350 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച കേക്ക് ബിസിനസ് ഇപ്പോൾ വലിയ ബ്രാൻഡായി- ഉണ്ണിമായ്ക്ക് പറയാനുള്ളത്
വെഡ്ഡിങ്ങ് ആനിവേഴ്സറിക്കൊരു കേക്കുണ്ടാക്കി നോക്കാൻ ഭർത്താവ് പറയുമ്പോൾ ഡാർക്ക് ഒലീവ് എന്ന പേര് പോലും വീട്ടമ്മയായ ഉണ്ണിമായക്ക് മനസ്സിൽ ഇല്ലായിരുന്നു. ആദ്യ കേക്കിൻ്റെ വിജയം പിന്നെ കേക്കുകളുണ്ടാക്കാനുള്ള പ്രചോദനമായി, അതാണ് ഡാർക്ക് ഒലീവ് എന്ന കേക്ക് ബ്രാൻഡിൻ്റെ പിറവിയ്ക്ക് പിന്നിൽ.
"സ്ത്രീകൾ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് ലക്ഷ്യങ്ങൾ നിശ്ചയിക്കണമെന്ന്" പറഞ്ഞത് ഇൻഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയും എഴുത്തുകാരിയുമായ സുധാ മൂർത്തിയാണ്. മാതൃദിനത്തിൽ മകനൊപ്പം കേക്കുണ്ടാക്കുന്ന തിരക്കിലും ഉണ്ണിമായക്ക് പറയാനുള്ളത് ഇത്തരം പ്രചോദനമായ നിരവധി വാചകങ്ങളാണ്.
ബിഎഡ് കഴിഞ്ഞ് ടീച്ചറാവാനിരുന്നു ആഗ്രഹം..
ബിസിനസ് രംഗത്തേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ പഠിച്ചത് ഡി.എഡ് ആണ്. അതിനാൽ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്കൂളിൽ ടീച്ചറായി ജോലി ചെയ്യണം എന്നായിരുന്നു മനസിലുണ്ടായിരുന്നത്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വിവാഹം കഴിഞ്ഞ ശേഷം ജോലിയ്ക്ക് പോവാൻ സാധിച്ചില്ല. പിന്നീട് കുഞ്ഞ് ജനിച്ചപ്പോൾ പുറത്ത് പോയി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ ജോലിയ്ക്ക് പോവാതെ വീട്ടിലിരുന്നപ്പോൾ ബോറഡി മാറ്റാൻ വേണ്ടിയിട്ടാണ് കേക്ക് ബിസിനസിലേക്ക് എത്തുന്നത്.
ആദ്യത്തെ കേക്ക്
ആദ്യത്തെ കേക്ക് ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഉണ്ടാക്കി നോക്കി. വീട്ടുകാരിൽ നിന്നും ആ കേക്കിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ വന്നു. തുടർന്ന് ചേട്ടൻ്റെ ഓഫീസിൽ നിന്നും ആദ്യമായി രണ്ട് കേക്കിനുള്ള ഓർഡർ ലഭിച്ചു. ഏറെ ടെൻഷനുണ്ടായിരുന്നെങ്കിലും ആ കേക്കിന് പോസിറ്റീവ് അഭിപ്രായങ്ങൾ വന്നു. അതായിരുന്നു ഇതൊരു ബിസിനസ് എന്ന നിലയിലേക്ക് വളർത്താം എന്ന ചിന്ത തോന്നിയത്.
കോട്ടയം ജില്ലയിലെ പൂഞ്ഞാർ പാതാമ്പുഴയാണ് നാട്, ചെറിയൊരു ഗ്രാമം, അമ്മയെന്ന നിലയിൽ ഇത്തരത്തിലൊരു ബിസിനസ് മുന്നോട്ട് കൊണ്ടു പോകുകയെന്നത് അത്ര എളുപ്പമല്ലായിരുന്നു. ഇപ്പോൾ കുഞ്ഞിന് രണ്ടര വയസ്സേയുള്ളൂ. അതായത് ബിസിനസ് ആരംഭിക്കുമ്പോൾ കുഞ്ഞിന് ഇതിലും പ്രായം കുറവാണ്. തുടക്കത്തിൽ ഞാൻ എളുപ്പമായിരിക്കും എന്ന് കരുതിയെങ്കിലും കേക്ക് നിർമ്മാണത്തിനൊപ്പം കുഞ്ഞിൻ്റെ പരിചരണവും വലിയ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു.
