കൊച്ചി: സെപ്തംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വീണ്ടുമെത്തിയിരിക്കുന്നു. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമാണ് വ്യാഴാഴ്ച്ച പൊന്നിന് വില. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറഞ്ഞു. സെപ്തംബര്‍ ആദ്യ വാരമാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന വിലനിലവാരം കുറിച്ചത്. ഈ മാസം 4, 5, 6 തീയതികളില്‍ പവന് വില 35,600 രൂപ വരെ ഉയരുകയുണ്ടായി.

നേരത്തെ, ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയില്‍ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കൂടി 67.80 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 542.40 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).
- അഹമ്മദാബാദ്: 36,384 രൂപ
- ബെംഗളൂരു: 35,200 രൂപ
- ഭുബനേശ്വര്‍: 35,440 രൂപ
- ഛണ്ഡീഗഡ്: 36,640 രൂപ
- ചെന്നൈ: 35,440 രൂപ
- കോയമ്പത്തൂര്‍: 35,440 രൂപ
- ദില്ലി: 37,920 രൂപ
- ഹൈദരാബാദ്: 35,200 രൂപ
- ജയ്പൂര്‍: 36,800 രൂപ
- കൊല്‍ക്കത്ത: 37,040 രൂപ
- ലഖ്‌നൗ: 36,920 രൂപ
- മംഗലാപുരം: 35,200 രൂപ
- മുംബൈ: 36,624 രൂപ
- നാസിക്ക്: 36,136 രൂപ
- പാറ്റ്‌ന: 36,136 രൂപ
- സൂറത്ത്: 36,384 രൂപ
- വിജയവാഡ: 35,200 രൂപ
- വിശാഖപ്പട്ടണം: 35,200 രൂപ
ബുധനാഴ്ച്ചത്തെ വീഴ്ചയ്ക്ക് ശേഷം ദേശീയ വിപണിയില്‍ താഴ്ന്ന നിലയിലാണ് സ്വര്‍ണം ഇന്നും തുടരുന്നത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാമിന് 46,878 രൂപ സ്വര്‍ണം വിലനിലവാരം കുറിക്കുന്നു. 0.04 ശതമാനം തകര്‍ച്ച. വെള്ളിയില്‍ നേരിയ ഉണര്‍വ് കാണാം. വെള്ളിയുടെ ഡിസംബര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 63,468 രൂപ രേഖപ്പെടുത്തുന്നു. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.77 ശതമാനവും വെള്ളി 0.5 ശതമാനവുമാണ് താഴേക്ക് പോയത്.
വ്യാഴാഴ്ച്ച ആഗോള തലത്തിലും സ്വര്‍ണം പതറി നില്‍ക്കുകയാണ്. അടുത്തവാരം നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് കൂടിക്കാഴ്ച മുന്‍നിര്‍ത്തി നിക്ഷേപകര്‍ ജാഗരൂകരാണ്. ഇതിനെത്തുടര്‍ന്ന് പൊന്നിന്റെ വില 1,800 ഡോളറിന് താഴെയും തുടരുന്നു. ഇന്ന് ഡോളര്‍ സൂചിക ദുര്‍ബലമെങ്കിലും സ്‌പോട് ഗോള്‍ഡ് 0.6 ശതമാനം തകര്‍ച്ചയോടെ 1,793.20 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. സെപ്തംബര്‍ 21, 22 തീയതികളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ദ്വിദിന നയസമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. ആസ്തി വാങ്ങലുകള്‍ എന്നു കുറയ്ക്കുമെന്ന കാര്യവും പലിശ നിരക്ക് എന്നു മുതല്‍ കൂട്ടുമെന്ന കാര്യവും കൂടിക്കാഴ്ചയില്‍ ഫെഡറല്‍ റിസര്‍വ് വിശദമായി പരിശോധിക്കും.
1,770 ഡോളറില്‍ പിന്തുണ നില തുടര്‍ന്നാല്‍ സ്വര്‍ണം മുന്നേറാനുള്ള സാധ്യതയുണ്ട്. എന്നാല്‍ 1,770 ഡോളറിന് താഴേക്ക് സ്വര്‍ണം നേരിട്ടുചെന്നാല്‍ സ്വര്‍ണ വിപണിയില്‍ തിരുത്തല്‍ സംഭവിക്കാമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്ത് പറയുന്നു. ഈ വാരമാദ്യം യുഎസ് ഉപഭോക്തൃ വിലസൂചിക പുറത്തുവന്നതിന് പിന്നാലെ ഒരാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണം ചുവടുവെച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം കൂടിയതോടെ നേട്ടങ്ങളെല്ലാം സ്വര്‍ണം കൈവെടിഞ്ഞു.
സ്വര്‍ണ ഇടിഎഫുകളും താഴ്ന്ന നിലയില്‍ തുടരുകയാണ്. ബുധനാഴ്ച്ച ലോകത്തെ ഏറ്റവും വലിയ സ്വര്‍ണാധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റ് 0.2 ശതമാനം ഇടിഞ്ഞ് 998.46 ടണ്ണിലേക്കെത്തി. മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളി മാറ്റമില്ലാതെ 23.81 ഡോളറില്‍ വ്യാപാരം നടത്തുകയാണ്. പ്ലാറ്റിനം ഔണ്‍സിന് 947.39 ഡോളറും കുറിക്കുന്നുണ്ട്. 23.40 ഡോളറിന് മുകളില്‍ തുടരുന്നതുവരെയും നേരിയ പോസിറ്റീവ് ട്രെന്‍ഡില്‍ വെള്ളിയില്‍ കാണാമെന്നാണ് ജിയോജിത്തിന്റെ പക്ഷം. എന്നാല്‍ വലിയ മുന്നേറ്റം സാധ്യമാകണമെങ്കില്‍ വെള്ളിയുടെ നിരക്ക് 24.60 ഡോളറിന് മുകളില്‍ കടക്കണം.


Click it and Unblock the Notifications