ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു, പെട്രോള്‍ വിലയില്‍ മാറ്റമില്ല
തുടര്‍ച്ചയായ മൂന്നാം ദിവസവും ഡീസല്‍ വിലയില്‍ വര്‍ധന. എന്നാല്‍ അതേ സമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഡീസല്‍ ലിറ്ററിന് 26 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് ദിവസത്തില്‍ ഡീസലിന് ഉണ്ടായിരിക്കുന്നത്
തുടര്‍ച്ചയായ മൂന്നാം ദിവസവും ഡീസല്‍ വിലയില്‍ വര്‍ധന. എന്നാല്‍ അതേ സമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഡീസല്‍ ലിറ്ററിന് 26 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് ദിവസത്തില്‍ ഡീസലിന് ഉണ്ടായിരിക്കുന്നത് 74 പൈസയുടെ വര്‍ധനവാണ്. തുടര്‍ച്ചയായ 21ാം ദിവസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. ഈ മാസം അഞ്ചിനാണ് ഇതിന് മുമ്പ് പെട്രോള്‍ വിലയില്‍ കുറവുണ്ടായിരിക്കുന്നത്.
ഇന്നത്തെ നിരക്ക്
മെട്രോ നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയാണ് വില. ഡീസലിന് 89.32 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.26 രൂപയാണ് വില. ഡീസലിന് 96.94 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.42ലും ഡീസല്‍ ലിറ്ററിന് 96.13ലുമാണ് വ്യാപാരം നടക്കുന്നത്. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.18ലെത്തി. ഡീസല്‍ ലിറ്ററിന് 94 രൂപയാണ്. കോഴിക്കോട് ഈ മാസം അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 101.61 രൂപയും ഡീസലിന് 94.44 രൂപയുമാണ്.
ക്രൂഡ് ഓയില്‍ വില
അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 78.09 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 73.72 ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്.
ഇന്ധന വില
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.
പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍
കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല
എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച് ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.
പാചക വാതക വില
ഒന്നാം തീയതി പാചക വാതക വിലയും വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 73.50 രൂപയും വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഗാര്‍ഹിക സിലിണ്ടറിന് 892 രൂപയും വാണിജ്യ സിലിണ്ടറിന് 1692.50 രൂപയുമാണ്. 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 15നും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് 25 രൂപ വര്‍ധിപ്പിച്ചിരുന്നു.


Click it and Unblock the Notifications


