ഇന്ത്യൻ ഐപിഒ വിപണി മുന്നേറ്റത്തിന്‍റെ പാതയിലാണ്. തളർച്ചയുടെ ലക്ഷണങ്ങളോന്നും വിപണിയിലില്ല. നിക്ഷേപകരും ആവേശത്തിലും നിരീക്ഷണത്തിലും മുഴുകിയിരിക്കുന്നു. ശുഭാപ്തിവിശ്വാസമുള്ള നിക്ഷേപക വികാരം, കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം 2024ൽ കുറയും എന്ന പ്രതീക്ഷ, നിരക്ക് കുറയ്ക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഐപിഒ വിപണിക്ക് കരുത്തേകുന്നത്.
ബംബർ ഐപിഒ വീക്ക്
പ്രധാനമായും 4 കമ്പനികളുടെ ഐപിഒകളാണ് വരുന്ന ആഴ്ച വിപണിയിലേക്കെത്തുന്നത്. കമ്പനികളുടെ വൈവിധ്യങ്ങളാണ് വിപണിയെ സജീവമാക്കുന്നത്. എക്സികോം ടെലി സിസ്റ്റംസ്, പ്ലാറ്റിനം ഇൻഡസ്ട്രീസ്, പ്ലാറ്റിനം ഇൻഡസ്ട്രീസ്, ഭാരത് ഹൈവേസ്, ഒവൈസ് മെറ്റൽ എന്നിവയാണ് ഐപിഒ വിപണിയിലേക്കെത്തുന്ന ആറ് കമ്പനികൾ. വിശദമായി ഓരോ കമ്പനിയുടേയും വിശദാംശങ്ങൾ നോക്കാം.

1. എക്സികോം ടെലി സിസ്റ്റംസ്
1994-ൽ സ്ഥാപിതമായ പവർ സിസ്റ്റങ്ങൾ, ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ്, മറ്റ് അനുബന്ധ പരിഹാരങ്ങൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന കമ്പനിയാണ് എക്‌സികോം ടെലി-സിസ്റ്റംസ്.
ഐപിഒ തീയ്യതി
ഐപിഒ ഫെബ്രുവരി 27-ന് ആരംഭിച്ച് 29-ന് അവസാനിക്കും. ഇഷ്യൂവിലൂടെ 3.02 കോടി ഓഹരികൾ നൽകി 429 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 329 കോടി രൂപയുടെ പുതിയ ഇഷ്യൂവും 100 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
ഓഹരി വില 135 മുതൽ
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 135-142 രൂപയാണ്. കുറഞ്ഞത് 100 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,200 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും ലോട്ട് സൈസ് 15 ലോട്ടുകളാണ് (1,500 ഓഹരികൾ), തുക 213,000 രൂപ. ബിഎൻഐഐക്ക് 71 ലോട്ടുകളാണ് (7,100 ഓഹരികൾ), തുക 1,008,200 രൂപ. യോഗ്യതയുള്ള സ്ഥാപന ബയർമാർക്ക് 75 ശതമാനവും സ്ഥാപനേതര നിക്ഷേപകർക്ക് 15 ശതമാനവും റീട്ടെയിൽ നിക്ഷേപകർക്ക് ബാക്കി 10 ശതമാനവുമാണ് ഓഫർ റിസർവ് ചെയ്തിരിക്കുന്നത്.
ഐപിഒ: ലക്ഷ്യം
ഓഫറിലൂടെ ഏകദേശം 429 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യൂ തുക തെലങ്കാനയിലെ ഉൽപ്പാദന കേന്ദ്രം/അസംബ്ലി ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ്, വായ്പകളുടെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഗവേഷണ-ഉൽപ്പന്ന വികസനത്തിനുമുള്ള നിക്ഷേപം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും. മോണാർക്ക് നെറ്റ് വർത്ത് ക്യാപിറ്റൽ , യുണിസ്റ്റോൺ ക്യാപിറ്റൽ , സിസ്റ്റംമാറ്റിക്സ് കോർപ്പറേറ്റ് സർവീസസ് എന്നിവ ഐപിഒയുടെ ലീഡ് മാനേജർമാരാണ്. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.
2. പ്ലാറ്റിനം ഇൻഡസ്ട്രീസ്
മുംബൈ ആസ്ഥാനമായുള്ള സ്റ്റെബിലൈസർ നിർമ്മാതാക്കളാണ് പ്ലാറ്റിനം ഇൻഡസ്ട്രീസ്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 112 ശതമാനം ഉയർന്ന് 37.5 കോടി രൂപയായി. മൊത്ത വരുമാനം 23 ശതമാനം വർധിച്ച് 232 കോടി രൂപയായി .
