'ഖുറേഷി എബ്രാമിന്റെ ഡെവിൾസ് കിച്ചണിൽ വീണ് മഞ്ഞുമ്മൽ ബോയ്‌സ്', റെക്കോർഡ് ഇനി മോഹൻലാലിൻറെ പേരിൽ

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പൃഥ്വിരാജ് ചിത്രം എമ്പുരാൻ. 240.5 കോടി നേടിയ മഞ്ഞുമ്മലിന്റെ റെക്കോർഡ് ആണ് വിവാദ ചിത്രമായ എമ്പുരാൻ തകർത്തെറിഞ്ഞത്. വിവാദങ്ങളും അതേത്തുടർന്നുണ്ടായ ഇ ഡി റെയ്‌ഡുകളും ഒന്നും വകവെയ്ക്കാതെയാണ് എമ്പുരാൻ ഇപ്പോൾ കുതിച്ചുകൊണ്ടിരികുന്നത്.

എൽ2 എംപുരാൻ ബോക്‌സോഫീസ് കൾക്ഷൻ ഒൻപതാം ദിവസം വരെ ആകെ നേട്ടം ₹240 കോടിക്ക് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. മാർച്ച് 27ന് തിയേറ്ററുകളിൽ എത്തിയ ഈ സിനിമ മലയാള സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ ചിത്രം കൂടിയാണ്. ഇന്ത്യയിൽ മാത്രം റിലീസ് ദിനത്തിൽ ₹21 കോടി നെറ്റ് കളക്ഷൻ നേടി സിനിമ വിജയം ഉറപ്പിച്ചു.

ഓരോ ദിവസവും കളക്ഷൻ കുറയുന്നു

ഓരോ ദിവസവും സിനിമയുടെ കളക്ഷൻ വലിയ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒമ്പതാം ദിവസം 25.64% ഇടിവ് ബുക്കിങ്ങിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ഭാഷകളിലുമായി തിയേറ്ററുകളിൽ കിടിലൻ കളക്ഷൻ തുടരുന്ന സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കുറച്ച് ഇടിവ് അനുഭവപ്പെടുന്നുവെന്നാണ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിൽ 4ന്, ഒമ്പതാം ദിവസം, ചിത്രം ഇന്ത്യയിൽ ₹2.9 കോടി നെറ്റ് കളക്ഷൻ നേടി. ഇത് മുൻദിനത്തേതിൽ നിന്ന് 25.64 ശതമാനം കുറവാണ്.

ഒൻപത് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള ആകെ നേട്ടം ₹91.15 കോടിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ വരുമാനം മലയാളം പതിപ്പിലൂടെയാണ് ഉള്ളത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും നല്ല കൈയ്യടി നേടി വരുന്നു. ആദ്യ എട്ടു ദിവസത്തിൽ മാത്രം ഇന്ത്യയിൽ നിന്ന് ചിത്രം ₹88.25 കോടി നെറ്റ് കളക്ഷൻ നേടി. ഒൻപതാം ദിവസം വരെ ആകെ ഇന്ത്യൻ നെറ്റ് കളക്ഷൻ ₹91.15 കോടിയാണ്.

ലോകമെമ്പാടുമുള്ള കളക്ഷൻ ₹236.25 കോടി ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാക്നിൽക് റിപ്പോർട്ടുകൾ പ്രകാരം ആകെ ഗ്ലോബൽ കളക്ഷൻ എട്ട് ദിവസം കൊണ്ടുതന്നെ ₹236.25 കോടിയെത്തി. ഇതിൽ ₹103.25 കോടി ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷനാണ്. ബാക്കിയുള്ള ₹133 കോടി വിദേശ ബോക്‌സോഫീസിൽ നിന്നാണ് ലഭിച്ചത്. നോർത്ത് അമേരിക്കയിൽ മാത്രം $2.4 മില്ല്യൺ ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കൾ ട്വിറ്ററിലൂടെ പങ്കുവെച്ചത് പ്രകാരം, നോർത്ത് അമേരിക്കൻ ബോക്‌സോഫീസിൽ മികച്ച കളക്ഷൻ തന്നെ എമ്പുരാൻ നേടിയിട്ടുണ്ട്.

