സാധാരണക്കാരൻ്റെ കീശ കത്തും. കേരളത്തിൽ സ്വർണ വില ഇന്നും കത്തിക്കയറുന്നു. ഇതെങ്ങോട്ടാണ് പൊന്നിൻ്റെ ഈ കുതിപ്പ്? ഇന്ന് പവന് 560 രൂപ ഉയർന്നു. വില ഇനിയും താഴാൻ ഭാവമില്ലാത്ത പോലെയാണ് കുതിക്കുന്നത്. ഇങ്ങനെ പോയാൽ അടുത്ത ദിവസം പവന് 76,000 രൂപയിലെത്തും. ഇതൊന്നും സാധാരണക്കാർക്ക് താങ്ങാനാവില്ല. ആഗോളതലത്തിലെ താരിഫ് സമ്മർദ്ദങ്ങളും മറ്റു പ്രശ്നങ്ങളുമെല്ലാം സ്വർണ വിലക്ക് കൂടുതൽ ശക്തി നൽകുന്നു. വിലക്കയറ്റം തുടർന്നാൽ ആഭരണം വാങ്ങാൻ വലിയ പ്രതിസന്ധി നേരിടേണ്ടി വരും
നിലവിലെ കുതിപ്പ് പോലും ആശങ്ക വർദ്ധിപ്പിക്കുന്നു. 22 കാരറ്റ് ആഭരണങ്ങൾക്ക് വില ഉയരുന്നതു പോലെ മറ്റു കുറഞ്ഞ പരിശുദ്ധിയുള്ള ആഭരണങ്ങൾക്കും വില ഉയരുന്നുണ്ട്. സ്വർണ മോഹങ്ങൾ കാറ്റിൽ പറത്തേണ്ടി വരും. കഴിഞ്ഞ ആറ് ദിവസത്തിനിടെ കേരളത്തിൽ സ്വർണ വില ഗ്രാമിന് 320 രൂപയും പവന് 2,560 രൂപയും വർദ്ധിച്ചിട്ടുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ ഉയർന്ന് 9470 രൂപയായി. ഒരു പവന് 560 രൂപ ഉയർന്ന് 75,760 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 94,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,331 രൂപയും പവന് 82,648 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7749 രൂപയും പവന് 61,992 രൂപയുമാണ്.
രാജ്യാന്തര വിലയും വമ്പൻ നേട്ടത്തിലാണ്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,397.99 ഡോളറിലെത്തി. അതായത് 3,400 ഡോളറിന് തൊട്ടരികിലെത്തിയിരിക്കുന്നു. നാളെയും കുതിച്ചാൽ ഈ ലക്ഷ്യം ഭേദിക്കും. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിച്ചേക്കും.

ട്രംപിൻ്റെ താരിഫും സ്വർണക്കയറ്റവും
ഇന്ത്യക്കുമേൽ ശക്തമായ താരിഫാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഇതോടെ ആഗോള വിപണിയിൽ താരിഫ് പ്രതിസന്ധി രൂക്ഷമാവുന്നു. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കും വഴിയൊരുക്കും. ഇത്തരത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകൾ കാണുന്നത്. അതിനാൽ ഓഹരി പോലുള്ള നിക്ഷേപങ്ങളിൽ നിന്നും ആളുകൾ പതിയെ സ്വർണ നിക്ഷേപങ്ങളിലേക്ക് എത്തും. ഇത്തരത്തിൽ സ്വർണ നിക്ഷേപം വർദ്ധിക്കുന്നതോടെ സ്വർണ വിലയും ഉയരുന്നു. ഇന്നത്തെ റെക്കോർഡ് കുതിപ്പിന് കാരണവും ഇതാണ്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
മിനിമം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,980 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,290 രൂപയും കരുതേണ്ടി വരും. സ്വർണ വില വമ്പൻ കുതിപ്പിലേക്കാണ് മുന്നേറുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയല്ല. ഇവിടെ മിനിമം 5 ശതമാനം പണിക്കൂലിയാണ് കണക്കാക്കിയത്. പണിക്കൂലി വർദ്ധിക്കുന്നതിന് അനുസരിച്ച് ഈ വിലയിലും മാറ്റം സംഭവിക്കും.


Click it and Unblock the Notifications