ചക്ക മലയാളികളുടെ വികാരമാണ്. ലോകത്തിന്‍റെ ഏത് കോണിലായാലും ചക്കയുടെ മണം എല്ലാ മലയാളിയുടേയും വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കും. വരിക്ക ചക്ക, കൂഴ ചക്ക, തേൻ ചക്ക, ചെങ്കുരു ചക്ക, ഇളം ചക്ക തുടങ്ങിയ വെറൈറ്റി ചക്കകൾ കേരള നാട്ടിൽ സുലഭമാണ്. ആ പട്ടികയിലേക്കാണ് കുറച്ച് വർഷം മുൻപ് ആയുർ ജാക്ക് ചക്കയും വന്നത്. നമ്മുടെ സ്വന്തം തൃശ്ശൂരാണ് ജന്മദേശം. പക്ഷെ ഇന്ന് യുഎഇ, കുവൈത്ത്, ബ്രസീൽ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആയുർ ജാക്ക് ചക്ക ലഭിക്കും. എല്ലാം പോകുന്നത് തൃശ്ശൂരിൽ നിന്നും.
വേലൂർ കുറുമാൽകുന്നിലെ വർഗീസ് തരകനാണ് സർക്കാർ ജോലി വേണ്ടെന്ന് വച്ച് ചക്ക കൃഷിയിലേക്ക് ഇറങ്ങിയത്. ഇന്ന് വർഗീസ് തരകനും അദ്ദേഹത്തിന്‍റെ സ്വന്തം ആയുർ ജാക്ക് ചക്കയും ലോകം മുഴുവൻ സൂപ്പർ ഹിറ്റാണ്. ആയൂർ ജാക്കിന്‍റെ പിറവിക്ക് പിന്നിലെ കഥയും ചക്കയുടെ ആഗോള വിപണിയെക്കുറിച്ചും വർഗീസ് തരകൻ ഗുഡ്റിട്ടേൺസ് മലയാളവുമായി സംസാരിക്കുന്നു.
ആയുർ ജാക്കിന്‍റെ പിറവി
2008-ലാണ് വർഗീസ് തരകന് ചക്കയോട് ഇഷ്ടം കൂടുന്നതും വാണിജ്യാടിസ്ഥാനത്തിൽ ചക്ക കൃഷി ചെയ്യാൻ പദ്ധതി തയ്യാറാക്കുന്നതും. കുറുമാൽ കുന്നിലെ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം വെട്ടിമാറ്റിയാണ് അവിടെ ചക്ക ഫാം തുടങ്ങിയത്. സ്വന്തം കൃഷിയിടത്തിൽ മികച്ചതെന്നു കണ്ട ഇനത്തിന്‍റെ ഗ്രാഫ്റ്റ് തൈകൾ തയാറാക്കി അവ നട്ടു വളർത്തി കുറുമാൽക്കുന്നിനെ പ്ലാന്തോട്ടമാക്കി. ഒന്നര വർഷത്തിൽ കായ്ച്ചു തുടങ്ങിയ ഇനത്തിന് ആയുർ ജാക്ക് എന്നു പേരുമിട്ടു. പിന്നീട് വർഗീസ് തരകന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആയൂർ ജാക്കിനൊപ്പം മറ്റ് 65 ഇനം ചക്ക വെറൈറ്റികളും ഇന്ന് കുറുമാൽ കുന്നിലെ ഫാമിൽ സമൃദ്ധമായി വളരുകയും കായിക്കുകയും ചെയ്യുന്നു.
