നെഗറ്റീവ് വളര്‍ച്ച പ്രവചിച്ച് റിസര്‍വ് ബാങ്ക്, ആശങ്കയൊഴിയാതെ ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 'കീഴോട്ടായിരിക്കുമെന്ന്' റിസര്‍വ് ബാങ്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. 2021-21 സാമ്പത്തികവര്‍ഷം നെഗറ്റീവ് വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. ചൊവാഴ്ച്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ച (ജിഡിപി) മൈനസ് 4.5 ശതമാനം വരെ തൊടുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഉപഭോഗ ആവശ്യം ദുര്‍ബലപ്പെടുന്നതും ശേഷി വിനിയോഗം കുറയുന്നതും മൂലം പുതിയ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ കാര്യമായി സംഭവിക്കുന്നില്ലെന്നും റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രധാനമായും കൊവിഡ് ഭീതി വരുത്തിയ വിനാശമാണ് സമ്പദ്‌വ്യവസ്ഥയുടെ നെഗറ്റീവ് വളര്‍ച്ചയ്ക്ക് കാരണം.

 
നെഗറ്റീവ് വളര്‍ച്ച പ്രവചിച്ച് റിസര്‍വ് ബാങ്ക്, ആശങ്കയൊഴിയാതെ ഇന്ത്യ

റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളുടെ തകര്‍ച്ച ഇന്ത്യയ്ക്ക് ആഘാതമാവുന്നു. വില്‍പ്പന ഗണ്യമായി ഇടിഞ്ഞ സാഹചര്യത്തില്‍ ഈ മേഖലകളിലെ സംരംഭങ്ങള്‍ പലതും നിലച്ച മട്ടാണെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. നേരത്തെ, ജൂണില്‍ അന്താരാഷ്ട്ര നാണയനിധി (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇന്ത്യയുടെ വളര്‍ച്ച നെഗറ്റീവായിരിക്കുമെന്ന് പരാമര്‍ശിച്ചിരുന്നു. 2020 സാമ്പത്തികവര്‍ഷം 4.5 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദം സമ്പദ് രംഗത്ത് തളര്‍ച്ച കൂടുതല്‍ അനുഭവപ്പെടും. എന്നാല്‍ രണ്ടാം പാദത്തില്‍ ക്രമാനുഗതമായി വളര്‍ച്ച ദൃശ്യമാകുമെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ഇതേസമയം, ആഗോള ചിത്രം പരിശോധിച്ചാല്‍ കഴിഞ്ഞ എട്ടു ദശകം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന് 2020 സാക്ഷിയാകുമെന്ന മുന്നറിയിപ്പ് ഐഎംഎഫ് നല്‍കുന്നുണ്ട്. 2009 -ല്‍ ലോകരാഷ്ട്രങ്ങള്‍ അനുഭവിച്ച മാന്ദ്യത്തേക്കാള്‍ മൂന്നിരട്ടിയായിരിക്കുമിത്. ഇന്ത്യയുടെ കാര്യമെടുത്താല്‍ രണ്ടാം പാദം വരെ പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. 2021 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തിന് ശേഷം മാത്രമേ പണപ്പെരുപ്പം കുറയാനുള്ള സാധ്യത കേന്ദ്ര ബാങ്ക് കാണുന്നുള്ളൂ.

68 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാരണം ഉത്പാദന, ഖനന മേഖലകളിലെ ആഘാതം 2.7 ലക്ഷം കോടി രൂപയില്‍ എത്തിനില്‍ക്കുന്നതായും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാം. ഹോസ്പിറ്റാലിറ്റി, യാത്ര, എയര്‍ലൈന്‍, ടൂറിസം മേഖലകളില്‍ സംഭവിച്ച തൊഴില്‍ നഷ്ടമാണ് രാജ്യത്തെ ആളുകളെ ഏറ്റവുമധികം ബാധിച്ചത്. എന്തായാലും കൊവിഡ് ഭീതി മൂലമുണ്ടായ നഷ്ടം വീണ്ടെടുക്കാന്‍ റിസര്‍വ് ബാങ്ക് നിരവധി പരിഷ്‌കാരങ്ങള്‍ നടപടികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. എന്നാല്‍ സമ്പദ്ഘടന പഴയപടിയില്‍ തിരിച്ചെത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം.

Read more about: gdp india rbi
English summary

India's GDP Growth Projects At Minus 4.5 For FY 2020-21, Says Reserve Bank Of India

India's GDP Growth Projects At Minus 4.5 For FY 2020-21, Says Reserve Bank Of India. Read in Malayalam.
Story first published: Tuesday, August 25, 2020, 17:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X