ഐപിഒ തീയ്യതി
ഐപിഒ ഇഷ്യു ഫെബ്രുവരി 27-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും ഫെബ്രുവരി 29-ന് അവസാനിക്കുകയും ചെയ്യും. ഐപിഒയിലൂടെ 235 കോടി സമാഹിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ഓഹരി വില 162 രൂപ മുതൽ
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 162-171 രൂപ. കുറഞ്ഞത് 87 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,877 രൂപ. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ്. ബിഎൻഐഐക്ക് 68 ലോട്ടുകളാണ്.
ലീഡ് മാനേജർ യുണിസ്റ്റോൺ ക്യാപ്പിറ്റൽ
യുണിസ്റ്റോൺ ക്യാപ്പിറ്റലാണ് പ്ലാറ്റിനം ഇൻഡസ്ട്രീസ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസാണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ. ഇഷ്യൂ തുക എസ്‌സി സോൺ 'ഗവർണറേറ്റ് ഓഫ് സൂയസ് ഈജിപ്തിൽ' പിവിസി സ്റ്റെബിലൈസറുകൾക്കായി ഒരു നിർമ്മാണ സൗകര്യം സജ്ജീകരിക്കുന്നതിനുള്ള ചെലവ്, മഹാരാഷ്ട്രയിലെ പാൽഘറിൽ പിവിസി സ്റ്റെബിലൈസറുകൾക്കായി ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
3. ഭാരത് ഹൈവേസ്
ഭാരത് ഹൈവേസ് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ട്രസ്റ്റ്‍ ഒരു ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ട്രസ്റ്റാണ്. ട്രസ്റ്റിന്‍റെ പോർട്ട്‌ഫോളിയോയിൽ 7 റോഡുകൾ ഉൾപ്പെടുന്നു, അവയെല്ലാം പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഹൈബ്രിഡ് ആന്വിറ്റി മോഡൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നയാണ്.
ഐപിഒ തീയ്യതി
ഐപിഒ ഫെബ്രുവരി 28 മുതൽ 2024 മാർച്ച് 01 വരെ ബിഡ്ഡിങ്ങിനായി തുറന്നിരിക്കും. ഐപിഒയിലൂടെ 2500 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഓഹരി വില 100 രൂപ വരെ
ഓരോ ഇക്വിറ്റി ഷെയറിനും 98 രൂപ മുതൽ 100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്‍റെ ലീഡ് മാനേജർമാർ . കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് രജിസ്ട്രാർ. ഐഡിബിഐ ട്രസ്റ്റിഷിപ്പ് സർവീസസ് ലിമിറ്റഡിനെ ഇൻവിറ്റിയുടെ ട്രസ്റ്റിയായി നിയമിച്ചു.
4. ഒവൈസ് മെറ്റൽ
മെറ്റലുകളുടെയും മിനെറൽസുകളുടെയും ഉത്പാദനത്തിലും സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്നു കമ്പനിയാണ് ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസ്സിംഗ്. കമ്പനി ഐപിഒയിലൂടെ 49.07 ലക്ഷം ഓഹരികൾ നൽകി 42.69 കോടി രൂപ സമാഹരിക്കും.
ഐപിഒ തീയ്യതി
ഫെബ്രുവരി 26-ന് ആരംഭിക്കുന്ന ഇഷ്യൂ 28-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്‍റ് 29-ന് പൂർത്തിയാവും. ഓഹരികൾ മാർച്ച് നാലിന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
ഓഹരി വില 87 രൂപ വരെ
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 83-87 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ഉപകരണങ്ങൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും. സയ്യിദ് ഒവൈസ് അലി, സയ്യദ് അക്തർ അലി, സയ്യിദ് മുർത്തുസ അലി എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
കൃത്യമായ ധാരണ വേണം
പൊതു നിക്ഷേപകരിൽ നിന്ന് ഇക്വിറ്റി മൂലധനം സ്വരൂപിക്കുന്നതിനായി സ്വകാര്യ കമ്പനികൾ അവരുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുന്ന പ്രക്രിയയെയാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) സൂചിപ്പിക്കുന്നത്. ഐപിഒ എന്ന പ്രക്രിയ ഒരു സ്വകാര്യ കമ്പനിയെ ഒരു പൊതു കമ്പനിയാക്കി മാറ്റുന്നു. ഐപിഒ മികച്ച അവസരമാണെങ്കിലും അപകട സാധ്യകളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ ധാരണ ആവശ്യമാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications