10 ലക്ഷം രൂപ വരെ വായ്പ നേടാം; പിന്നോക്ക വിഭാഗ വികസന കോർപ്പേഷനിൽ നിന്ന്...
കേരളത്തിലെ മറ്റു പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനായി കേരള സർക്കാരിനു കീഴിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും വിവിധ വായ്പ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കി വരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വായ്പ പദ്ധതികളിലൊന്നാണ് ഭവന നിർമ്മാണ വായ്പയും അതോടൊപ്പം തന്നെ ശ്രദ്ധേയമാണ് ഭവന പുനരുദ്ധാരണ/നവീകരണ വായപയും. ഈ വായ്പ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
വെറും 50 രൂപ നിക്ഷേപിക്കാനുണ്ടോ? നിങ്ങൾക്കും കോടീശ്വരനാകാം, ഇങ്ങനെ നിക്ഷേപിച്ചാൽ
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് തരത്തിലുള്ള ഭവന വായ്പകളാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വിതരണം ചെയ്യുന്നത്. എന്റെ വീട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 1,20,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വരെ ഭവന വായ്പയായി അനുവദിക്കുന്നു. അതേസമയം മൂന്ന് ലക്ഷം രൂപ കുടുംബ വാർഷിക വരുമാനമുള്ള ആളുകൾക്ക് 10 ലക്ഷം രൂപയും വായ്പയായി നേടാം. വായ്പ എടുക്കുന്ന ആൾ സർക്കാർ രേഖകൾ അനുസരിച്ച് മറ്റ് പിന്നോക്ക വിഭാഗത്തിൽ അഥവ ഒബിസി വിഭാഗത്തിൽ പെട്ടവരായിരിക്കണം. അപേക്ഷകന്റെ പേരിലോ, കുടുംബങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്. പുതിയതായി വീട് നിർമ്മിക്കുന്നതിന് മാത്രമാണ് എന്റെ വീട് പദ്ധതിയ്ക്ക് കീഴിൽ വായ്പ അനുവദിക്കുന്നത്. ഇത് ഭവന പുനരുദ്ധാരണത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കില്ല.

അപേക്ഷകനു പുറമെ കുടുംബത്തിൽ നിന്ന് മറ്റൊരാൾകൂടി സഹ അപേക്ഷകനായും ഉണ്ടാകണം. ഇവരിൽ ആരെങ്കിലും ഒരാൾക്ക് വസ്തുവിൽ ഉടമസ്ഥാവകാശം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. പരമാവധി വായ്പ പരിധിയ്ക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 90 ശതമാനം തുക വരെ വായ്പയായി അംഗീകരിക്കും. ബാക്കി തുക ഗുണഭോക്താവ് സ്വന്തം നിലയ്ക്ക് കണ്ടത്തേണ്ടതുണ്ട്. അപേക്ഷകനോ കുടുംബത്തിൽ ആരെങ്കിലുമോ സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പക്ഷം, അതിൽ നിന്നും ലഭിക്കുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുന്നത്. ഭവന നിർമ്മാണം നടത്തുന്ന വസ്തുവിന്റെ മതിപ്പുവിലയും അപേക്ഷകന്റെ അല്ലെങ്കിൽ കുടുംബത്തിന്റെ വരുമാനവും ഹാജരാക്കുന്ന ജാമ്യ രേഖകളും കണക്കിലെടുത്ത് വായ്പ തുക നിജപ്പെടുത്താനുള്ള അധികാരവും കോർപ്പറേഷനുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ക്രെഡിറ്റ് സ്കോറിൽ തെറ്റ്! ക്രെഡിറ്റ് റിപ്പോർട്ട് എന്തിന് പരിശോധിക്കണം? പിഴവ് എങ്ങനെ തിരുത്താം?
മൂന്ന് ഗഡുക്കളായാണ് വായ്പ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ വായ്പ തുകയുടെ 30 ശതമാനമായിരിക്കും ഗുണഭോക്താവിന് ലഭിക്കുക. ഇത് ബേസ്മെന്റ് പണി പൂർത്തികരിച്ച ശേഷമായിരിക്കും. ഒറ്റനില വീടാണെങ്കിൽ ലിന്റിൽ വരെ പണി പൂർത്തികരിച്ച ശേഷവും ഒന്നിലധികം നിലകളുള്ള വീടാണെങ്കിൽ ഒന്നാം നിലയുടെ മേൽക്കൂര പൂർത്തീകരിച്ച ശേഷവും രണ്ടാം ഗഡു വിതരണം ചെയ്യും. രണ്ടാം ഘട്ടത്തിൽ വായ്പ തുകയുടെ 40 ശതമാനം വരെയാകും ഗുണഭോക്താവിന് ലഭിക്കുക. അവശേഷിക്കുന്ന 30 ശതമാനം അംഗീകൃത പ്ലാൻ പ്രകാരമുള്ള എല്ലാ നിലകളുടെയും മേൽക്കൂര പൂർത്തീകരിച്ച് പുറം വാതിലുകൾ സ്ഥാപിച്ച് ഫിനിഷിംഗ് ജോലികൾ പൂർത്തീകരിക്കുന്നതിനും നൽകുന്നു. വായ്പയുടെ ആദ്യ ഗഡു ലഭിച്ച് ഒരു വർഷത്തിനകം ഭവന നിർമ്മാണം പൂർത്തീകരിക്കുകയും മൂന്നാം ഗഡു കൈപ്പറ്റിയ ശേഷം നാലാം മാസം മുതൽ തിരിച്ചടവും ആരംഭിക്കണം. 15 വർഷം വരെയാണ് തിരിച്ചടവ് കാലാവധി.
പദ്ധതിയിൽ നിന്നും വായ്പയെടുത്ത് സ്വന്തമായി ഒരു വീടെന്ന സ്വപ്നം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്നോക്ക വിഭാഗ വികസന കോർപ്പേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസിൽ നിന്നും അപേക്ഷം ഫോം കൈപ്പറ്റാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം അപേക്ഷകൻ/ സഹ അപേക്ഷകൻ എന്നിവരുടെ റേഷൻ കാർഡിന്റെ പകർപ്പ്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, സ്ഥലത്തിന്റെ കരമടച്ച രസീതിന്റെ പകർപ്പ് എന്നവയും സമർപ്പിക്കണം. അപേക്ഷകന്റെ പ്രായം 18നും 55 വയസ്സിനും ഇടയിലായിരിക്കണം..


Click it and Unblock the Notifications


