സ്വർണ വില ഇന്നും സർവ്വകാല റെക്കോർഡിലേക്ക്. കുതിച്ച് കുതിച്ച് അവസാനം 67,000 കടന്നു മുന്നോട്ടേക്ക് പോകുന്നു. ഈ വിലക്കയറ്റം എവിടെ അവസാനിക്കും? സ്വർണ വിലക്ക് ഇതെന്തു പറ്റി? ഇന്ന് പവന് 520 രൂപയാണ് ഇന്ന് കുതിച്ചത്. സ്വർണ വിലയുടെ ഈ കുതിപ്പ് സാധാരണക്കാരെ നിരാശയിലേക്ക് വീഴ്ത്തുന്നു. സാധാരണക്കാർക്ക് സ്വർണാഭരണം വെറും മോഹമായി മാറുമോ? രാജ്യാന്തര വില ചരിത്രത്തിലെ റെക്കോർഡ് ഉയരത്തിലേക്ക് എത്തിയതാണ് ആഭ്യന്തര വിലയിലും കയറ്റത്തിന് കാരണമായത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ച് 8425 രൂപയായി. പവന് 520 രൂപ വർദ്ധിച്ച് 67,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 84,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9191 രൂപയും പവന് 73,528 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6894 രൂപയും പവന് 55,152 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,112.12 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ന് രാജ്യാന്തര വില 3,100 ഡോളർ കടക്കുന്നത്. ഈ കുതിപ്പ് സ്വർണ വിലയിലെ നാഴികക്കല്ലായി മാറും. ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു.

ചെറിയ പെരുന്നാളിനും സ്വർണത്തിന് വിലക്കയറ്റം...
ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോഴും സ്വർണ വിലക്ക് തളർച്ചയില്ല. ഈ വിലക്കയറ്റത്തിനു കാരണം ട്രംപിൻ്റെ താരിഫ് ശക്തിയാണ്. ഏപ്രിൽ 2 മുതൽ വിദേശ വാഹന താരിഫ് 25% ചുമത്തുമെന്നാണ് പ്രഖ്യാപനത്തിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. ഇത് സ്വർണ വിലക്ക് അനുകൂലമാവുന്നു. ട്രംപിന്റെ ഈ താരിഫ് നയം യു.എസിൽ ശക്തമായ പണപ്പെരുപ്പത്തിന് കാരണമാവും.
മാത്രമല്ല അമേരിക്കയുടെ വ്യാപാര ബന്ധങ്ങൾക്കും വിള്ളൽ ഏൽക്കുന്നു. അതിനാൽ തന്നെ യു.എസിൻ്റെ സമ്പദ് വ്യവസ്ഥ തകിടം മറിയാൻ താരിഫ് നയങ്ങൾ വഴിയൊരുക്കും. ഇതോടെ സ്വർണ വില വീണ്ടും കൈവിട്ടു പോയേക്കാം. യുദ്ധ സമാനമായ സാഹചര്യങ്ങളും, യു.എസിൻ്റെ സാമ്പത്തിക പ്രതിസന്ധികളും, വ്യാപാര- നയതന്ത്ര ബന്ധങ്ങളിലെ അനിശ്ചിതത്വവും സ്വർണ നിക്ഷേപങ്ങളോടുള്ള ആളുകളുടെ താത്പര്യം വർദ്ധിപ്പിക്കുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഒരു പവൻ സ്വർണാഭരണത്തിന് ഇന്ന് 73,950 രൂപയും ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 9,120 രൂപയും നൽകേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. അത് ചിലപ്പോൾ മുതൽ 30% വരെ ഉയർന്നേക്കാം.
സ്വർണ വിലയേക്കാൾ വീണ്ടും വില ഈടാക്കുകയാണ് ആഭരണത്തിന്. ഈ വിലക്കയറ്റം മൂലം സാധാരണക്കാർ ജ്വല്ലറികളിൽ എത്തുന്നത് കുറഞ്ഞു. ഇത് ഭാവിയിൽ വ്യാപാരത്തെ ബാധിക്കുമോ? തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് ഇന്ന് സ്വർണ വില ഉയർന്നത്. ഈ 5 ദിവസം കൊണ്ട് പവന് 1,920 രൂപയാണ് കുതിച്ചത്. ഗ്രാമിന് 240 രൂപയും ഉയർന്നിട്ടുണ്ട്.
അഡ്വാൻസ് ബുക്ക് ചെയ്യണോ? സ്വർണത്തിൽ നിക്ഷേപിക്കണോ?
സ്വർണാഭരണം വാങ്ങുകയെന്നത് അത്ര നിസ്സാരമല്ല. കഴിഞ്ഞ 10 വർഷത്തെ കണക്ക് പരിശോധിച്ചാൽ പോലും 2024-25 സാമ്പത്തിക വർഷത്തിൽ സ്വർണത്തിൻ്റെ കയറ്റം അപ്രതീക്ഷിതമാണ്. മാർച്ചിൽ തുടർച്ചയായിട്ടാണ് വില ഉയർന്നത്. അതിനാൽ ആഭരണം വാങ്ങാൻ എല്ലാവർക്കും സാധിക്കില്ല. എന്നാൽ ഒരു നിശ്ചിത തുക സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്താൽ ഉയർന്ന ലാഭം ഉറപ്പാക്കാം. ഇതിലൂടെ നിങ്ങളുടെ ഭാവിയിലും നേട്ടം ഉറപ്പാക്കാം.


Click it and Unblock the Notifications