സത്യത്തിൽ കേക്കിൻ്റെ ഓരോ ഓർഡറും വരുമ്പോൾ ഉറക്കം പോലും ഉണ്ടാവാറില്ല. കാരണം കുഞ്ഞ് ഉറങ്ങുന്ന സമയം നോക്കിയിട്ടായിരുന്നു കേക്ക് നിർമ്മിച്ചിരുന്നത്. എങ്കിലും വീട്ടിൽ കുഞ്ഞിനെ നോക്കാൻ കുടുംബാംഗങ്ങളെല്ലാം ഉള്ളതിനാൽ നിലവിൽ പ്രശ്നങ്ങൾ ഇല്ല.

രണ്ട് മാസം കൊണ്ട് മനസ്സിലായത്
വീട്ടുകാരുടെ സപ്പോർട്ട് തീർച്ചയായും ഉണ്ട്. പക്ഷേ അവർക്ക് ഇതിൻ്റെ ബിസിനസ് സാധ്യതകളെ കുറിച്ച് ധാരണ ഇല്ലാത്തതിനാൽ ആശങ്കകൾ ഉണ്ടായിരുന്നു. എനിക്ക് പോലും പല കാര്യങ്ങളും അറിയില്ലായിരുന്നു എന്നതാണ് സത്യം. ഇതിന് അനന്ത സാധ്യതകളുണ്ടെന്ന് മുൻപ് അറിവില്ലായിരുന്നു. കേക്ക് നിർമ്മാണം ആരംഭിച്ച് രണ്ട് മാസത്തിനു ശേഷം നല്ല വരുമാനം വന്നപ്പോൾ ഇതിൻ്റെ ബിസിനസ് സ്വഭാവത്തെ കുറിച്ച് എല്ലാവർക്കും മനസിലായി.
അതോടെ ഇത് മുന്നോട്ട് കൊണ്ടു പോകാമെന്ന് ഉറച്ച് തീരുമാനിച്ചു. കുഞ്ഞിനെ നോക്കുന്നതാണ് എൻ്റെ ബിസിനസിലെ ആദ്യത്തെ വെല്ലുവിളി. ആ പ്രശ്നം ഒരു പരിധി വരെ വീട്ടുകാരാണ് പരിഹരിച്ചു തരുന്നത്.
350 രൂപയ്ക്കുള്ള ആദ്യ കേക്ക്
350 രൂപയ്ക്കുള്ള കേക്കാണ് ആദ്യമായിട്ട് വിൽപ്പന നടത്തിയത്. 5,000 രൂപ വരെയുള്ള കേക്കുകൾ വിൽപ്പന നടത്തിയിട്ടുണ്ട്. ബർത്ത്ഡേ, ബാപ്റ്റിസം എന്നീ ആഘോഷങ്ങൾക്കുള്ള കേക്കുകളായിരുന്നു കൂടുതലും. ഡാർക്ക് ഒലീവ് ഒരു ബിസിനസായി വളരുമെന്നോ ഞാൻ ഒരു ബിസിനസ് രംഗത്തേക്ക് ഇറങ്ങുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. തുടക്കത്തിൽ ചെറിയ വരുമാനം കിട്ടിത്തുടങ്ങി പിന്നെ തരക്കേടില്ലാത്ത ഒരു വരുമാനത്തിലേക്ക് എത്തി.
