ഫെവികോളിന്റെ എതിരാളി; മികച്ച ആരോഗ്യമുള്ള കടമില്ലാത്ത കമ്പനി; സ്മോൾകാപ് ഓഹരി നോക്കുന്നോ?
2026 ലെ ഓഹരി തിരഞ്ഞെടുക്കുമ്പോൾ കണ്ടുപരിചയിച്ചതും കേട്ടു തഴമ്പിച്ചതുമായ ബ്ലൂചിപ്പ് ഓഹരികളിൽ മാത്രം ഒതുങ്ങല്ലേ.. ആയിരക്കണക്കിന് ഓഹരികളുള്ള ഇന്ത്യൻ മാർക്കറ്റിൽ തിരഞ്ഞെടുത്താൽ ഒരുപാട് മികച്ച ഓഹരികളെ കണ്ടെത്താനാകും. മികച്ച മൂലധന കാര്യക്ഷമതയുള്ള കടമില്ലാത്തൊരു കമ്പനിയാണ് ജ്യോതി റെസിൻസ് ആൻഡ് അഡീസിവ്സ്. ഓഹരി വിശദാംശങ്ങൾ നോക്കാം.
ജ്യോതി റെസിൻസ് ആൻഡ് അഡീസിവ്സ്
1993-ൽ സ്ഥാപിതമായ കമ്പനിയാണ് ജ്യോതി റെസിൻസ് ആൻഡ് അഡീസിവ്സ് ലിമിറ്റഡ്. വിവിധ സിന്തറ്റിക് റെസിൻ അഡീസിവ്സുകൾ നിർമ്മിക്കുന്ന കമ്പനി 'യൂറോ 7000' എന്ന ബ്രാൻഡിൽ വുഡ് അഡീസിവ്സുകൾ വിപണിയിലെത്തിക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബ്രാൻഡാണിത്. പിഡിലൈറ്റിന്റെ ഫെവിക്കോളുമായാണ് കമ്പനിയുടെ പ്രധാന മത്സരം.
കടമില്ല, മികച്ച മൂലധന ക്ഷമത
1336 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയിഡ് 50 ശതമാനമാണ്. അതേസമയം, സെക്ടറൽ ശരാശരി 15 ശതമാനവും. കമ്പനി മൂലധനമായി ഉപയോഗിക്കുന്ന ഓരോ 100 രൂപയ്ക്കും 50 രൂപ ലാഭമുണ്ടാക്കുന്നുണ്ട്. അതേസമയം, ഇൻഡസ്ട്രിയൽ ശരാശരി 15 രൂപ മാത്രമാണ്. അഞ്ചു വർഷത്തെ റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയിഡ് 55 ശതമാനമാണ്. കമ്പനി കാര്യക്ഷമമായി മൂലധനം ഉപയോഗിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

കമ്പനിക്ക് കടബാധ്യതയില്ലെന്നതാണ് ശ്രദ്ധേയം. പലിശ ബാധ്യതകൾ ഇല്ലാത്തതിനാൽ കമ്പനിയുടെ ലാഭം ബിസിനസ് വളർത്താനോ അല്ലെങ്കിൽ ലാഭം ലാഭവിഹിതം നൽകാനോ കമ്പനിക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്.
വിൽപ്പനയും ലാഭവും
2020 സാമ്പത്തിക വർഷത്തിൽ 74 കോടി രൂപയായിരുന്നു കമ്പനിയുടെ വിൽപ്പന. 2025 സാമ്പത്തിക വർഷത്തിൽ 284 കോടി രൂപയായി ഉയർന്നു. ഏകദേശം 31 ശതമാനത്തിന്റെ വാർഷിക വളർച്ച. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 149 കോടി രൂപയുടെ വിൽപന നടന്നു. പ്രവർത്തന ലാഭം 2020-ലെ 12 കോടി രൂപയിൽ നിന്നും 2025-ൽ 89 കോടി രൂപയായി വർദ്ധിച്ചു. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ 41 കോടി രൂപയാണ് ഇബിഡിറ്റ.
അഞ്ചു വർഷത്തിനിടെ കമ്പനിയുടെ ലാഭം 56 ശതമാനം വർധിച്ചു. 2020 തിൽ എട്ടു കോടി ലാഭമുണ്ടാക്കിയ കമ്പനി 2025 സാമ്പത്തിക വർഷത്തിൽ ലാഭം 75 കോടിയിലേക്ക് എത്തിച്ചു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനി നേടിയ ലാഭം 34 കോടി രൂപയാണ്.
ഓഹരി പ്രകടനം
കമ്പനിയുടെ ബിസിനസ് വളർച്ചയ്ക്കിടെ ഓഹരിയിലും നേട്ടമുണ്ടായി. 2020 ഡിസംബറിൽ 120 രൂപയിലുണ്ടായിരുന്ന ഓഹരി 2025 ഡിസംബറിൽ 1114 രൂപയിലെത്തി. അഞ്ചു വർഷത്തിനിടെ 830 ശതമാനം നേട്ടമാണിത്. നിലവിൽ ഓഹരി 1114 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷം ഇതുവരെ ഓഹരി 15 ശതമാനം ഇടിഞ്ഞു. ഓഹരിയുടെ സർവകാല ഉയരമായ 1818 രൂപയിൽ നിന്നം 39 ശതമാനം ഡിസ്ക്കൗണ്ടിലാണ് ഓഹരിയുടെ വ്യാപാരം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