വിവാദം കൊളുത്തിയ എമ്പുരാൻ

എമ്പുരാൻ എന്ന മലയാള ചലച്ചിത്രവുമായി ബന്ധപ്പെട്ട് 2025 മാർച്ച് 27-ന് റിലീസ് ചെയ്തതിനുശേഷം ഉണ്ടായ വിവാദങ്ങൾ സിനിമാ ലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറി. മോഹൻലാൽ നായകനായി അഭിനയിക്കുകയും പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുകയും ചെയ്ത ഈ സിനിമ, ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. എന്നാൽ, റിലീസിന് ശേഷം ചിത്രത്തിന്റെ ഉള്ളടക്കം സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെ സ്പർശിച്ചതിനാൽ വിവിധ വിഭാഗങ്ങളിൽ നിന്ന് ശക്തമായ എതിർപ്പും പിന്തുണയും ഉയർന്നു.

വിവാദങ്ങളുടെ തുടക്കം

എമ്പുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനം മുതൽ തന്നെ ചില രംഗങ്ങൾ വിവാദമായി. പ്രത്യേകിച്ച്, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെ ചിത്രീകരിച്ച രീതിയാണ് പ്രധാന വിമർശന വിഷയമായത്. സിനിമയിൽ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും ദേശീയ അന്വേഷണ ഏജൻസികളെ മോശമായി ചിത്രീകരിക്കുന്നതുമായ ഭാഗങ്ങൾ ഉണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഘപരിവാർ സംഘടനകൾ, പ്രത്യേകിച്ച് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ, സിനിമ സാമുദായിക ഐക്യത്തെ തകർക്കുന്നുവെന്ന് ആരോപിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഇത് സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടി.

'ഖുറേഷി എബ്രാമിന്റെ ഡെവിൾസ് കിച്ചണിൽ വീണ് മഞ്ഞുമ്മൽ ബോയ്‌സ്',  റെക്കോർഡ് ഇനി മോഹൻലാലിൻറെ പേരിൽ

സംഘപരിവാറിന്റെ എതിർപ്പ്

സംഘപരിവാർ അനുകൂലികൾ സിനിമയെ "ഹിന്ദു വിരുദ്ധ"മെന്ന് വിമർശിച്ചു. ഗുജറാത്ത് കലാപത്തിന്റെ ഏകപക്ഷീയമായ ചിത്രീകരണവും, വില്ലന് നൽകിയ പേരും അവർ ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കളിൽ ചിലർ, സിനിമ കേന്ദ്ര സർക്കാരിനെയും അന്വേഷണ ഏജൻസികളെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. ബിജെപി നേതാവ് സി. രഘുനാഥ് പോലും മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പ്രസ്താവിച്ചു. എന്നാൽ, ബിജെപി ഔദ്യോഗികമായി സിനിമയ്‌ക്കെതിരെ പ്രചാരണം വേണ്ടെന്ന നിലപാട് സ്വീകരിച്ചെങ്കിലും, സംഘപരിവാർ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം തുടർന്നു.

മതവിഭാഗങ്ങളുടെ പ്രതികരണം

ക്രൈസ്തവ വിഭാഗത്തിൽ നിന്നും എതിർപ്പ് ഉയർന്നു. കെസിബിസി വക്താവ് ഫാദർ തോമസ് തറയിൽ, സിനിമയിൽ ക്രൈസ്തവ വിശ്വാസത്തെ ആക്ഷേപിക്കുന്ന ഭാഗങ്ങൾ ഉണ്ടെന്ന് വിമർശിച്ചു. ഇത് മലയാള സിനിമയിൽ പൊതുവെ കാണുന്ന ഒരു പ്രവണതയാണെന്നും അവർ അഭിപ്രായപ്പെട്ടു.

