സ്വർണ്ണം ഇന്ത്യയിൽ ഒട്ടുമിക്കവർക്കും ഒരു വിലപ്പെട്ട ആസ്തിയാണ്. അതായത് പെട്ടെന്ന് പണം ആക്കി മാറ്റാനും അതുപോലെതന്നെ ദിനംപ്രതി വില അധികരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അമൂല്യ വസ്തു. ആഭരണമായി ധരിക്കാനും നിക്ഷേപമായി സൂക്ഷിക്കാനും ഉപയോഗിക്കുന്ന സ്വർണ്ണം വിവിധ കാരറ്റുകളിൽ ലഭ്യമാണ്. അവയിൽ 18 കാരറ്റ് സ്വർണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ വലിയ രീതിയിൽ ഉള്ള ജനപ്രീതി കൈവരിച്ചിട്ടുണ്ട്.
എന്നാൽ, 18 കാരറ്റ് സ്വർണ്ണം ഒരു നല്ല നിക്ഷേപമാണോ? അതോ അതൊരു ആഭരണം മാത്രമായി സൂക്ഷിക്കാൻ കഴിയുന്ന ഒന്നാണോ? ഈ ചോദ്യങ്ങൾ ധാരാളമാളുകളുടെ മനസ്സിൽ ഉണ്ടായിട്ടുണ്ടായിരിക്കും. ഈ ലേഖനത്തിൽ അതിന്റെ സവിശേഷതകളും വിപണി പ്രവണതകളും വിഷയത്തിലെ വിദഗ്ധരുടെ അഭിപ്രായവും പരിശോധിക്കാം.
18 കാരറ്റ് സ്വർണം തനി തങ്കമല്ലേ?
18 കാരറ്റ് സ്വർണ്ണത്തിൽ 75% ശുദ്ധസ്വർണ്ണവും 25% മറ്റ് ലോഹങ്ങളും (കാപ്പർ, സിൽവർ, നിക്കൽ മുതലായവ) അടങ്ങിയിരിക്കുന്നു. 22 കാരറ്റ് (91.6%), 24 കാരറ്റ് (99.9%) എന്നിവയെക്കാൾ കുറവ് സ്വർണത്തിന്റെ അംശം ഉള്ളതാണ് ഇതെങ്കിലും, ഈ രണ്ടിനെയും അപേക്ഷിച്ച് കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് എന്ന നിലയിൽ 18 കാരറ്റ് സ്വർണം മുന്നിട്ട് നിൽക്കുന്നു. അതായത് സ്വർണ്ണം കൂടുതലുള്ള ആഭരണങ്ങളേക്കാൾ അധികം സുരക്ഷിതമാണ് ദിവസേന ഉപയോഗിക്കാൻ 18 ക്യാരറ്റ് സ്വർണം.
18 കാരറ്റ് സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുന്നതെന്തുകൊണ്ട്?
2024-ൽ, 225 ടൺ 18 കാരറ്റ് സ്വർണ്ണാഭരണങ്ങൾ ഇന്ത്യക്കാർ വാങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് 2023-ലെ അപേക്ഷിച്ച് 25% വർദ്ധനയാണ് സൂചിപ്പിക്കുന്നത്. ആൾ ഇന്ത്യ ജെം& ജ്വല്ലറി ഡോമീസ്റ്റിക് കൗൺസിൽ ചെയർമാനായ രാജേഷ് റോക്ക്‌ഡേ പറയുന്നു:
"18 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെ ഡിമാൻഡിൽ 5-10% മാത്രമായിരുന്നു മുമ്പ് വാർഷിക വളർച്ച. എന്നാൽ, 2024-ൽ 25% വരെ ഉയർന്നതാണ് ഇതിന്റെ ശ്രദ്ധേയമായ മാറ്റം."
ജോയ് അലുക്കാസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ വർഗീസ് ആലുക്കാസ് പറയുന്നത് അനുസരിച്ച്:
"ഞങ്ങളുടെ ഷോറൂമുകളിൽ 15-20% വരെ 18 കാരറ്റ് ആഭരണങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചു. കൂടുതലും പുതിയ ജനറേഷനിലെ കുട്ടികളാണ് പ്രധാന ഉപഭോക്താക്കൾ."
