കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണവില പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഇന്നലെ ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണ് സ്വര്‍ണം രേഖപ്പെടുത്തിയത്. പവന് 34,800 രൂപയും ഗ്രാമിന് 4,350 രൂപയുമായിരുന്നു വെള്ളിയാഴ്ച്ചത്തെ വില. ഈ മാസം സ്വര്‍ണം കുറിച്ച ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് (ഏപ്രില്‍ ഒന്നിന്).

ഏപ്രില്‍ മാസം ഇതുവരെ പവന് 1,400 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. നേരത്തെ, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമായിരുന്നു (മാര്‍ച്ച് 31). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 67 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 536 രൂപ.
ദേശീയ വിപണിയില്‍ സ്വര്‍ണം, വെള്ളി നിരക്കുകളില്‍ നേരിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 46.793 രൂപയാണ് ഇന്ന് വില രേഖപ്പെടുത്തുന്നത്. വെള്ളിയുടെ കിലോ നിരക്ക് 67,240 രൂപയിലും എത്തിനില്‍ക്കുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണം 10 ഗ്രാമിന് 1,000 രൂപയിലേറെ എംസിഎക്‌സില്‍ വില വര്‍ധിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഇന്ത്യയില്‍ സ്വര്‍ണവില പതിയെ നില മെച്ചപ്പെടുത്തുകയാണ്. കഴിഞ്ഞ ആഴ്ച ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് ശേഷമാണ് പൊന്നിന്റെ തിരിച്ചുവരവ്.
രാജ്യാന്തര വിപണിയില്‍ ഡോളര്‍ സൂചിക മയപ്പെട്ട പശ്ചാത്തലത്തില്‍ സ്വര്‍ണം കരുത്താര്‍ജിച്ചത് കാണാം. കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. ഔണ്‍സിന് 1,755.91 ഡോളര്‍ എന്ന നിലയില്‍ ശനിയാഴ്ച്ച സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു. അമേരിക്കന്‍ ബോണ്ടുകളുടെ നേട്ടം ക്രമപ്പെട്ടതോടെ ഈ ആഴ്ച സ്വര്‍ണത്തിന് 1.5 ശതമാനമാണ് മൂല്യം കൂടിയത്.
പണപ്പെരുപ്പ സമ്മര്‍ദ്ദം താത്കാലികം മാത്രമാണെന്നും അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഉദാരനയം തുടരുമെന്നും യുഎസ് ഫെഡ് ചീഫ് ജെറോം പവല്‍ അറിയിച്ചതിന് പിന്നാലെയാണ് ബോണ്ട് നേട്ടം ക്രമപ്പെട്ടത്. ഈ സന്ദര്‍ഭം സ്വര്‍ണത്തിന് തിരിച്ചുവരാനുള്ള വഴിയും വെട്ടിത്തെളിച്ചു. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 25.45 ഡോളര്‍ രേഖപ്പെടുത്തുന്നു. ഇന്ന് പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 1,225.95 ഡോളറാണ്.


Click it and Unblock the Notifications