വിപണിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികളെയാണ് മൾട്ടിബാഗർ ഓഹരികളെന്ന് വിളിക്കുന്നത്. ആഭ്യന്തര വിപണിയിൽ അത്തരത്തിലുള്ള നിരവധി ഓഹരികളെ നമുക്ക് കാണാൻ കഴിയും. കൃത്യമായ നിരീക്ഷണത്തിലൂടെ മൾട്ടിബാഗർ നേട്ടം സാധ്യമാകുന്ന ഓഹരികളെ കണ്ടെത്തുകയും അവയിൽ നിക്ഷേപം നടത്തുകയും ചെയ്താൽ വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കും.
നിക്ഷേപകർക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടം നൽകിയ 2 ഓഹരികളെ പരിചയപ്പെടാം.
1. എസ്ജെവിഎന്‍
കേന്ദ്രസര്‍ക്കാരും ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരും സംയുക്തമായി ആരംഭിച്ച വൈദ്യുതോത്പാദന കമ്പനിയാണ് എസ്ജെവിഎന്‍ ലിമിറ്റഡ്. 1988-ലാണ് തുടക്കം. മിനിരത്ന പദവി നേടിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
താപവൈദ്യുതി, ജലവൈദ്യുതി, കാറ്റാടി ശക്തി, സൗരോർജ്ജം, പവർ ട്രാൻസ്മിഷൻ ബിസിനസ്സുകളിലും കമ്പനി പങ്കാളികളാണ്. അതോടൊപ്പം ഹൈവേ ടണലുകൾ, റെയിൽവേ തുരങ്കങ്ങൾ മുതലായവയിൽ കൺസൾട്ടൻസി സേവനങ്ങളും എസ്ജെവിഎന്‍ നൽകുന്നുണ്ട്.

മൾട്ടിബാഗർ നേട്ടം
കഴിഞ്ഞ 1 വർഷത്തിനിടെ 290 ശതമാനം വളർച്ചയാണ് കമ്പനിയുടെ ഓഹരി നേടിയത്. 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ 2 പോസിറ്റീവ് റിട്ടേൺ നൽകാനും ഓഹരിക്ക് സാധിച്ചു. ജനുവരിയിൽ 45 ശതമാനവും ഫെബ്രുവരിയിൽ 8 ശതമാനവും ഓഹരി മുന്നേറി.
നിലവിൽ 122.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 170.50 രൂപയും ഏറ്റവും താഴ്ന്ന വില 30.40 രൂപയുമാണ്.
കഴിഞ്ഞ 4 വർഷത്തിനിടെ ഏകദേശം 490 ശതമാനത്തിന്‍റെ വളർച്ചയാണ് എസ്ജെവിഎൻ ഓഹരി നേടിയത്. അതായത് 2020 മാർച്ചിൽ 1 ലക്ഷം രൂപയുടെ ഓഹരി വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 5.9 രൂപയായി വളർന്നിട്ടുണ്ടാകും.
ബ്രോക്കറേജ് വിലിയിരുത്തൽ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ടിൻ്റെ അഭിപ്രായത്തിൽ എസ്ജെവിഎന്‍ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഓഹരിയുടെ വില ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിലാണ്. കഴിഞ്ഞ 2 വർഷമായി ആർഒഎയിലുണ്ടാകുന്ന കുറവാണ് തിരിച്ചടിയായി വിലയിരുത്തുന്നത്. അതോടൊപ്പം വരുമാനത്തിലും ലാഭത്തിലും ഇടിവ് സംഭവിക്കുന്നതും ഓഹരി വിലയെ ബാധിച്ചേക്കാനുള്ള സാധ്യതയുണ്ട്.
2. സര്‍വേശ്വര്‍ ഫുഡ്‌സ്
ബസുമതി അരി, മറ്റ് കാര്‍ഷിക ഉത്പ്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് സര്‍വേശ്വര്‍ ഫുഡ്സ്. നെല്ല് സംഭരണം മുതല്‍ വിതരണം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെടുന്നു.
മൾട്ടിബാഗർ നേട്ടം
കഴിഞ്ഞ 1 വർഷത്തിനിടെ 253 ശതമാനത്തിന്‍റെ നേട്ടമാണ് സര്‍വേശ്വര്‍ ഫുഡ്‌സ് ഓഹരി വിപണിയിൽ നിന്നും നേടിയത്. 2024ലെ ആദ്യ രണ്ട് മാസങ്ങളിലും മികച്ച വരുമാനം നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ സ്റ്റോക്ക് 191 ശതമാനം ഉയർന്നു. ഫെബ്രുവരിയിൽ 85 ശതമാനവും ഈ വർഷം ജനുവരിയിൽ 33 ശതമാനവുമാണ് ഓഹരി നേടിയ വളർച്ച. അതേ സമയം മാർച്ച് മാസത്തിൽ കമ്പനിയുടെ ഓഹരി ഇടിവ് നേരിടുന്നുണ്ട്.
0.34 രൂപയുടെ ഓഹരി വിലയിൽ നിന്നും 8.5 രൂപയിലേക്കാണ് 4 വർഷത്തിനിടെ സര്‍വേശ്വര്‍ ഫുഡ്‌സ് ഓഹരി വില ഉയർന്നത്. അതായത് ഏകദേശം 2400 ശതമാനം. 2020 മാർച്ചിൽ ഈ സ്റ്റോക്കിലെ 10,000 രൂപയുടെ നിക്ഷേപം ഇപ്പോൾ 2.5 ലക്ഷം രൂപയായി മാറുമായിരുന്നു .

ബ്രോക്കറേജ് വിലയിരുത്തൽ
ഐസിഐസിഐ ഡയറക്ടിൻ്റെ അഭിപ്രായത്തിൽ, കഴിഞ്ഞ 2 വർഷമായി സര്‍വേശ്വര്‍ ഫുഡ്‌സ് ആർഒസിഇ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മൂലധനം ഫലപ്രദമായി ഉപയോഗിക്കുന്നു. മാത്രമല്ല, ലാഭ മാർജിൻ വർദ്ധിപ്പിച്ചുകൊണ്ട് കമ്പനി അതിൻ്റെ ത്രൈമാസ അറ്റാദായത്തിൽ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, കഴിഞ്ഞ 4 പാദങ്ങളിൽ ഓരോ പാദത്തിലും ലാഭം ഉയർന്നു. അതേ സമയം മാർച്ചിൽ ഇതുവരെ ഓഹരി 20 ശതമാനത്തിലധികം താഴ്ന്നു. ഇത് നെഗറ്റീവ് സൂചനയാണെന്നും ബ്രോക്കറേജ് വിലയിരുത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications