അറിയുമോ പെട്രോളിന്റെയും ഡീസലിന്റെയും നികുതി ഇല്ലാത്ത വില?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. എണ്ണകമ്പനികള്‍ തിങ്കളാഴ്ച്ചയും ഇന്ധനവില കൂട്ടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 26 പൈസയും വീതമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍, ഡീസലിനും 'തീപ്പിടിച്ച' വിലയായി. മെയ് മാസം 16 തവണയാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്.

 

ഈ മാസം മാത്രം പെട്രോളിന് 3.83 രൂപയും ഡീസലിന് 4.16 രൂപയും വര്‍ധിച്ചു. അന്തവും കുന്തവുമില്ലാതെ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന്റെ ഉള്ളില്‍ തീയാളുകയാണ്. ആരെയാണ് ഇവിടെ പഴിക്കേണ്ടത് - എണ്ണക്കമ്പനികളെയോ സര്‍ക്കാരിനെയോ?

പ്രതിസ്ഥാനത്ത്

പെട്രോള്‍, ഡീസല്‍ വിലയ്ക്ക് മേലുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് കാലം കുറച്ചായി. ഇപ്പോള്‍ എണ്ണക്കമ്പനികളാണ് വില തീരുമാനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കതൃ എണ്ണയ്ക്കുള്ള വില, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തി കമ്പനികള്‍ക്ക് പ്രതിദിനം വില തീരുമാനിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സാധാരണക്കാരന്റെ നടുവൊടിക്കുംവിധം ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പ്രതിസ്ഥാനത്ത് എണ്ണക്കമ്പനികളെയല്ല, മറിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയാണ് ആദ്യം നിര്‍ത്തേണ്ടത്.

നികുതി

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ നിരക്കില്‍ സിംഹഭാഗവും കയ്യേറുന്നത് നികുതിയാണ്. കേന്ദ്ര സംസ്ഥാന നികുതികള്‍ ഇല്ലാതെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജും ഡീലര്‍ കമ്മീഷനും മാത്രം കൂട്ടിയാല്‍ പെട്രോളിന് ഏകേദശം 39 രൂപയും ഡീസലിന് ഏകദേശം 40 രൂപയുമാണ് നിരക്ക്. അതായത് പെട്രോളിലും ഡീസലിലും ഇരട്ടിയിലേറെയാണ് സര്‍ക്കാരുകള്‍ നികുതിയായി ഈടാക്കുന്നത്. എക്‌സൈസ് തീരുവയായും മൂല്യവര്‍ധിത നികുതിയായും ഇത് കണക്കുപുസ്തകത്തില്‍ എഴുതപ്പെടുന്നു.

7 വർഷം കൊണ്ട്

പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞ 7 വര്‍ഷം കൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അഞ്ചിരട്ടിയിലേറെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചത്. 2014 -ല്‍ 4.9 ശതമാനമുണ്ടായിരുന്ന എക്‌സൈസ് തീരുവ 2021 ആയപ്പോഴേക്കും 25 ശതമാനത്തിലെത്തി. മുന്‍പ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ 12.6 ശതമാനത്തില്‍ (2004) നിന്നും 4.9 ശതമാനമായി (2014) കുറയുകയാണുണ്ടായത്.

പെട്രോളിലെയും ഡീസലിലെയും നികുതി

പെട്രോളിലെയും ഡീസലിലെയും നികുതി

മെയ് 16 -ന് ദില്ലിയില്‍ പെട്രോള്‍ നിരക്ക് 92.58 രൂപയായിരുന്നു. ഇതില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില കേവലം 34.19 രൂപ മാത്രമാണ്. ഗതാഗതത്തിനും മറ്റുമായി 0.36 രൂപ ഇതിലേക്ക് ചേര്‍ക്കപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ നികുതിയും കമ്മീഷനുമില്ലാതെ പെട്രോളിന്റെ വില ഏകദേശം 35 രൂപയാണ്.

ശേഷം എക്‌സൈസ് തീരുവയായി കേന്ദ്രം 32.90 രൂപയും മൂല്യവര്‍ധിത നികുതിയായി സംസ്ഥാന സര്‍ക്കാരുകള്‍ 21.36 രൂപയും (ദില്ലി സര്‍ക്കാരിന്റെ വാറ്റ്) ചുമത്തുമ്പോള്‍ പെട്രോള്‍ വില കുത്തനെ ഉയരുന്നു. ഓരോ സംസ്ഥാനങ്ങളിലും മൂല്യവര്‍ധിത നികുതി വ്യത്യാസപ്പെടും. 3.77 രൂപയാണ് 1 ലീറ്റര്‍ പെട്രോളിലുള്ള ഡീലര്‍ കമ്മീഷന്‍.

ഡീസലിന്റെ ചിത്രം

ഡീസലിന്റെ ചിത്രവും മറ്റൊന്നല്ല. മെയ് 16 -ന് ദില്ലിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 83.22 രൂപയായിരുന്നു നിരക്ക്. ഇവിടെ ഡീസലിന്റെ അടിസ്ഥാന വില 36.32 രൂപ മാത്രമാണ്. ഗതാഗതത്തിനും മറ്റുമായി 0.33 രൂപ കൂടി ചേര്‍ന്നാല്‍ നികുതിയും കമ്മീഷനുമില്ലാത്ത ഡീസലിന്റെ വില 36.65 രൂപയാകും. ഡീസലില്‍ 31.80 രൂപ കേന്ദ്രം എക്‌സൈസ് തീരുവ ഈടാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ മൂല്യവര്‍ധിത നികുതിയായി 12.19 രൂപയും (ദില്ലിയിലെ വാറ്റ്) ചുമത്തുന്നു. 2.58 രൂപയാണ് ഒരു ലീറ്റര്‍ ഡീസലിലുള്ള ഡീലര്‍ കമ്മീഷന്‍.

തീരുവ കൂട്ടി

മുന്‍പ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴന്ന നിലയില്‍ നിന്നപ്പോഴും എക്‌സൈസ് തീരുവ കൂട്ടി ഇന്ധനവില കുറയാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. പിന്നീട് അസംസ്‌കൃത എണ്ണവില കൂടിയപ്പോഴും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുമില്ല.

Read more about: fuel prices
English summary

Know Why Excise Duty On Petroleum Products Increased By 5 Times In The Past 7 Years

Know Why Excise Duty On Petroleum Products Increased By 5 Times In The Past 7 Years. Read in Malayalam.
Story first published: Monday, May 31, 2021, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X