തൊഴിലിടങ്ങൾ തേടി കേരളത്തിൽ നിന്നും ആളുകൾ വ്യാപകമായി മറ്റു വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നു. സമീപ വർഷങ്ങളായി ഈ സംസ്കാരം കണ്ടു വരുന്നുണ്ട്. പ്രധാനമായും കേരളത്തിൽ നിന്നും നഴ്സുമാരാണ് വിവിധ രാജ്യങ്ങൾ ലക്ഷ്യമാക്കി നാടുവിടുന്നത്.
ശമ്പളമാണ് പ്രശ്നം
കണക്കുകൾ പ്രകാരം കേരളത്തിൽ ഏകദേശം 10,000 രൂപയാണ് ഒരു ട്രെയിനീ നഴ്സിൻ്റെ ശമ്പളം. ഇതൊരു ഏകദേശ കണക്കാണ്, ഇതിലും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരും, ട്രെയിനീ പോസ്റ്റിൽ തുടരുന്നവരും ഇപ്പോഴുമുണ്ട്. കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും 6 മാസത്തെ ട്രെയിനിംഗ് പിരിയഡ് കഴിഞ്ഞിട്ടും ട്രെയിനിംഗ് കാലാവധി നീട്ടിക്കൊണ്ട് ഇവരെ നിലനിർത്തുന്ന രീതിയും കാണപ്പെടുന്നു.
എന്നാൽ കേരളത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം നേടിയ ശേഷം വിദേശത്തേക്ക് പോയാൽ അവിടെ പ്രതിമാസം കുറഞ്ഞത് 1.5 ലക്ഷം മുതൽ ലഭിക്കും. ഇതു തന്നെയാണ് പ്രധാനമായും കേരളത്തിൽ നിന്നും വ്യാപകമായി നഴ്സുമാർ വിദേശത്തേക്ക് ചേക്കേറുവാനുള്ള കാരണം. കേരളത്തിൽ നിന്നും വർഷങ്ങളോളം പണിയെടുത്ത് ഉണ്ടാക്കുന്നതിലും ഇരട്ടി ശമ്പളം ചിലപ്പോൾ ഒരു വർഷം കൊണ്ട് വിദശത്തുള്ള ഒരു നഴ്സ് സമ്പാദിച്ചേക്കാം. മനുഷ്യ ജീവൻ പരിപാലിക്കേണ്ട പല നഴ്സുമാരും അവരുടെ ജിവൻ നിലനിർത്തുന്നതിന് വേണ്ടിയാണ് വിദേശത്തേക്ക് പോകുന്നത്.

വിദേശത്ത് നിരവധി അവസരങ്ങൾ
"കുറച്ച് വർഷങ്ങൾക്കു മുന്നേ വരെ യുകെയിലേക്ക് നിരവധി നഴ്സുമാർ കയറി പോയിട്ടുണ്ട്. അന്ന് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നതിനാൽ പഠിച്ചിറങ്ങിയവരും, 6 മാസം മാത്രം കേരളത്തിൽ പ്രവർത്തിച്ചവരുമായ ഒട്ടനവധി പേർ യുകെയിലേക്ക് പറക്കുകയും പിആർ എടുത്ത് സ്ഥിര താമസമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലൊന്നും അവസരമില്ല. സൗദി അറേബിയയിലേക്കാണ് വ്യാപകമായി റിക്രൂട്ട്മെൻ്റ് നടക്കുന്നത്." പാലാ മാർസ്ലീവാ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നഴ്സ് അലിൻ പറയുന്നു.
ക്രിട്ടിക്കൽ കെയർ, ജെറിയാട്രിക്സ്, പ്രെനറ്റൽ സർവീസസ് തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ നഴ്‌സുമാരുടെ ആവശ്യം കൂടുതലുള്ളത്. എങ്കിലും ജനറൽ വിഭാഗത്തിലുള്ളവരും പോകുന്നുണ്ട്. പലരുടെയും തെറ്റായ ധാരണ എന്തെന്നാൽ വിദേശത്തേക്ക് പോകുന്ന നഴ്സുമാരെല്ലാം ആശുപത്രിയിൽ ജോലി ചെയ്യുന്നു എന്നാണ്. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ നിരവധി ഹോം കെയർ സെൻ്ററുകളുണ്ട്, പ്രത്യേകിച്ച് ഓൾഡ് എയ്ജ് ഹോമുകൾ പോലുള്ളവ. ഇവിടങ്ങളിലും കേരളത്തിൽ നിന്ന് നഴ്സുമാർ എത്തി ജോലി ചെയ്യുന്നുണ്ട്.
കൊറോണക്കു ശേഷം വളർച്ച
കോവിഡ്-19 എന്ന മഹാമാരിക്ക് ശേഷമാണ് പുറം രാജ്യങ്ങൾ അവരുടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി അവസരങ്ങൾ തുറന്നു കൊടുത്തത്. 2020ലെ ലോകാരോഗ്യ സംഘടനയുടെ സ്റ്റേറ്റ് ഓഫ് ദി വേൾഡ് നഴ്‌സിംഗ് റിപ്പോർട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ലോകത്തിന് 1.06 കോടി പുതിയ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു. ലോകത്തിലെ 74% രാജ്യങ്ങളും നഴ്‌സുമാരുടെ എണ്ണം വർദ്ധിപ്പിക്കും. ഈ ആവശ്യം നിറവേറ്റുന്നതിന്, നഴ്‌സിംഗ് സീറ്റുകൾ എല്ലാ വർഷവും 8% വീതം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വർഷങ്ങൾക്കു മുന്നേ വിദേശത്തേക്ക് ഏറ്റവും കൂടുതൽ നഴ്സുമാർ എത്തിയത് ഫിലിപ്പീൻസിൽ നിന്നുമായിരുന്നു. എന്നാൽ ലോക രാജ്യങ്ങളിലെല്ലാം കോവിഡ് എത്തിയതോടെ നഴ്സുമാർ വിദേശത്ത് ജോലിക്ക് പോകുന്നത് ഫിലിപ്പീൻസ് വിലക്കി. ഇത് ഇന്ത്യൻ നഴ്സുമാർക്ക് പ്രത്യേകിച്ച് കേരളത്തിലെ നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കി.
ഇന്ത്യയുടെ നഴ്‌സുമാരുടെ തലസ്ഥാനമാണ് കേരളം എന്നായിരുന്നു നോർക്ക റൂട്ട്‌സിന്റെ സിഇഒ പറഞ്ഞത്. വിദേശത്തു നിന്നുള്ള നിരവധി റിക്രൂട്ടർമാരാണ് നഴ്‌സിംഗ് ബിരുദം കഴിഞ്ഞിറങ്ങിയ മലയാളികളെ കാത്തിരുന്നത്. കേരളത്തിലെ ആരോഗ്യ രംഗം കൂടുതൽ സുരക്ഷിതവും എളുപ്പവുമാണ് എന്നതാണ് കേരളത്തിലെ നഴ്സുമാർക്ക് ഡിമാൻഡ് ഉയരാനും കാരണമായത്.
വിദേശത്തെ ശമ്പളം....
- ജർമനിയിൽ ഏകദേശം 2.5 ലക്ഷം വരെയാണ് ജോലിയിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്നത്.
- ഒമാനിൽ 1.10 ലക്ഷം മുതൽ 1.33 ലക്ഷം വരെ ലഭിക്കും
- കുവൈറ്റിൽ 1.10 ലക്ഷം മുതൽ ലഭിക്കും.
- ഓസ്ട്രേലിയയിൽ ഏകദേശം 3 ലക്ഷം മുതൽ ശമ്പളം ലഭിക്കും
- യുകെയിൽ ഏകദേശം 3 മുതൽ 4 ലക്ഷം എന്ന കണക്കിൽ ശമ്പളം ലഭിക്കും. പ്രവൃത്തിപരിചയത്തിന് അനുസരിച്ച് അതിലും ഉയരും.
ഇതെല്ലാം പ്രതിമാസം ലഭിക്കുന്ന ശമ്പളമാണ്. ഇതുപോലെയാണ് പല രാജ്യങ്ങളിലും ലഭിക്കുന്നത്. പ്രവൃത്തി പരിചയം വർദ്ധിക്കുന്നതിന് അനുസരിച്ച് ശമ്പളവും വർദ്ധിക്കുന്നു. കേരളത്തിൽ നിന്നും വൈദഗ്ധ്യമുള്ള നഴ്സുമാരെ ഇപ്പോഴും വിവിധ രാജ്യങ്ങൾ തേടിയെത്തുന്നു. ഭാഷാ വൈദഗ്ധ്യം, തൊഴിൽ വൈദഗ്ധ്യം, വിദേശത്തേക്ക് ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയെല്ലാം കേരളത്തിലെ നഴ്സുമാരുടെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു.


Click it and Unblock the Notifications