ആധാർ, പാൻ വിവരങ്ങളായ പേഴ്സണൽ ഡാറ്റ പുറത്തായോ? പേടിക്കേണ്ട എല്ലാത്തിനും പരിഹാരമുണ്ട്
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്താവുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങളെ കുറിച്ച് അറിയുന്നത് നല്ലതാണ്. ചില വെബ്സൈറ്റുകൾ ഇന്ത്യൻ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങളായ ആധാർ, പാൻ കാർഡ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതായി കണ്ടെത്തി. ഇതോടെ അത്തരത്തിൽ നിരവധി വെബ്‌സൈറ്റുകൾ ഇന്ത്യ ഗവൺമെന്റ് ബ്ലോക്ക് ചെയ്തു. മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MeitY)യാണ് ഈ നടപടി സ്വീകരിച്ചത്.
മാത്രമല്ല ഈ വെബ്‌സൈറ്റുകൾ 2016ലെ ആധാർ നിയമത്തിലെ സെക്ഷൻ 29(4) ലംഘിക്കുന്നതായി ആരോപിച്ച് പോലീസ് അധികാരികൾക്ക് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഔദ്യോഗിക പരാതിയും നൽകിയിട്ടുണ്ട്. ആധാർ നമ്പറുകളും അനുബന്ധ വിവരങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് ഈ സെക്ഷൻ വ്യക്തമായി നിരോധിക്കുന്നു. അത്തരം സെൻസിറ്റീവായ ഡാറ്റ പുറത്താവുന്നത് പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു, അതിനാൽ തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഉടനടി നടപടികൾ സ്വീകരിക്കുന്നതാണ്.

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) അന്വേഷണം നടത്തുകയും ഈ വെബ്‌സൈറ്റുകളിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഈ സുരക്ഷാ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും അവരുടെ ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) ഇൻഫ്രാസ്ട്രക്ചറുകൾ എങ്ങനെ ശക്തിപ്പെടുത്താമെന്നും വെബ്‌സൈറ്റ് ഉടമകൾക്ക് വിശദമായ നിർദ്ദേശങ്ങൾ നൽകി.
സെൻസിറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്ന എല്ലാ ഓർഗനൈസേഷനുകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഐടി ആപ്ലിക്കേഷനുകളുടെ ഡിസൈൻ, ഡെവലപ്മെന്റ്, ഇംപ്ലിമെന്റേഷൻ, ഓപ്പറേഷൻ എന്നിവയ്ക്കായി സി.ഇ.ആർ.ടി-ഇൻ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഇതിനെല്ലാം പുറമേ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട്, 2000 പ്രകാരമുള്ള നിർദ്ദേശങ്ങളും സി.ഇ.ആർ.ടി-ഇൻ പുറപ്പെടുവിച്ചിട്ടുണ്ട്.
സുരക്ഷാ രീതികൾ, സൈബർ ഇൻസിഡന്റ്സ് തടയുന്നതിനുള്ള നടപടിക്രമങ്ങൾ, ഡാറ്റാ ലംഘനങ്ങൾ നേരിടുന്ന സ്ഥാപനങ്ങൾക്കുള്ള റിപ്പോർട്ടിംഗ് ആവശ്യകതകൾ എന്നീ കാര്യങ്ങളാണ് ഈ നിർദ്ദേശങ്ങളിലൂടെ ഉന്നയിക്കുന്നത്.
2011ലെ ഇൻഫർമേഷൻ ടെക്‌നോളജി (ന്യായമായ സുരക്ഷാ സമ്പ്രദായങ്ങളും നടപടിക്രമങ്ങളും സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ അല്ലെങ്കിൽ വിവരങ്ങളും) റൂൾസ് 2011 ന്റെ പ്രാധാന്യത്തെ കുറിച്ച് MeitY ഊന്നിപ്പറയുന്നു. ഈ നിയപ്രകാരം സെൻസിറ്റീവ് പേഴ്സണൽ ഡാറ്റ പരസ്യമായി വെളിപ്പെടുത്തുകയോ അനുമതിയില്ലാതെ പങ്കിടുകയോ ചെയ്യരുതെന്ന് കർശനമായി അനുശാസിക്കുന്നു.
തങ്ങളുടെ ഡാറ്റ അപഹരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന വ്യക്തികൾക്ക് സംസ്ഥാനങ്ങൾ നിയമിക്കുന്ന ഐടി സെക്രട്ടറിമാരായ അഡ്‌ജുഡിക്കേറ്റിംഗ് ഓഫീസർമാർക്ക് പരാതി നൽകാം. പിഴ ചുമത്താനും ബാധിക്കപെട്ട കക്ഷികൾക്ക് നഷ്ടപരിഹാരം നൽകാനും ഐടി ആക്ടിലെ സെക്ഷൻ 46 പ്രകാരം ഈ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

മറ്റൊരു സുപ്രധാന ആക്ടാണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ് 2023. ഇത് ഇന്ത്യൻ പൗരൻമാരുടെ പേഴ്സണൽ ഡാറ്റയുടെ സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രൂപം കൊണ്ട ആക്ടാണ്. ഈ പുതിയ ആക്ടിനു കീഴിലുള്ള നിയമങ്ങൾ നിലവിൽ കരട് തയ്യാറാക്കലിൻ്റെ അവസാന ഘട്ടത്തിലാണ്. ഉടൻ തന്നെ ഈ നിയമം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ റെഗുലേഷനെ കുറിച്ച് ജനങ്ങൾക്ക് മനസിലാക്കുന്നതിനായി ഗവൺമെന്റ് ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. പേഴ്സണൽ ഡാറ്റ കൈകാര്യം ചെയ്യുമ്പോൾ പൗരൻമാരെയും ബിസിനസ്സുകളെയും സർക്കാർ സ്ഥാപനങ്ങളെയും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബോധവൽക്കരണ കാമ്പയിൻ.


Click it and Unblock the Notifications