ആവശ്യക്കാർ ക്രമേണ വർധിക്കുകയാണെന്നും, വിവാഹത്തിനുൾപ്പെടെ 18 കാരറ്റ് ആഭരണങ്ങൾ വലിയൊരു ട്രെൻഡ് ആയി മാറുകയാണെന്നും, ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ.എസ്.അബ്ദുൽ നാസർ പറയുന്നു.

കുറഞ്ഞ വില, ആധുനിക രൂപകൽപ്പന, ഉറപ്പുള്ള ഘടന എന്നിവ മൂലം 18 കാരറ്റ് സ്വർണ്ണം കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നു.
18 കാരറ്റ് സ്വർണ്ണം നല്ല നിക്ഷേപമാണോ?
നിക്ഷേപം എന്ന നിലയിൽ 18 കാരറ്റ് സ്വർണ്ണം എത്രത്തോളം ഉചിതമാണെന്ന് വിലയിരുത്താം:
*റീസെയിൽ വില:
18 കാരറ്റ് സ്വർണ്ണം 22 കാരറ്റ് അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണത്തേക്കാൾ കുറഞ്ഞ റീ സെയിൽ വാല്യൂ ആണ് പ്രകടമാക്കുന്നത്.
ഇത് വാങ്ങുന്നതിനുള്ള ചെലവ് കുറവായതിനാൽ ആദ്യം നിക്ഷേപിക്കാൻ എളുപ്പമാണ്, എന്നാൽ വിൽക്കുമ്പോൾ കുറഞ്ഞ ലാഭമേ ലഭിക്കൂ.
*ഉറപ്പും ദൈർഘ്യവും:
24 കാരറ്റ് സ്വർണ്ണം വളരെ മൃദുവായതിനാൽ എളുപ്പത്തിൽ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതേസമയം, 18 കാരറ്റ് സ്വർണ്ണം കൂടുതൽ ഉറപ്പുള്ളത് ആകുന്നതിനാൽ ദൈനംദിന ഉപയോക്താക്കൾക്ക് അനുയോജ്യമാണ്.
ലഭ്യത
22/24 കാരറ്റ് സ്വർണ്ണത്തേക്കാൾ കുറഞ്ഞ വിലയുള്ളതിനാൽ 18 കാരറ്റ് സ്വർണ്ണം കുറഞ്ഞ ചെലവിൽ സ്വന്തമാക്കാം.
ഇത് യുവാക്കൾക്കും കുറഞ്ഞ ബജറ്റുള്ളവർക്കുമിടയിൽ വളരെയധികം ആകർഷണമാകുന്നു.
വിപണി ഡിമാൻഡ്:
2024-ൽ ഉണ്ടായ 225 ടൺ ഉപഭോഗം ഭാവിയിൽ കൂടുതൽ വളർച്ച സൂചിപ്പിക്കുന്നു.
എന്നാൽ, പൂർണ്ണ നിക്ഷേപം എന്ന നിലയിൽ, 24 കാരറ്റ് സ്വർണ്ണം കൂടുതൽ മൂല്യവത്തും ലിക്വിഡിറ്റിയുള്ളതുമാണ്.
18 കാരറ്റ് സ്വർണ്ണം: നേട്ടങ്ങളും ദോഷങ്ങളും
18 കാരറ്റ് സ്വർണ്ണം ഒരു ഉറപ്പുള്ള, ആധുനിക, കുറഞ്ഞ ചെലവിലുള്ള നിക്ഷേപമാണ്. യുവതലമുറയിൽ ഉയർന്ന ഡിമാൻഡുള്ളതും ദിവസേന ഉപയോക്താക്കൾക്ക് അനുയോജ്യമായതുമാണ് ഇത്. എന്നാൽ, വാങ്ങി വിൽക്കുമ്പോൾ മികച്ച ലാഭം ആഗ്രഹിക്കുന്നവർക്ക് 24 കാരറ്റ് സ്വർണ്ണം മികച്ചതാണ്. നിങ്ങളുടെ ആവശ്യം നിക്ഷേപമോ ആഭരണ പ്രിയമോ എന്നതനുസരിച്ച് സമഗ്രമായ വിലയിരുത്തൽ നടത്തുക.


Click it and Unblock the Notifications