മൂല്യമിടിഞ്ഞ് സ്വര്‍ണം; പൊന്ന് വില്‍ക്കണോ അതോ കൂടുതല്‍ വാങ്ങണോ?

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച്ച സ്വര്‍ണവില പവന് 33,520 രൂപയും ഗ്രാമിന് 4,190 രൂപയുമായി തുടരുന്നു. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.

മാര്‍ച്ച് മാസം ഇതുവരെ പവന് 920 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 65.30 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 522.40 രൂപ.

ദേശീയ വിപണിയിൽ

ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ വിലവര്‍ധനവുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു ദിനം വിലയിടിഞ്ഞതിന് ശേഷം സ്വര്‍ണവും വെള്ളിയും ബുധനാഴ്ച്ച നില മെച്ചപ്പെടുത്തി. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,835 രൂപയാണ് വില രേഖപ്പെടുത്തുന്നത്; 0.4 ശതമാനം ഉയര്‍ച്ച. വെള്ളിയുടെ കിലോ നിരക്ക് 0.34 ശതമാനം കൂടി 65,190 രൂപയിലും എത്തി. 44,700 രൂപയ്ക്കും 44,600 രൂപയ്ക്കും ഇടയിലാണ് എംസിഎക്‌സില്‍ സ്വര്‍ണത്തിന് പിന്തുണ ലഭിക്കുക. 45,000 രൂപയ്ക്കും 45,100 രൂപയ്ക്കുമിടയില്‍ സ്വര്‍ണത്തിന്റെ പ്രതിരോധ നിലയും സജ്ജമാവുന്നു.

രാജ്യാന്തര വിപണിയിൽ

ആഗോള വിപണിയിലും സ്വര്‍ണം ഇന്ന് മുന്നേറിയിട്ടുണ്ട്. ഡോളര്‍ സൂചിക കരുത്താര്‍ജിച്ചിട്ടും സ്വര്‍ണത്തിന് ചുവടുപിഴച്ചില്ല. ലോകമെങ്ങും കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലം സ്വര്‍ണത്തിന് സഹായകമാവുകയാണ്. ഒപ്പം യുഎസ് ബോണ്ട് നേട്ടങ്ങള്‍ സാവധാനം പിന്‍വാങ്ങുന്നതും സ്വര്‍ണത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച്ച സ്വര്‍ണം ഔണ്‍സിന് 1,731.75 ഡോളറാണ് രാജ്യാന്തര വിപണിയില്‍ നിരക്ക്; 0.3 ശതമാനം വിലവര്‍ധനവ്. മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളി ഔണ്‍സിന് 0.3 ശതമാനം ഉണര്‍വോടെ 25.16 ഡോളര്‍ വില കുറിച്ചു. ഔണ്‍സിന് 1,168.08 ഡോളര്‍ എന്ന നിലയിലാണ് പ്ലാറ്റിനം വ്യാപാരം പുരോഗമിക്കുന്നത്.

ഘടകങ്ങൾ

മാര്‍ച്ച് ആദ്യവാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണം കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയെന്ന റെക്കോര്‍ഡ് വില കണ്ടെത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ പിന്‍വാങ്ങല്‍. എന്തായാലും പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ നിന്നും വരുന്ന സമ്മിശ്ര സാമ്പത്തിക കണക്കുകള്‍ സ്വര്‍ണത്തിന് തുണയാവുന്നുണ്ട്. കോവിഡ് ആശങ്കയും വര്‍ധിച്ചുവരുന്ന അമേരിക്ക - ചൈന, അമേരിക്ക - റഷ്യ സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

അനുയോജ്യമായ സമയം

ഇതേസമയം കരുത്താര്‍ജിക്കുന്ന ഡോളര്‍ സൂചിക, അമേരിക്കന്‍ ബോണ്ട് നേട്ടങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ കുതിപ്പിന് കടിഞ്ഞാണിടുന്ന ഘടകങ്ങളാണ്. ഇടിഎഫില്‍ നിന്നുള്ള പണമൊഴുക്ക് സ്വര്‍ണത്തിലുള്ള നിക്ഷേപകരുടെ താത്പര്യക്കുറവും പറഞ്ഞുവെയ്ക്കുന്നു. എന്തായാലും സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതെന്നാണ് ഈ രംഗത്തുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്നറിയിപ്പ്

ഇതേസമയം, വലിയ നേട്ടങ്ങള്‍ ലക്ഷ്യമാക്കി ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്തിയാല്‍ നഷ്ടം നേരിടാനുള്ള സാധ്യത ഏറെയാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവാഹക്കാലവും അക്ഷയതൃതീയ ദിനവും അടുത്തിരിക്കെ ഇന്ത്യയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പൊന്നിന്റെ വിലക്കുറവ് കണ്ട് ദിവസവും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X