സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കൂടി; പൊന്നിന്റെ 'തലവര' മാറുന്നോ?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണവില പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായി. ബുധനാഴ്ച്ച പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇന്നലെ വില്‍ക്കപ്പെട്ടത്. കഴിഞ്ഞമാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 34,440 രൂപയാണ് (മാര്‍ച്ച് ഒന്നിന്).

മാർച്ചിലെ വില

മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 63.60 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 508.80 രൂപ.

ദേശീയ വിപണിയിൽ

ദേശീയ വിപണിയില്‍ സ്വര്‍ണം, വെള്ളി നിരക്കുകളില്‍ കാര്യമായ മാറ്റമില്ല. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,977 രൂപ വില കുറിക്കുന്നു. വെള്ളിയുടെ കിലോ നിരക്ക് 0.35 ശതമാനം ഇടിവോടെ 63,595 രൂപയിലെത്തി. ബുധനാഴ്ച്ച സ്വര്‍ണം 1 ശതമാനവും വെള്ളി 0.9 ശതമാനവും എംസിഎക്‌സില്‍ മുന്നേറിയിരുന്നു.

സ്വർണത്തിന്റെ പിൻവാങ്ങൽ

മൊത്തം ചിത്രം വിലയിരുത്തിയാല്‍ ഈ വര്‍ഷം ആദ്യ മൂന്നു മാസം കൊണ്ടുതന്നെ 10 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപയോളം വിലയിടിഞ്ഞു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ടതിന് ശേഷമാണ് പൊന്നിന്റെ പിന്‍വാങ്ങല്‍. ഏഴു മാസം കൊണ്ട് സ്വര്‍ണത്തിന് 11,000 രൂപയോളം കുറഞ്ഞത് കാണാം. എംസിഎക്‌സില്‍ സ്വര്‍ണം 45,140 രൂപയില്‍ പ്രതിരോധം നേരിടും. 42,820 രൂപയാണ് സ്വര്‍ണത്തിന്റെ പിന്തുണ നില.

ആഗോള വിപണി

വ്യാഴാഴ്ച്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ച 2 ലക്ഷം കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതി സ്വര്‍ണവിലയെ കാര്യമായി സ്വാധീനിച്ചു. 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന് പിന്നാലെയാണ് ഗതാഗതം, ടെലികോം, ഊര്‍ജ്ജ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി അമേരിക്ക പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു ലോഹങ്ങൾ

പുതിയ സാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്. പണപ്പെരുപ്പത്തിനെതിരെയുള്ള മുന്‍കരുതലായി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ഉറ്റുനോക്കുന്നു.
ഔണ്‍സിന് 1,710.28 ഡോളര്‍ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. 0.2 ശതമാനം വിലവര്‍ധനവ്. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കുറഞ്ഞ് 24.36 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 1,184 ഡോളറും രേഖപ്പെടുത്തുന്നു.

ആഗോള ചിത്രം

ബുധനാഴ്ച്ച വാള്‍ സ്ട്രീറ്റിലെ നേട്ടം മുന്‍നിര്‍ത്തി ഏഷ്യന്‍ വിപണികളെല്ലാം ഉണര്‍വോടെയാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും മികച്ച ത്രൈമാസപാദം പിന്നിട്ട ഡോളര്‍ സൂചികയാകട്ടെ 93.233 എന്ന നിലവാരവും ഇന്ന് കയ്യടക്കുന്നു. 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ബോണ്ടുകളുടെ വരുമാനം 1.74 ശതമാനമായി ക്രമപ്പെട്ടിട്ടുണ്ട്.

 
ഘടകങ്ങൾ

ഏറ്റവും കുറഞ്ഞത് അടുത്ത ഒരു മാസം കൂടി ഡോളര്‍ സൂചിക കരുത്തോടെ നിലകൊള്ളുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ പ്രവചിക്കുന്നത്. ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നതും സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X