ഇപിഎഫ്ഒ അംഗങ്ങൾക്ക് ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട, പിഎഫ് പിൻവലിക്കൽ കൂടുതൽ എളുപ്പമാവുന്നു
ഇപിഎഫ്ഒ അംഗങ്ങൾക്ക് സന്തോഷ വാർത്ത. പിഫ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ വരുന്നു. ഓൺലൈൻ പിഫ് പിൻവലിക്കലുകൾക്ക് അപേക്ഷിക്കുമ്പോൾ റദ്ദാക്കിയ ചെക്ക് അപ്‌ലോഡ് ചെയ്യുന്നതിന്റെയും ബാങ്ക് അക്കൗണ്ടുകൾക്കായി തൊഴിലുടമയുടെ സ്ഥിരീകരണത്തിന്റെയും ആവശ്യകത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഒഴിവാക്കി. ഇത് എട്ട് കോടിയോളമുള്ള അംഗങ്ങളുടെ ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു.
ഈ നടപടികൾ നീക്കം ചെയ്യുന്നത് ക്ലെയിം പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ക്ലെയിം നിരസിക്കലുകളുമായി ബന്ധപ്പെട്ട പരാതികൾ കുറയ്ക്കുമെന്നും തൊഴിൽ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പിഫ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങളാണ് ഇനി വരാനിരിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് 10 ദിവസത്തോളമൊന്നും ഈ പണത്തിനായി കാത്തിരിക്കേണ്ടി വരുന്നില്ല. എ.ടി.എം സൗകര്യങ്ങളും എത്തുമ്പോൾ മിനിറ്റുകൾ കൊണ്ട് പണം കൈയിലെത്തും. നിലവിൽ, 7.74 കോടി അംഗങ്ങളുള്ള ഇപിഎഫ്ഒയിൽ 4.83 കോടി പേർ ഇതിനകം തന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ യുഎഎൻ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്.
എന്നാൽ ദിവസേന ഏകദേശം 36,000 റിക്വസ്റ്റുകളാണ് ബാങ്ക് അക്കൗണ്ട് യുഎഎൻ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി വരുന്നത്. പക്ഷേ ഈ സ്ഥിരീകരണങ്ങൾ പൂർത്തിയാക്കാൻ ബാങ്കുകൾക്ക് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും പൂർത്തിയാക്കേണ്ടി വരും. എന്നാൽ അടുത്ത 13 ദിവസമെങ്കിലും തൊഴിലുടമയുടെ അംഗീകാരത്തിന് സമയമെടുക്കുന്നു. ഇത് അപേക്ഷിക്കുന്നവർക്ക് അവരുടെ അംഗീകാരങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുന്നു.

ഇപിഎഫ് പിൻവലിക്കൽ പ്രക്രിയയിലെ പ്രധാന മാറ്റങ്ങൾ....
റദ്ദാക്കിയ ചെക്കോ പാസ്ബുക്കോ അപ്‌ലോഡ് ചെയ്യേണ്ടതില്ല: ഓൺലൈൻ പിഫ് പിൻവലിക്കൽ ക്ലെയിമുകൾ ഫയൽ ചെയ്യുമ്പോൾ ഇനി മുതൽ ചെക്ക് ലീഫിന്റെ ചിത്രമോ ബാങ്ക് പാസ്ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പിയോ അപ്‌ലോഡ് ചെയ്യേണ്ടതില്ല.
ബാങ്ക് പരിശോധനയ്ക്ക് തൊഴിലുടമയുടെ അനുമതി വേണ്ട: ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിന് തൊഴിലുടമയുടെ അനുമതി ഒഴിവാക്കിയിരിക്കുന്നു.
ബാങ്ക് അക്കൗണ്ട് മാറ്റുന്നത് ലളിതമാക്കുന്നു: ഇപിഎഫ് അംഗങ്ങൾക്ക് ഇതുവരെ ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ട് മാറ്റാൻ സാധിക്കും. അതിനായി അംഗങ്ങളുടെ പുതിയ ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും നൽകി ചെയ്യാം. ഇത് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി പരിശോധനയിലൂടെ അക്കൗണ്ട് സ്ഥരീകരിക്കപ്പെടുകയും ചെയ്യുന്നു.
വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗ്: പെട്ടെന്ന് ക്ലെയിം ലഭിക്കുന്നതിനായി ചിലർ മുകളിൽ പറഞ്ഞ ഘട്ടങ്ങൾ ഒഴിവാക്കാറുണ്ട്. അത് നിങ്ങളുടെ ക്ലെയിം നഷ്ടപ്പെടാനുള്ള സാധ്യത ഉയർത്തുന്നു.
വേഗത്തിലുള്ള പ്രോസസ്സിംഗ് നടപടികൾ...
ലളിതമായ പ്രക്രിയകളിലൂടെ പെട്ടെന്നുള്ള ക്ലെയിം പ്രോസസ്സിംഗ് ചെയ്യുന്നതിനായി 2024 മെയ് 28 ന് തന്നെ ഇതൊരു പൈലറ്റ് പ്രോജക്റ്റായി നടപ്പിലാക്കിയിരുന്നു. ചില കെവൈസി-അപ്‌ഡേറ്റ് ചെയ്ത അംഗങ്ങൾക്ക് വേണ്ടി അതായത് ഏകദേശം 1.7 കോടി ഇപിഎഫ് അംഗങ്ങൾക്ക് ഈ മാറ്റങ്ങളിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ഇപ്പോൾ എല്ലാ ഇപിഎഫ്ഒ അംഗങ്ങൾക്കും ഉറപ്പാക്കും.
"ബാങ്ക് അക്കൗണ്ടുകൾ യുഎഎനുമായി ബന്ധിപ്പിക്കുന്ന സമയത്ത് തന്നെ ഇപിഎഫ് അംഗങ്ങളുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടും പരിശോധിച്ച് സ്ഥിരീകരിച്ചതിനാൽ മറ്റ് അധിക രേഖകളൊന്നും ഇനി ആവശ്യമില്ല," തൊഴിൽ മന്ത്രാലയം പറഞ്ഞു.
ബാങ്ക് വെരിഫിക്കേഷനായി തൊഴിലുടമയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന 14.95 ലക്ഷത്തിലധികം ഇപിഎഫ് അംഗങ്ങൾക്ക് ഈ മാറ്റത്തിലൂടെ ഉടനടി പ്രയോജനം ലഭിക്കുകയും അവരുടെ ഫണ്ടുകൾ ഉടൻ തന്നെ ലഭിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമാവുന്നു. ലളിതമായ പ്രക്രിയയിലൂടെ പെട്ടെന്ന് തന്നെ ക്ലെയിം ഉറപ്പാക്കാനാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications


