വീട്ടിലിരുന്ന് ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാരോട് ഇലക്ട്രിസിറ്റി ബില്‍ ആവശ്യപ്പെട്ടിരിക്കയാണ് ഇന്‍ഫോസിസ് മാനേജ്‌മെന്റ്. കമ്പനി പിന്തുടരുന്ന സുസ്ഥിരതാ പരിപാടിയുടെ ഭാഗമായാണ് ഇത്. ശുദ്ധമായ ഊര്‍ജ്ജത്തിന്റെ ഉത്പാദനത്തിലൂടെ കമ്പനി ഈ ഡാറ്റ ആഘാതം നികത്തും. ഒരു വര്‍ക്ക് ഫ്രം ഹോം വൈദ്യുതി ഉപഭോഗ സര്‍വേ ആരംഭിച്ചതായി ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ജയേഷ് സംഘരാജ്ക സ്ഥിരീകരിച്ചു.

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഫാനുകള്‍, എസി, ഹീറ്ററുകള്‍, ലൈറ്റുകളുടെ വാട്ടേജ് എന്നിവയുടെ ഉപയോഗം, വീട്ടില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് ജീവനക്കാര്‍ ഉത്തരം നല്‍കണം. ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചുള്ള ആശയങ്ങള്‍ വീട്ടില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ അതും പങ്കുവെക്കണം.
കാര്യക്ഷമമായ വൈദ്യുതി ഉപയോഗത്തിലൂടെ ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് സര്‍വേ ലക്ഷ്യമിടുന്നത്.പരമ്പരാഗത കെട്ടിടങ്ങളേക്കാള്‍ 50-60% കുറവ് വൈദ്യുതി മാത്രമാണ് നിലവില്‍ ഇന്‍ഫോസിസ് കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ വീടുകളില്‍ ഇത്തരം ഊര്‍ജ്ജ-കാര്യക്ഷമതാ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കമ്പനി വിശ്വസിക്കുന്നു.ജീവനക്കാരുടെ പ്രതികരണം ''കൂടുതല്‍ കൃത്യമായ ആഘാതം അളക്കാനും ഫലപ്രദമായ സുസ്ഥിരതാ സംരംഭങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും'' സഹായിക്കും.
കമ്പനിയുടെ പുനരുപയോഗ ഊര്‍ജ്ജ നയം
300,000ത്തിലധികം ജീവനക്കാരുള്ള ബെംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയര്‍ കമ്പനി, സുസ്ഥിരതയെ ഒരു ലക്ഷ്യമായിട്ടല്ല, മറിച്ച് ഒരു ഉത്തരവാദിത്തമായിട്ടാണ് കാണുന്നത്. ആഗോള സമയപരിധിക്ക് മുമ്പായി ഇന്‍ഫോസിസ് കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലെത്തി. 2008 മുതല്‍ പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപഭോഗം 55% കുറച്ച അവര്‍ പുനരുപയോഗ സ്രോതസ്സുകളില്‍ നിന്ന് കഴിഞ്ഞവര്‍ഷം ഏകദേശം 77% വൈദ്യുതി കണ്ടെത്തി.
ഹൈബ്രിഡ് വര്‍ക്ക് പോളിസി
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ മാസത്തില്‍ 10 ദിവസമെങ്കിലും ഓഫീസിലെത്തണമെന്ന്
ഇന്‍ഫോസിസിന്റെ ഹൈബ്രിഡ് വര്‍ക്ക് പോളിസി നിഷ്‌ക്കര്‍ഷിക്കുന്നു.''ഹൈബ്രിഡ് വര്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്നതോടെ, ജോലിയുടെ പാരിസ്ഥിതിക ആഘാതം വീടുകളിലേക്ക് വ്യാപിക്കുന്നു. വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വൈദ്യുതി ഇന്‍ഫോസിസ് പിന്തുടരുന്ന ഹരിതഗൃഹ വാതക ബഹിര്‍ഗമന പരിധിയ്ക്ക് കീഴില്‍ വരും. അതുകൊണ്ടുതന്നെ ഊര്‍ജ്ജ ഉപയോഗത്തെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ നേടുന്നതിന് സര്‍വേ അനിവാര്യമാണ്,'' ജീവനക്കാര്‍ക്കയച്ച ഇ-മെയിലില്‍ സിഎഫ്ഒ കുറിച്ചു. 2020-21 വര്‍ഷത്തിലും കമ്പനി സമാന സര്‍വേ നടത്തിയിരുന്നു.


Click it and Unblock the Notifications