ആയുർ ജാക്കിന്‍റെ ഗുണങ്ങൾ
വർഷം മുഴുവൻ ചക്കയുണ്ടാകുന്ന ഇനമാണ് ആയുർജാക്ക്. ഒരു ചക്കയ്ക്ക് ഏകദേശം 5-12 കിലോഗ്രാം ഭാരം വരും.വിറ്റാമിൻ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബർ, മറ്റ് ചില അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് ആയുർ ജാക്ക്. അതോടൊപ്പം പ്ലാവ് ഏഴോ എട്ടോ അടി ഉയരത്തിൽ കൂടുതൽ വളരില്ല. അതുകൊണ്ടുതന്നെ ചെറിയ സ്ഥലങ്ങളിലും എന്തിന് ഡ്രമ്മുകളിലും പാത്രങ്ങളിലും വരെ എളുപ്പത്തിൽ വളർത്താൻ കഴിയും. 2 വർഷം പ്രായമെത്തിയ പ്ലാവിൽനിന്ന് 8-10 ചക്ക വിളവെടുക്കാം.

ലോകം മുഴുവൻ വിപണി
തുടക്കത്തിൽ പറഞ്ഞ് ലോകത്ത് എവിടെയെല്ലാം മലയാളി ഉണ്ടോ അവിടെ എല്ലാം ചക്കയ്ക്ക് വിപണിയുണ്ട്. തൃശൂരിൽ വേര് ആഴ്ത്തി വളരുന്ന ആയുർ ജാക്കും ഇന്ന് ലോകത്തിന്‍റെ വിവിധ ഇടങ്ങളിൽ ലഭ്യമാണ്. എല്ലാ ആഴ്ചയും വർഗീസ് തരകന്‍റെ ഫാമിൽ നിന്നും ആയൂർ ജാക്ക് കയറ്റി അയക്കുന്നു. അതുവഴി മികച്ച സമ്പാദ്യവും വർഗീസിന് ലഭിക്കുന്നുണ്ട്. അതോടൊപ്പം ദിവസവും ഫാം സന്ദർശിക്കാൻ വരുന്നവരും ചക്ക വാങ്ങുന്നു.
2022-ൽ ഖത്തർ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന സമയത്ത് അർജന്‍റീന ടീമിനുള്ള ചക്കയും കുറുമാൽ കുന്നിലെ ഫാമിൽ നിന്നുമാണ് വിമാനം കയറി പോയത്. ഫൈബർ കൂടുതൽ ഉള്ളതുകൊണ്ടാണ് ആയുർ ജാക്ക് ചക്ക അർജന്‍റീന ടീമിന് പ്രിയപ്പെട്ടതായി മാറിയത്. അതോടൊപ്പം ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിലെ വിവിധ സർക്കാർ പരിപാടികളുടെ ഭക്ഷണ മെനുവിൽ ആയൂർ ജാക്കിനെ കാണാം.
മറ്റൊരു ലോകം
വർഗീസ് തരകന്‍റെ ആയുർ ജാക്ക് ഫാം യഥാർത്ഥത്തിൽ മറ്റൊരു ലോകമാണ്. മഴവെള്ള സംഭരണത്തിന്‍റെ മികച്ച മാതൃക എന്ന നിലയിലും ഫാം വേറിട്ട് നിൽക്കുന്നു. തുള്ളി വെള്ളമില്ലാതെ വരണ്ടുണങ്ങിക്കിടന്നിരുന്ന കുന്നിനെ തട്ടുതട്ടായി തിരിച്ച് മഴവെള്ളസംഭരണത്തിലൂടെ ജലസമൃദ്ധമാക്കിയാണ് വർഗീസ് തരകൻ കൃഷി ചെയ്യുന്ന്.മഴവെള്ള സംഭരണത്തിന് ഒരു മികച്ച മാതൃകയാണിത്. കുന്നിൻ ചരിവുകളിൽ നിരവധി പാളികൾ സൃഷ്ടിക്കുന്നതിനായി ചെറിയ കിടങ്ങുകൾ കുഴിക്കുന്നു, ഓരോ തുള്ളി മഴവെള്ളവും ശേഖരിക്കുന്നു.
