിയിട്ടുണ്ട്. അതിനാൽ ആ കാലയളവിൽ ജോലി മാറുന്ന ജീവനക്കാർ ഈ സ്കീമിന്റെ പരിധിയിൽ വരും. ഈ നിയമപ്രകാരം 3 വർഷത്തേക്കാണ് ഈ സ്കീമിന്റെ കാലാവധി. എന്നാൽ കേന്ദ്ര സർക്കാറിന്റെ പുതിയ വിജ്ഞാപനത്തെ തുടർന്നാണ് EDLI സ്കീം ആനൂകൂല്യങ്ങൾ കുറച്ച് കാലത്തേക്ക് വേണ്ടി നീട്ടിയത്.
മറ്റ് ആനുകൂല്യങ്ങൾ
- ഏറ്റവും ഉയർന്ന ഇൻഷൂറൻസ് കവറേജ് നിലവിൽ 7 ലക്ഷമാണ്. ജോലിയിൽ പ്രവർത്തിക്കുന്ന കാലയളവിൽ തന്നെ മരണമടഞ്ഞാൽ നിയമപരമായ അവകാശിക്ക് ഈ തുക എത്തുന്നു.
- ഇ.പി.എഫ്.ഒ അംഗത്തിന് നൽകുന്ന ഈ ലൈഫ് ഇൻഷുറൻസ് ആനുകൂല്യം പി.എഫ്/ഇ.പി.എഫ് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമാണ്.
- പി.എഫ് അംഗങ്ങൾക്ക് ഓട്ടോമാറ്റിക്കലി ഈ സ്കീമിലേക്ക് എൻറോൾ ചെയ്യാം.
- ഇൻഷൂറൻസ് തുക നിയമപരമായ അവകാശിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്.


Click it and Unblock the Notifications


