നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും ഹിൻഡൻബർഗ്, അദാനി ഓഹരികൾ തകരുമോ, വിശദമായി അറിയാം
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമത്വം നടത്തി എന്ന ആരോപണം ഹിൻഡൻബർഗ് റിസർച്ച് ഉന്നയിക്കുന്നത്. പിന്നാലെ അദാനി ഓഹരികൾ വലിയ തകർച്ചയും നേരിട്ടു. ആ തകർച്ചയിൽ നിന്നും പതിയെ അദാനി ഗ്രൂപ്പ് ഓഹരികൾ തിരികെ കയറുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പുതിയ റിപ്പോർട്ട് ഹിൻഡൻബർഗ് റിസർച്ച് പുറത്ത് വിട്ടതോടെ അദാനി ഗ്രൂപ്പ് ഓഹരികൾ വീണ്ടും താഴേക്ക് വീഴുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ.
ആദ്യത്തെ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികൾ തകർന്നടിഞ്ഞു. ചില ഓഹരി 83 ശതമാനം വരെ ഇടിഞ്ഞു. ഏതൊക്കെയാണ് ആ ഓഹരികൾ എന്ന് നോക്കാം.
1. അദാനി എൻ്റർപ്രൈസസ്
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി എൻ്റർപ്രൈസസ് ഓഹരി ഏകദേശം 70 ശതമാനം ഇടിഞ്ഞു. വില 1017 രൂപയിലേക്ക് താഴ്ന്നു. എന്നാൽ പിന്നീട് നഷ്ടം വീണ്ടെടുക്കാൻ ഓഹരിക്ക് സാധിച്ചിരുന്നു. 2024 ഓഗസ്റ്റ് 9-ന് 3186 രൂപ എന്ന നിലയിലാണ് അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരി വില.
2. അദാനി വിൽമർ
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ 50 ശതമാനം ഇടിവ് അദാനി വിൽമർ ഓഹരി നേരിട്ടിരുന്നു. 573 രൂപയിൽ നിന്നും 286 രൂപയിലേക്കാണ് ഓഹരി വില തകർന്ന് വീണത്. പഴയ കുതിപ്പിലേക്കെത്താൻ പിന്നീട് ഓഹരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. 385 രൂപയാണ് ഓഹരിയുടെ നിലവിലെ വില. അതിൻ്റെ തകർച്ചയ്ക്ക് മുമ്പുള്ള നിലയേക്കാൾ ഏകദേശം 33% താഴെയാണ്.

3. അദാനി പവർ
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി 52 ശതമാനം ഇടിഞ്ഞിരുന്നു. 275 രൂപയിൽ നിന്നും 132 രൂപയായി കുറഞ്ഞു. എന്നാൽ പിന്നീട് വലിയ കുതിപ്പ് നടത്താൻ അദാനി പവർ ഓഹരിക്ക് സാധിച്ചു. 692 രൂപയാണ് ഓഹരിയുടെ നിലവിലെ വില.
4. അദാനി തുറമുഖങ്ങൾ
ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഓഹരി 48% ഇടിവ് രേഖപ്പെടുത്തി 359 രൂപയിലേക്ക് താഴ്ന്നു. എന്നാൽ 119 ദിവസം കൊണ്ട് ഓഹരി നഷ്ടം വീണ്ടെടുത്തു. 2024 ഓഗസ്റ്റ് 9-ന് അദാനി പോർട്ട്സിൻ്റെ ഓഹരി വില 1534 രൂപയാണ്.
5. അദാനി ഗ്രീൻ എനർജി
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രീൻ എനർജിയുടെ ഓഹരി വില 1,917 രൂപയിൽ നിന്ന് 485 രൂപയായി കുറഞ്ഞു. 75 ശതമാനത്തിന്‍റെ ഇടിവ്. എന്നാൽ 379 ദിവസങ്ങൾക്ക് ശേഷം, 2024 ഫെബ്രുവരി 7 ആകുമ്പോഴേക്കും ഓഹരി അതിൻ്റെ നഷ്ടം വീണ്ടെടുത്തു. 1,774 രൂപയാണ് നിലവിലെ ഓഹരി വില.
6. അദാനി ടോട്ടൽ ഗ്യാസ്
അദാനി ടോട്ടൽ ഗ്യാസിനെയാണ് ഹിൻഡൻബർഗ് കൂടുതൽ ബാധിച്ചത്. ഓഹരി വില 3,892 രൂപയിൽ നിന്ന് 650 രൂപയിലേക്ക് ഇടിഞ്ഞു. 83 ശതമാനം നഷ്ടം. നഷ്ടം മുഴുവൻ വീണ്ടെടുക്കാൻ ഓഹരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. 870 രൂപയാണ് നിലവിലെ ഓഹരി വില.

7. അദാനി സൊല്യൂഷൻസ്
അദാനി എനർജി സൊല്യൂഷൻസിന് സംഭവിച്ച നഷ്ടം 77 ശതമാനമാണ്. ഓഹരി വില 2,726 രൂപയിൽ നിന്ന് 632 രൂപയായി കുറഞ്ഞു. 1104 രൂപയാണ് നിലവിലെ ഓഹരി വില. ഇത് ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പുള്ള നിലവാരത്തിന് 60 ശതമാനം താഴെയാണ്.
പുതിയ ആരോപണം എന്ത്..?
അദാനിയുമായി ബന്ധമുള്ള വിദേശ കമ്പനികളിൽ സെബി ചെയർ പേഴ്സൺ മാധബ് പുരി ബുച്ച്, അവരുടെ ഭർത്താവ് ധവാൽ ബുച്ച് എന്നിവർക്ക് രഹസ്യമായി ഓഹരി നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്. എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് അദാനി ഗ്രൂപ്പും മാധബ് പുരി ബുച്ചും.


Click it and Unblock the Notifications