ഈ ബിസിനസിലേക്കുള്ള ആദ്യത്തെ മൂലധനം 25,000 രൂപയായിരുന്നു. ഭർത്താവ് തന്ന ഈ തുകയിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. എന്നെ സംബന്ധിച്ച് അതൊരു വലിയ തുകയാണ് ഒരു പക്ഷെ വലിയ നഷ്ടത്തിലേക്ക് പോകുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നു.
അതിനാൽ കുറഞ്ഞ ചിലവിൽ തന്നെ ഈ ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടു പോകാമെന്നായിരുന്നു ചിന്തിച്ചത്. ബിസിനസിൽ നിന്നുള്ള ലാഭത്തിൽ നിന്നും ബാക്കി കാര്യങ്ങൾ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ ഓവൻ, കേക്ക് ഉണ്ടാക്കുന്നതിനുള്ള മെറ്റീരിയൽസ് തുടങ്ങി എല്ലാം 25,000 രൂപ കൊണ്ടാണ് വാങ്ങുന്നത്. ഡാർക്ക് ഒലീവ് എന്ന ബിസിനസിൻ്റെ വളർച്ചയിൽ എൻ്റെ ഏറ്റവും വലിയ ശക്തിയും ഭർത്താവ് സരുൺ തന്നെയാണ്.
പുറത്ത് പോവാതെ വീട്ടിലിരുന്നും ജോലി ചെയ്യാം
ഒരു ബിസിനസ് എന്ന നിലയിലേക്ക് വളരാനുള്ള പ്രധാനപ്പെട്ട കാരണം ആളുകൾക്ക് കേക്ക് ഇഷ്ടപ്പെടാൻ തുടങ്ങിയതിനാലാണ്. വീണ്ടും വീണ്ടും ഓർഡറുകൾ വന്നതോടെ ബിസിനസ് എന്ന ലെവലിലേക്ക് ഉയരുകയായിരുന്നു. ഒരു അമ്മയെന്ന നിലയിൽ പുറത്ത് പോവാതെ വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നതാണ് കേക്ക് നിർമ്മാണം ബിസിനസായി മുന്നോട്ട് കൊണ്ടുപോവാനുള്ള പ്രധാന കാരണവും.
ഭാവിയിൽ എന്നെക്കൊണ്ട് സാധിക്കുന്നതു പോലെ ഇത് വലിയ നിലയിൽ വളർത്തണമെന്നാണ് ആഗ്രഹം. ഒരു വർഷം കൊണ്ട് ഡാർക്ക് ഒലീവിന് സംഭവിച്ച വളർച്ച വലുതാണ്. അതിനാൽ ഇതിലും വലിയ ക്യാൻവാസിലേക്ക് ഈ ബിസിനസ് ഉയർത്തണമെന്നാണ് ആഗ്രഹം. ബിസിനസിൽ എത്തിയതിനു ശേഷം പുതിയ സൗഹൃദങ്ങൾ ഉണ്ടായി, പോസിറ്റീവ് അഭിപ്രായങ്ങൾ ലഭിക്കുന്നു എന്നതെല്ലാം പ്രധാനപ്പെട്ട മാറ്റങ്ങളാണ്.
ഏറ്റവും ബെസ്റ്റ് കേക്ക്
നിലവിൽ ഇപ്പോൾ നിരവധി കേക്ക് ബ്രാൻഡുകളുണ്ട്. പക്ഷേ ഏറ്റവും മികച്ച ക്വാളിറ്റിയോടെ വൃത്തിയുള്ള കേക്ക് എത്തിക്കുക എന്നതാണ് ഡാർക്ക് ഒലീവിലൂടെ ഞാൻ മുന്നോട്ട് വെക്കുന്ന ആശയം. അതിൽ നഷ്ടം സംഭവിക്കുമോ എന്ന ചിന്തിക്കാറില്ല, ഏറ്റവും ബെസ്റ്റ് കേക്ക് നിർമ്മിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. അതായിരിക്കും ഡാർക്ക് ഒലീവ് എന്ന ബിസിനസ് മുന്നോട്ട് പോകാനുള്ള കാരണവും.


Click it and Unblock the Notifications