സെൻസർ ബോർഡ് വിവാദം

സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തുടക്കത്തിൽ രണ്ട് മാറ്റങ്ങൾ മാത്രമാണ് നിർദേശിച്ചിരുന്നത്-സ്ത്രീകൾക്കെതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം 6 സെക്കൻഡ് കുറയ്ക്കുകയും, ദേശീയ പതാകയെക്കുറിച്ചുള്ള 4 സെക്കൻഡ് പരാമർശം നീക്കുകയും ചെയ്യുക. എന്നാൽ, വിവാദങ്ങൾ ശക്തമായതോടെ, നിർമാതാക്കൾ സ്വയം 17-ലധികം രംഗങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചു. ഇത് സെൻസർ ബോർഡിന്റെ പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന ആക്ഷേപത്തിന് കാരണമായി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

നിർമാതാക്കളുടെ പ്രതികരണം

വിവാദങ്ങൾ രൂക്ഷമായപ്പോൾ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചു. തന്റെ സിനിമകൾ ഒരു വിഭാഗത്തിന്റെയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും, മനോവിഷമം ഉണ്ടായവർക്ക് ഖേദം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഈ പോസ്റ്റ് പങ്കുവെച്ചെങ്കിലും, തിരക്കഥാകൃത്ത് മുരളി ഗോപി മൗനം തുടർന്നു, ഇത് ഊഹാപോഹങ്ങൾക്ക് വഴിവെച്ചു.

രാഷ്ട്രീയ പ്രതികരണങ്ങൾ

*ഇടതുപക്ഷം: മന്ത്രി സജി ചെറിയാൻ, എമ്പുരാൻ വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാവി എന്താകുമെന്നതിന്റെ ഉദാഹരണമാണെന്ന് പറഞ്ഞു.

*സിപിഎം നേതാവ് എ.എ. റഹീം പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

*ബിജെപി: ചില നേതാക്കൾ സിനിമയെ എതിർത്തപ്പോൾ, എം.ടി. രമേശ് പോലുള്ളവർ "സിനിമയെ സിനിമയായി കാണണം" എന്ന് അഭിപ്രായപ്പെട്ടു.

*രാജീവ് ചന്ദ്രശേഖർ സിനിമ കാണില്ലെന്ന് പറഞ്ഞു.

നിയമ നടപടികൾ

ബിജെപി പ്രവർത്തകൻ വിജേഷ് ഹരിഹരൻ, സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകിയ സിനിമയിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി ഹർജി തള്ളി.

എമ്പുരാൻ എഫക്ട്?

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊഡ്യൂസർ ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇ ഡി റൈഡ് ഉണ്ടായിരുന്നു. ചെന്നൈയിലെ കോടമ്പാക്കത്ത് സ്ഥിതി ചെയ്യുന്ന ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ കഴിഞ്ഞദിവസം രാവിലെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്നതായിരുന്നു. 'എമ്പുരാൻ' ചിത്രത്തിന്റെ റിലീസിന് ശേഷം ഗോപാലൻ നേരിട്ട വിമർശനങ്ങൾക്ക് പിന്നാലെ ഈ റെയ്ഡ് നടക്കുന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകൾ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു, ചിലർ ഗോപാലന്റെ ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, എമ്പുരാൻ 24 ഭാഗങ്ങൾ വെട്ടി മാറ്റിയ നിലയിലാണ് ഇപ്പോൾ പ്രദർശനം തുടരുന്നത്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം 'ബൽദേവ്' എന്നാക്കുകയും, കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നാക്കിയും മാറ്റിയിട്ടുണ്ട്. അതോടൊപ്പം തന്നെ നന്ദി കാർഡിൽ നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കിയിട്ടുണ്ട്. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ജ്യോതിഷ് മോഹന്‍ ഐആര്‍എസിനു നന്ദി പറയുന്ന കാര്‍ഡും മാറ്റിയിട്ടുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X