അപ്രതീക്ഷിതമായ കുതിപ്പാണ് സമീപകാലത്ത് സ്വർണ വിലയിൽ ഉണ്ടായിട്ടുള്ളത്. 2024-ന് ശേഷം സ്വർണത്തിന് റെക്കോർഡ് വില വർദ്ധനവാണ് ഉണ്ടായത്. 2023-ൽ ഒരു പവൻ സ്വർണത്തിന് 41,000 രൂപക്കും 46,000 രൂപക്കും ഇടയിലായിരുന്ന വില. 2025-ൽ അത് 57,200 രൂപ മുതൽ 81,440 രൂപ വരെയായി ഉയർന്നു. വെറും 9 മാസത്തിനുള്ളിൽ 24,000 രൂപയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കേരളീയരുടെ ജീവിതത്തിൽ സ്വർണം ഒരു വെറും ലോഹമല്ല. വിവാഹം, ഉത്സവം തുടങ്ങിയ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വർണാഭരണങ്ങൾ ഒഴിവാക്കാനാവില്ല. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായി സ്വർണത്തെ കാണുന്നവരും ഏറെയാണ്. പക്ഷേ കന്നിമാസത്തിൽ കേരളത്തിലെ സ്വർണ വില കുറയാനുള്ള സാധ്യത കൂടുതലാണ്. അതിനു കാരണം അറിയാം;
കന്നിമാസം വന്നാൽ സ്വർണവില കുറയുമോ?
കേരളത്തിലെ ഒരു വിശ്വാസമനുസരിച്ച് കന്നിമാസം ശുഭകാര്യങ്ങൾക്ക് ഉചിതമല്ല. നാളെ ചിങ്ങം അവസാനിക്കുകയും സെപ്റ്റംബർ 17 ബുധനാഴ്ച കന്നിമാസം ആരംഭിക്കുകയും ചെയ്യും. അതിനാൽ ഈ മാസത്തിൽ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സാധാരണയായി കുറവായിരിക്കും. ഇത് സ്വർണത്തിൻ്റെ ആവശ്യകത കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ വില കുറയുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.
ആവശ്യകത കുറയുമ്പോൾ വില കുറയുമെന്ന സാമ്പത്തിക തത്വമാണ് ഇതിൻ്റെ അടിസ്ഥാനം. കന്നിമാസത്തിൽ വില കുറഞ്ഞാൽ വരാനിരിക്കുന്ന ഉത്സവകാലത്തിനായി സ്വർണം വാങ്ങാൻ സാധാരണക്കാർക്ക് അതൊരു അവസരമാകും. കന്നിമാസത്തിനു ശേഷം വീണ്ടും കേരളത്തിലെ വിവാഹ സീസൺ പുനരാരംഭിക്കും. അതിനാൽ ഇപ്പോൾ വില കുറഞ്ഞാൽ വിവാഹ പർച്ചേസുകൾ വർദ്ധിക്കും.

എന്നാൽ, കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര സ്വർണ വിപണിയെ ആശ്രയിച്ചിരിക്കുന്നതിനാൽ വില കുറയുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. കൂടാതെ, മറ്റ് ചില ഘടകങ്ങളും വിലയെ സ്വാധീനിക്കുന്നു.
ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യോഗം
സെപ്റ്റംബർ 17-ന് കന്നിമാസം ആരംഭിക്കുന്നതു പോലെ തന്നെ രാജ്യാന്തര തലത്തിൽ മറ്റൊരു വലിയ സംഭവവും നടക്കാനിരിക്കുന്നു. അതെ, യുഎസിൻ്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗവും അന്നാണ് നടക്കുന്നത്. ഈ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുമെന്നാണ് സൂചന. പലിശനിരക്ക് കുറച്ചാൽ ഡോളറിൻ്റെ മൂല്യം കുറയുകയും സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യതയുമുണ്ട്. സ്വർണ വിലയിലെ മറ്റൊരു നാഴികക്കല്ല് സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചേക്കാം.
നിലവിൽ വിൽപ്പനയിൽ കുറവുണ്ടോ?
വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ-ജൂൺ പാദത്തിൽ സ്വർണാഭരണങ്ങളുടെ വിൽപ്പന കുറഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 17 ശതമാനത്തോളമാണ് കുറഞ്ഞത്. നിലവിൽ വിപണി അൽപം ദുർബലമാണ്. എന്നാൽ, വരാനിരിക്കുന്ന ഉത്സവകാലം വിൽപ്പന വീണ്ടും വർദ്ധിപ്പിക്കുമെന്നാണ് ജ്വല്ലറി ഉടമകളുടെ പ്രതീക്ഷ.
സ്വർണ വില: ഒരു പതിറ്റാണ്ടിലെ മാറ്റങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്വർണ വിലയിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് സംഭവിച്ചത്. ലോകമെമ്പാടും സാമ്പത്തിക സാഹചര്യങ്ങൾ മാറിയപ്പോൾ സ്വർണം നിക്ഷേപകരുടെയും സാധാരണക്കാരുടെയും ശ്രദ്ധാകേന്ദ്രമായി. കേരളീയർക്ക് സ്വർണം ഒരു ആഭരണം മാത്രമല്ല, സുരക്ഷിതമായ ഒരു നിക്ഷേപം കൂടിയാണ്.
- 2015-ലെ വിലനിലവാരം
2015-ൽ സ്വർണ വില ഇന്ന് കാണുന്നതിനേക്കാൾ വളരെ കുറവായിരുന്നു. ആ വർഷം സെപ്റ്റംബറിൽ ഒരു പവൻ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില 20,080 രൂപയായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 2510 രൂപ മാത്രമായിരുന്നു വില. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്നത്തെ നിരക്കിൽ 20,080 രൂപക്ക് ഏകദേശം 2 ഗ്രാം സ്വർണം പോലും വാങ്ങാൻ കഴിഞ്ഞേക്കില്ല.
- വിലയിലെ പ്രധാന നാഴികക്കല്ലുകൾ
2011: ഒരു പവൻ സ്വർണത്തിന് 20,000 രൂപ കടന്നത് സെപ്റ്റംബറിലാണ്.
2020: സ്വർണവില 30,000 രൂപ കടക്കുകയും 42,000 രൂപ വരെ എത്തുകയും ചെയ്തു. കോവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് ഈ കുതിപ്പിന് പ്രധാന കാരണം.
2024: കോവിഡിന് ശേഷം സ്വർണ വിലയിൽ വലിയൊരു കുതിച്ചുചാട്ടമുണ്ടായി. അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ ഈ വിലവർദ്ധനവിന് ആക്കം കൂട്ടി.
ഈ മാറ്റങ്ങൾ സ്വർണം ഒരു ഹ്രസ്വകാല നിക്ഷേപമല്ല, മറിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു മൂല്യവർധനവ് വാഗ്ദാനം ചെയ്യുന്ന ആസ്തിയാണെന്ന് വ്യക്തമാക്കുന്നു. സ്വർണത്തിൻ്റെ ഈ പ്രകടനം, ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications