ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ സമാധാനത്തിലേക്ക് എത്തിയതോടെ സ്വർണ വിലയും സമാധാനം തേടി. ഇന്ന് കേരളത്തിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ആശ്വസിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ചാഞ്ചാട്ടത്തിൽ ആയതിനാൽ വാങ്ങുന്നവർക്ക് നിരാശയായിരുന്നു. ഇന്ന് പവന് 1,320 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. രാജ്യാന്തര വിലയിലും ഇന്ന് ഇടിവാണ്.
യുദ്ധങ്ങളും യുദ്ധ സമാന അന്തരീക്ഷങ്ങളും പൊതുവേ സ്വർണ വിലയ്ക്ക് അനുയോജ്യമാണ്. എന്നാൽ ഇത്തവണ ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം ഒരു യുദ്ധത്തിലേക്ക് കടക്കാതിരുന്നതിനാൽ വാങ്ങുന്നവർക്ക് ആശ്വാസമായി.
ഇന്നത്തെ സ്വർണ വില ഇതാ....
ഇന്ന് ഒരു ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയായി. പവന് 1,320 രൂപ കുറഞ്ഞ് 71,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 88,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9688 രൂപയും പവന് 77,504 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7266 രൂപയും പവന് 58,128 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവിൽ സ്പോട്ട് സ്വർണ വില ഔൺസിന് 3,278.37 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എന്നാൽ വെള്ളി വില കുതിക്കുന്നു. കഴിഞ്ഞ സെഷനുകളിൽ ഡോളറിനെതിരെ രൂപ തളർന്നിരിന്നു. എന്നാൽ ഇന്നാൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ കേരളത്തിൽ സ്വർണ വില ഇടിയുന്നു.

സംഘർഷങ്ങൾക്ക് ഒടുവിൽ സ്വർണം വീണു...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷങ്ങൾ രാജ്യത്തെ ഭീതിയിലാഴ്ത്തി. എന്നാൽ സമാധാന ചർച്ചകളിലൂടെ പ്രശ്നങ്ങൾ അവസാനിച്ചതോടെ സ്വർണ വിലയും മങ്ങുന്നു. യുദ്ധം, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോൾ സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമ ലഭിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഓഹരി വിപണി ഇടിയുകയും സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയുമാണ്.
ഇന്ന് വില സംഘർഷങ്ങൾ അവസാനിച്ചതോടെ സ്വർണ നിക്ഷേപകരും അകലുന്നു. ഇത് വില ഇടിയാൻ കാരണമായി. നേരത്തെ യുഎസ്- ചൈന പ്രതിസന്ധികളും ഇതുപോലെയായിരുന്നു. പ്രതിസന്ധി ദിവസങ്ങളോളം തുടർന്നതിനാൽ മാർച്ച് മാസത്തിൽ സ്വർണ വില കത്തിക്കയറി. എന്നാൽ പിന്നീട് പ്രശ്നങ്ങൾക്ക് ശമനം വന്നതോടെയാണ് വിലയിൽ ഇടിവ് സംഭവിച്ച് തുടങ്ങിയത്.
സ്വർണ വില ഇനിയും ഇടിയുമോ?
നിലവിലെ പ്രവണതകൾ വ്യക്തമാക്കുന്നത് സ്വർണ വില ഇനിയും ഇടിയാനുള്ള സാധ്യതകളാണ്. കാരണം യുദ്ധ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ അവസാനിക്കുമ്പോൾ ഡോളർ, ഓഹരി വിപണികൾ എന്നിവ മെച്ചപ്പെടും. ഇത് സ്വർണത്തിൻ്റെ ശോഭ ഇല്ലാതാക്കും. നിലവിലെ രാജ്യാന്തരവില 3,138 ഡോളർ വരെ താഴ്ന്നേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും എന്നതിനാൽ കേരളത്തിൽ ഇനിയും സ്വർണ വില ഇടിഞ്ഞേക്കാം.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര വേണം?
ഇന്ന് സ്വർണ വില കുറഞ്ഞതോടെ വാങ്ങുന്നവർക്ക് സന്തോഷമായി. കാരണം ഇത് ആഭരണ വിലയിലും ഇടിവുണ്ടാക്കുന്നു. ഇന്ന് സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 76,885 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,610 രൂപ കൊടുക്കേണ്ടി വരും.
ഇവിലെ 5% മിനിമം പണിക്കൂലിയാണ് ഈടാക്കിയത്. 35 ശതമാനം വരെ പണിക്കൂലി ഈടാക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച വില കുതിച്ചുയർന്നപ്പോൾ വാങ്ങൽ വില 80,000 രൂപയിലേക്ക് കുതിച്ചിരുന്നു.


Click it and Unblock the Notifications