സംസ്ഥാന ചരിത്രത്തിലെ നാലാമത്തെ ദൈര്‍ഘ്യമേറിയ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗം ഏകദേശം 3 മണിക്കൂറുകളോളം നീണ്ടു നിന്നു. കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് ബജറ്റിൽ ധനമന്ത്രി നടത്തിയത്. കേരളത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പക്ഷെ കേരളം പിടിച്ചു നിന്നു. തൊഴിലുറപ്പ് പദ്ധതിയിലടക്കം കേന്ദ്ര നയങ്ങൾ കേരളത്തിന് തിരിച്ചടിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കടപരിധി വെട്ടിക്കുറച്ചു
ബജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തിന്‍റെ അനീതികൾ എണ്ണിപ്പറഞ്ഞായിരുന്നു ധനമന്ത്രിയുടെ വിമർശനം. കേരളത്തിന്‍റെ കടപരിധിയുടെ കാര്യത്തില്‍ പല തൊടുന്യായങ്ങളും പറഞ്ഞ് വെട്ടിക്കുറവ് വരുത്തുകയാണ്. സംസ്ഥാനങ്ങളുടെ നികുതി വരുമാനവും വായ്പാ പരിധിയും വെട്ടിക്കുറയ്ക്കുന്നു. കേന്ദ്രത്തില്‍ നിന്നുളള ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങും. പക്ഷെ കേരളത്തിന്‍റെ കാര്യം നേർ വിപരീതമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തെ അവഗണിക്കുന്ന വാർത്തകൾ പുറത്ത് വരുമ്പോൾ സന്തോഷിക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര അവഗണനയുടെ കണക്കുകള്‍ കിട്ടുന്ന വേദികളിലെല്ലാം വിളിച്ച് പറയുന്നുണ്ട്. കേന്ദ്ര അവഗണനയെ പ്രതിരോധിക്കാനുളള ഒന്നാമത്തെ മാര്‍ഗം അനീതിയാണ് നടക്കുന്നത് എന്ന് വിളിച്ച് പറയുകയെന്നതാണ്. കൂടുതല്‍ ചെലവുത്തരവാദിത്തങ്ങള്‍ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് മേൽ കെട്ടിയേല്‍പ്പിക്കുന്നു എന്നും ധനമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക
തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേന്ദ്രം നടത്തിയ പുതിയ ഇടപെടലുകൾക്കിടയിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ അധിക തുക ആവശ്യമായി വരുമെന്നും 1000 കോടി ഇതിനായി നീക്കിവെക്കുന്നുവെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തില്‍ ഇല്ലാത്ത രീതിയില്‍ കവര്‍ന്നെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ട് ചോരിയും
ഇന്ത്യയില്‍ വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നു. ജിഎസ്ടി പരിഷ്‌കരണത്തില്‍ 800 കോടി രൂപയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. കേന്ദ്ര പദ്ധതിയിലെ കേന്ദ്ര വിഹിതം കുറച്ചു. തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ രണ്ടായിരം കോടി അധികം കണ്ടത്തേണ്ട സ്ഥിതിയാണ്. നികുതി വരുമാനവും വായ്പാ പരിധിയും വെട്ടികുറയ്ക്കുന്നു. തനത് വരുമാനത്തിന്റെ പ്രധാന സ്രോതസായ ജിഎസ്ടിയില്‍ പോലും കുറവ് വരുത്തിയെന്നും മന്ത്രി പറഞ്ഞു.
എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം
മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല മറിച്ച് 'മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ്' എന്നതാണ് തങ്ങളെ നയിക്കുന്ന മുദ്രാവാക്യമെന്നും ധനമന്ത്രി പറഞ്ഞു. അതിദാരിദ്ര്യത്തിൽനിന്ന് മോചനവും കടക്കെണിയിൽ വീണവരുടെ കിടപ്പാടമടക്കം സംരക്ഷിക്കലും സർക്കാർ പള്ളിക്കൂടങ്ങളും ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങൾ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. അത് ഓരോ നിശ്വാസത്തിലും ഉയർത്തിപ്പിടിക്കുന്നുണ്ട്' മന്ത്രി പറഞ്ഞു


Click it and Unblock the Notifications