ജൂലായ് 1 മുതല്‍ ബാങ്കിങ്, സാമ്പത്തികം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍ നടപ്പിലാവുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എടിഎം ചട്ടം തൊട്ട് ടിഡിഎസ് (ഉറവിടത്തില്‍ പിടിക്കുന്ന നികുതി) നിയമത്തില്‍ വരെ ഭേദഗതി വന്നിരിക്കുന്നു. ഇന്ന് തൊട്ട് രാജ്യത്ത് പാചകവാതക വിലയും വര്‍ധിക്കും. ഈ അവസരത്തില്‍ സാധാരണക്കാരന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ നിയമങ്ങള്‍ ചുവടെ കാണാം.
1. എസ്ബിഐ എടിഎം നിരക്കുകളില്‍ മാറ്റം
ഇനി മുതല്‍ പ്രതിമാസം 4 സൗജന്യ ഇടപാടുകള്‍ മാത്രമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുകയുള്ളൂ. എടിഎം ഇടപാടുകളും ബാങ്കില്‍ നേരിട്ട് ചെന്നിട്ടുള്ള ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും. ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ നിയമം ബാധകമാവുന്നത്. അഞ്ചാം തവണ മുതല്‍ ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.
2. എസ്ബിഐ ചെക്ക്ബുക്ക് നിയമം
ഇനി മുതല്‍ ഒരോ സാമ്പത്തിക വര്‍ഷവും 10 താളുകള്‍ അടങ്ങിയ ചെക്ക്ബുക്ക് മാത്രമേ ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ സൗജന്യമായി നല്‍കുക. കൂടുതല്‍ ചെക്ക്ബുക്ക് വേണമെന്നുള്ളവര്‍ക്ക് പണമടച്ച് വാങ്ങാം.
40 രൂപയും ജിഎസ്ടിയുമാണ് 10 താളുകള്‍ അടങ്ങിയ ചെക്ക്ബുക്കിന് നിരക്ക്. 25 താളുകള്‍ അടങ്ങിയ ചെക്ക്ബുക്കിന് 75 രൂപയും ജിഎസ്ടിയും അടയ്ക്കണം. 10 താളുകള്‍ അടങ്ങിയ അടിയന്തര ചെക്ക്ബുക്കാണ് ആവശ്യമെങ്കില്‍ അക്കൗണ്ട് ഉടമകള്‍ 50 രൂപയും ജിഎസ്ടിയും ഒടുക്കേണ്ടതുണ്ട്.
3. പാചകവാതക വില വര്‍ധിച്ചു
ജൂലായ് 1 മുതല്‍ പാചകവാതക വില വര്‍ധിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വ്യാഴാഴ്ച്ച കൂടിയത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില 1,550 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പാചകവാതക വില മൂന്നുതവണ കൂടിയിരുന്നു.
4. ടിഡിഎസ് ഉയരും
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ഉയര്‍ന്ന ടിഡിഎസ് (ഉറവിടത്തില്‍ പിടിക്കുന്ന നികുതി) ചുമത്താന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത നികുതിദായകരെ ഈ തീരുമാനം സാരമായി ബാധിക്കും.
5. ഐഎഫ്എസ്‌സി കോഡ് മാറ്റം
കാനറ ബാങ്കുമായി സിന്‍ഡിക്കേറ്റ് ബാങ്ക് ലയിച്ച സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ്‌സി കോഡുകള്‍ ജൂലായ് 1 മുതല്‍ പൂര്‍ണമായും മാറി. സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് കാനറ ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് പുതിയ ഐഎഫ്എസ്‌സി കോഡുകള്‍ നേടാം. കഴിഞ്ഞവര്‍ഷമാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിച്ചത്.
6. ഐഡിബിഐ ബാങ്ക് നിരക്കുകള്‍ കൂടി
ജൂലായ് 1 മുതല്‍ ഒരുപിടി ഭേദഗതികള്‍ ഐഡിബിഐ ബാങ്ക് കൊണ്ടുവരികയാണ്. ഇനി മുതല്‍ ഒരു സാമ്പത്തിക വര്‍ഷം 20 താളുകള്‍ അടങ്ങിയ ചെക്ക്ബുക്ക് മാത്രമേ ബാങ്ക് സൗജന്യമായി നല്‍കുകയുള്ളൂ. കൂടുതല്‍ ചെക്ക്ബുക്ക് വേണമെന്നുള്ളവര്‍ക്ക് 5 രൂപ അധികം പണമടച്ച് വാങ്ങാം.
ഇതേസമയം, 'സബ്കാ സേവിങ്‌സ് അക്കൗണ്ട്' പദ്ധതിക്ക് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് സൗജന്യമായി ചെക്ക്ബുക്കുകള്‍ ലഭ്യമാക്കും. ഇന്ന് മുതല്‍ സേവിങ്‌സ് അക്കൗണ്ട് നിരക്കുകളും ലോക്കര്‍ നിരക്കുകളും ഐഡിബിഐ ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
7. ഡ്രൈവിങ് ലൈസന്‍സ് വീട്ടിലെത്തും
ഇനി മുതല്‍ ലേണേഴ്‌സ് ലൈസന്‍സ് കിട്ടാന്‍ ആര്‍ടിഓ ഓഫീസില്‍ ചെല്ലേണ്ട ആവശ്യമില്ല. വീട്ടിലിരുന്നുതന്നെ ഓണ്‍ലൈന്‍ ടെസ്റ്റ് നടത്താം. പരീക്ഷ പാസാവുകയാണെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് തല്‍ക്ഷണം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.
8. മാരുതി കാറുകള്‍ക്ക് വില കൂടും
ഇന്ന് മുതല്‍ മാരുതി കാറുകള്‍ക്ക് വില കൂടി. ഉത്പാദന ചിലവ് കൂടിയതാണ് മോഡലുകളുടെ വില കൂട്ടാനുള്ള കാരണമായി മാരുതി സുസുക്കി പറയുന്നത്.
പ്രാരംഭ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ മുതല്‍ പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവിയായ എസ്-ക്രോസ് വരെ മാരുതിയുടെ നിരയിലുണ്ട്. എല്ലാ മോഡലുകളുടെയും വില കൂടുമെന്നാണ് മാരുതി കഴിഞ്ഞവാരം അറിയിച്ചത്. ഈ വര്‍ഷം ജനുവരിയിലും ഏപ്രിലിലും കമ്പനി കാര്‍ വില വര്‍ധിപ്പിച്ചിരുന്നു.
9. ഹീറോ ബൈക്കുകള്‍ക്ക് വില കൂടും
ജൂലായ് 1 മുതല്‍ ഹീറോ ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിച്ചു. ഇരുചക്ര മോഡലുകള്‍ക്ക് 3,000 രൂപ വരെയാണ് കമ്പനി വിലവര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പാദന ചിലവ് കൂടിയതാണ് മോഡലുകളുടെ വില ഉയര്‍ത്താന്‍ കാരണമെന്ന് ഹീറോ മോട്ടോകോര്‍പ്പും വിശദീകരിക്കുന്നു.


Click it and Unblock the Notifications