കൊളറാഡോ, അഡലെയ്ഡ് തുടങ്ങിയ പ്രശസ്ത വിദേശ സർവകലാശാലകളിലെ വിദഗ്ധരും ബിബിസി സംഘവും ഉൾപ്പെടെ ദൂരെ നിന്നുമുള്ള ആളുകൾ ആയുർജാക്ക് പ്ലാന്റേഷൻ സന്ദർശിച്ച് ചെരിഞ്ഞ കുന്നിൻ പ്രദേശത്തെ കൃഷിയുടെ അത്ഭുതം കാണാൻ എത്തിയിട്ടുണ്ട്. ഐഐടി റൂർക്കയുടെ പാഠ്യ പദ്ധതിയിലും വാർഗീസ് തരകന്‍റെ കൃഷി രീതിയും ആയുർ ജാക്ക് ഫാമിന്‍റെ പ്രത്യേകതകളും ഇടം നേടിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയുടെ പ്രചാരകൻ
കേരളത്തിന്‍റെ ഭക്ഷ്യ സുരക്ഷയുടെ പ്രചാകരൻ കൂടിയാണ് വർഗീസ് തരകൻ. ഗുജറാത്തിൽ ക്ഷീര വിപ്ലവം നടപ്പിലാക്കിയത് വർഗീസ് കുര്യനാണെങ്കിൽ കേരളത്തിൽ ഭക്ഷ്യ സുരക്ഷയ്ക്കായി നിലകൊള്ളുന്നത് വർഗീസ് തരകനാണെന്നാണ് ദേശീയ ദിനപത്രമായ 'ദി ഹിന്ദു' എഴുതിയത്. കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളികളിലേക്ക് സൌജന്യമായി ആയുർ ജാക്ക് ചക്കയുടെ തൈകൾ വർഗീസ് തരകൻ നൽകിയിട്ടുണ്ട്. ഫാമിലെത്തുന്ന ആളുകൾക്ക് കൃഷി രീതി നേരിട്ട് കണ്ട് തൈ വാങ്ങാനും സാധിക്കും. സമീപത്തുതന്നെ രണ്ടു കൃഷിയിടങ്ങളിലേക്കുകൂടി വർഗീസ് തരകൻ തന്‍റെ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ, പന്ത്രണ്ടര ഏക്കറിലായി, കായ്ക്കുന്ന പ്ലാവുകൾതന്നെ മൂവായിരത്തിലേറെ. ഒപ്പം, രണ്ടര ഏക്കറോളം വരുന്ന വിശാലമായ പ്ലാവു നഴ്സറിയും.
ലാലേട്ടന് പിറന്നാൾ സർപ്രൈസ്
മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ഇക്കഴിഞ്ഞ പിറന്നാൾദിനത്തിൽ പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ചക്കയിൽ ഒരുക്കിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. വർഗീസ് തരകന്‍റെ തോട്ടത്തിൽ വിളഞ്ഞ ചക്കകൾ കൊണ്ടാണ് ഡാവിഞ്ചി ലാലേട്ടന്‍റെ ചിത്രം ഒരുക്കിയത്. വർഗീസ് തരകന്‍റെ തോട്ടത്തിലെ ചക്കവൈവിധ്യത്തിനുളള അംഗീകാരം കൂടിയായിരുന്നു ആ പിറന്നാൾ ചിത്രം.
കേരളാ സർക്കാറിന്‍റേയും വിവിധ സർവ്വകലാശാലകളുടേയും നിരവധി അവാർഡുകൾ വർഗീസ് തരകനെ തേടി എത്തിയിട്ടുണ്ട്. കേരളാ ഭൂജല വകുപ്പ് ബോർഡ് മെംബർ കൂടിയാണ് വർഗീസ് തരകൻ. ഫാമിനെ കുറിച്ച് അറിയാനും തൈകൾ വാങ്ങാനും 9447738074 എന്ന നമ്പറിൽ ബന്ധപ്പെടാം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications