തെങ്ങ് കൃഷി കുറയുന്ന കേരളം, കാലാവസ്ഥയും കീടങ്ങളും കർഷകരെ തളർത്തിയോ..? പ്രതീക്ഷകൾ എത്രത്തോളം..?
'നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്' മലയാളികൾ കേട്ടുമറന്നൊരു ഗാനമാണ്. പി ഭാസ്ക്കരൻ എഴുതി കെ രാഘവൻ ഈണമിട്ട ചലചിത്ര ഗാനം. പാടിയത് ഗാനഗന്ധർവൻ കെ ജെ യേശുദാസ്. എങ്ങും എവിടെയും തെങ്ങ് നിറഞ്ഞ് നിന്ന, തെങ്ങുകളുടെ സ്വന്തം നാട് എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. തെങ്ങിൻ തോട്ടങ്ങൾ പേരിന് മാത്രമാണ്. വീടിന്‍റെ തൊടിയിലും ഇന്ന് തെങ്ങുകൾ കാണാനില്ല. എന്താണ് കേരളത്തിന്‍റെ സ്വന്തം തെങ്ങിന് സംഭവിക്കുന്നത്...? കർഷകർ എന്ത് കൊണ്ടാണ് തെങ്ങ് കൃഷി ഉപേക്ഷിക്കുന്നത്..? നമുക്ക് പരിശോധിക്കാം.
കൽപ്പവൃക്ഷം
തെങ്ങ് എന്നാൽ വെറും തേങ്ങയും വെളിച്ചെണ്ണയും മാത്രമല്ല. എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമായ ഒരു വൃക്ഷമാണ്. അതുകൊണ്ടാണ് തെങ്ങിനെ കൽപ്പവൃക്ഷമെന്ന് വിളിക്കുന്നത് തന്നെ. നമ്മുടെ രാജ്യത്ത് ഏകദേശം 12 ദശലക്ഷത്തിലധികം കർഷകർ തെങ്ങ് കൃഷി ചെയ്യുന്നുണ്ട്. തേങ്ങ, കരിക്ക്, വെളിച്ചെണ്ണ, തെങ്ങിൽ പൂങ്കുല, വേര് എന്നിവ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്നു. തെങ്ങോല, തടി, ചിരട്ട, നാരുകൾ എന്നിവ വീട് നിർമ്മാണത്തിനും കരകൌശല വസ്തുക്കളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. അതോടൊപ്പം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും തെങ്ങുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കാർബൺ ഡൈയോക്സൈഡ് ആഗിരണം ചെയ്യുന്നതിലും മണ്ണിനെ സംരക്ഷിക്കുന്നതിലും തെങ്ങിന് വലിയ പങ്കുണ്ട്.
കൃഷി നാശം വ്യാപകം
2023-24-ലെ കണക്ക് അനുസരിച്ച് കേരളത്തിൽ 7365 ലക്ഷം ഹെക്ടറിൽ തെങ്ങ് കൃഷിയുണ്ട്. പ്രതി ഹെക്ടർ ഉൽപ്പാദന ക്ഷമത 7211 നാളികേരം ആണ്. എന്നാൽ ഇത് ദേശീയ ശരാശരി ഉൽപ്പാദമായ 9871-നേക്കാൾ കുറവാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചത് തെങ്ങിൻ കർഷകരെയാണ്. കൃഷിഭൂമി ചുരുങ്ങുന്നത്, റിയൽ എസ്റ്റേറ്റ് വിലയിലെ വർദ്ധനവ്, വിള രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം പലരും തെങ്ങിൻ കൃഷി ഉപേക്ഷിച്ചു. അതോടൊപ്പം വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും തെങ്ങ് കർഷകരെ വലയ്ക്കുന്നുണ്ട്. കൊമ്പൻ ചെല്ലിയാണ് തെങ്ങ് കർഷകരുടെ ഏറ്റവും വലിയ ശത്രു. അതോടൊപ്പം വെരുതീനി പുഴുക്കൾ, പിരിയൻ വെള്ളീച്ച, പൂങ്കുല ചാഴി തുടങ്ങിയ കീടങ്ങളും തെങ്ങുകളെ കാർന്നുതിന്നുന്നു. ഇവയെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിലെ കർഷകർക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വർഷങ്ങളുടെ അധ്വാനം പാഴായി പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ കർഷകർക്ക് സാധിക്കുന്നുള്ളു.

തെങ്ങ് കയറാൻ ആളില്ല
ഇന്ന് കേരളം വൈദഗ്ധ്യമുള്ള തെങ്ങ് കയറ്റക്കാരുടെ ഗുരുതരമായ ക്ഷാമം നേരിടുന്നു. വളരെ കായികാധ്വാനം ആവശ്യമുള്ള ജോലിയാണ് തെങ്ങ് കയറ്റം. അതുകൊണ്ടുതന്നെ പുതിയ തലമുറയിൽപ്പെട്ട ആളുകൾ തെങ്ങുകയറ്റ ജോലിയിലേക്ക് എത്താൻ മടിക്കുകയാണ്. നിലവിൽ പശ്ചിമ ബംഗാൾ, അസം, ഒഡീഷ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളാണ് ഈ ജോലി ചെയ്യുന്നത്. തേങ്ങ പറിച്ചതിനുശേഷം തെങ്ങിന്‍റെ മുകൾഭാഗം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. രോഗങ്ങളും കീടങ്ങളുടെ ആക്രമണവും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും അവ വഷളാകുന്നതിന് മുമ്പ് കർഷകന് അവ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനും ഇത് അത്യാവശ്യമാണ്. എന്നാൽ ഇത് കൃത്യമായി ചെയ്യാൻ ആരും തയ്യാറാവുന്നില്ല. തെങ്ങുകയറുന്നവർക്ക് നൽകേണ്ടിവരുന്ന ഭീമമായ കൂലിയും പലരുടേയും തലവേധനയാണ്.
കൃഷിയിടം കുറയുന്നു
തെങ്ങ് കൃഷിക്ക് വിശാലമായ സ്ഥലം ആവശ്യമാണ്. അതൊടൊപ്പം വർഷങ്ങളുടെ പരിപാലനവും അത്യാവശ്യം. എന്നാൽ ഭവന നിർമ്മാണത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള ഭൂമിയുടെ ആവശ്യകത കേരളത്തിൽ കൂടിയതോടെ വിശാലമായ തെങ്ങിൽ തോട്ടങ്ങൾ അപ്രത്യക്ഷമായി. റെസിഡൻഷ്യൽ അല്ലെങ്കിൽ വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി നിരവധി ആളുകൾ തെങ്ങുകൾ മുറിച്ചുമാറ്റി കെട്ടിടങ്ങൾ പണിതു. തെങ്ങ് കൃഷിയെ അപേക്ഷിച്ച് ലാഭം ലഭിക്കുമെന്ന ചിന്തയാണ് ഇതിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്ഥലങ്ങളിൽ വീടുകൾ ഒതുങ്ങിയതോടെ വീട്ടുവളപ്പിലും തെങ്ങ് വളർത്താൻ പറ്റാത്ത സാഹചര്യമാണ്.

സർക്കാർ പദ്ധതികൾ
കേരളത്തിലെ തെങ്ങ് കർഷകർക്കായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രാദേശിക നേഴ്സറികൾ സ്ഥാപിക്കൽ, മികച്ച നാളികേര വിത്ത് ഉൽപ്പാദന കേന്ദ്രങ്ങൾ, തെങ്ങിൻ തൈ നേഴ്സറികൾക്ക് അക്രഡിറ്റേഷനും റെറ്റിംഗും നൽകുക തുടങ്ങിയ ഇവയിൽ ചിലതാണ്. അതോടൊപ്പം തെങ്ങ് കർഷകർക്ക് ധനസഹായവും സർക്കാർ നൽകുന്നു. 56,000 രൂപ വരെയാണ് സർക്കാർ നൽകുന്ന ധനസഹായം. അതോടൊപ്പം പ്രായം ചെയ്യതും അസുഖം കാരണം നശിച്ചതുമായ തെങ്ങുകൾ മുറിച്ചുമാറ്റുന്നതിന് 32,000 രൂപയും പുതിയ തൈകൾ ശാസ്ത്രീയമായി വെച്ച് പിടിപ്പിക്കുന്നതിന് 4500 രൂപയും സർക്കാർ നൽകുന്നു. ഒപ്പം സാമ്പത്തിക സഹായം നൽകുന്ന മറ്റ് നിരവധി പദ്ധതികളുമുണ്ട്. നാളികേര മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായശാലകൾ ആരംഭിക്കാൻ നാളികേര വികസന ബോർഡ് 25% സബ്സിഡിയും നൽകുന്നു.
തൊഴിലാളികൾക്ക് ഇൻഷുറൻസ്
നാളികേര വികസന ബോർഡ് ന്യു ഇന്ത്യാ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചു തെങ്ങു കയറ്റ തൊഴിലാളികളെയും നാളികേര മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരേ യും ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണ് കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി. അപകടത്തെ തുടർന്നുള്ള മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിക്കുകയാണെങ്കിൽ പരമാവധി 7 ലക്ഷം രൂപ വരെയും ഭാഗികമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ പരമാവധി 3.5 ലക്ഷം രൂപ വരെ യും ലഭിക്കുന്നതാണ്. അപകട സംബന്ധമായ ചികിത്സ ചെല വുകൾക്ക് പരമാവധി 2 ലക്ഷം രൂപാ വരെയും, അപകടത്തിന്‍റെ ഭാഗമായ വിശ്രമ കാലയളവിൽ പരമാവധി 6 ആഴ്ചത്തേക്ക് 3500 രൂപ വീതവും ഗുണഭോക്താവിന് ലഭിക്കും.


Click it and Unblock the Notifications


