"വ്യവസായത്തിൻ്റെ വളർച്ചക്ക് അനുകൂലമായി ഒരു സമഗ്ര ചട്ടഭേദഗതി ഉടൻ കൊണ്ടു വരും." ഇന്ന് ഫെബ്രുവരി 21 വെള്ളിയാഴ്ച ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ പ്രതീക്ഷകളെ ഉയർത്തിപ്പിടിക്കാൻ ഈ ഉച്ചകോടിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
"എല്ലാ വിമർശനങ്ങളെയും ഞങ്ങൾ സ്വീകരിക്കുകയും കേരളത്തെ ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനുള്ള മുന്നേറ്റത്തിൽ എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു" എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ ഒരു ഇൻവെസ്റ്റ്‌മെന്റ് ഹബാക്കി മാറ്റുന്നതിന് കേരള സർക്കാർ ശക്തമായി പ്രവർത്തിക്കും. ഒരു നിക്ഷേപകനും ചുവപ്പുനാടയിൽ കുരുങ്ങുന്നില്ല എന്ന് ഉറപ്പാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പുതിയ വ്യാവസായിക നയത്തിലെ പ്രധാന മേഖലകളിൽ പരമാവധി നിക്ഷേപം സൃഷ്ടിക്കുക എന്നാണ് ഈ ഉച്ചകോടിയിലൂടെ സംസ്ഥാനം മുന്നോട്ട് വെക്കുന്നത്. നിക്ഷേപങ്ങൾക്ക് ആവശ്യമുള്ള സൗകര്യമൊരുക്കുവാനും പ്രോൽസാഹനം നൽകുന്നതിനും സർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തും. വിവിധ മേഖലയുടെ വളർച്ച കേരളത്തെ ആഗോള തലത്തിൽ ശക്തരാക്കാൻ സഹായിക്കും എന്നത് ഉറപ്പാണ്.
നിക്ഷേപങ്ങൾക്ക് ഒരു പറുദീസയെന്ന് അറിയപ്പെടുന്ന കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് ഇതാണ് ശരിയായ സമയമാണെന്ന് ചടങ്ങിൽ കേരള വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനം 22 മുൻഗണനാ മേഖലകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിൽ പ്രകൃതി, ജനങ്ങൾ, വ്യവസായം എന്നിവയിലാണ് കൂടുതൽ ശ്രദ്ധ പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 21 മുതൽ 22 വരെ രണ്ട് ദിവസങ്ങളിലായിട്ടാണ് കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി നടക്കുന്നത്. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഏകദേശം 3,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിൽ നിന്ന് നിരവധി പ്രമുഖരാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രം ദീപം കൊളുത്തിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ടി സതീശൻ, ഫിഷറീസ് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, എന്നിവരും സദസ്സിലുണ്ടായിരുന്നു.
സംരംഭകർക്ക് എന്ന പോലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവർത്തനം ചെയ്യുന്നതിനുള്ള ഗൗരവമേറിയ നടപടികളും സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
വ്യവസായ വികസനം സാധ്യമാക്കാന്‍ മനുഷ്യവിഭവ ശേഷിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി യുവാക്കളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തും. യുവാക്കള്‍ക്ക് ആവശ്യത്തിന് പരിശീലനം നല്‍കി വിവിദ തൊഴിൽ മേഖലയിൽ വിദഗ്ധരെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 6200 സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ട്. 62,000 ജീവനക്കാരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. 2026 ആവുമ്പോഴേക്കും ഇത് 15000 സ്റ്റാര്‍ട്ട് അപ്പുകളായി ഉയര്‍ത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്ഘാടനത്തിന് ശേഷം വൈകുന്നേരം 6 മണി വരെ വിവിധ മേഖലകളിൽ സെഷനുകൾ നടക്കും.


Click it and Unblock the Notifications