1 ലക്ഷം കോടി വിപണി മൂല്യം ആദ്യമായി മറികടന്ന് കേരളത്തിലെ കമ്പനി: ചരിത്ര നിമിഷവുമായി മുത്തൂറ്റ് ഫിനാൻസ്
അപ്രതീക്ഷിത നേട്ടവുമായി മുത്തൂറ്റ് ഫിനാൻസ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കേരളത്തിലെ ഒരു കമ്പനി ഇതാദ്യമായിട്ടാണ് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം മറികടക്കുന്നത്. അതിനാൽ മുത്തൂറ്റ് ഫിനാൻസിൻ്റെയും കേരളത്തിൻ്റെയും ചരിത്ര നിമിഷമായിരുന്നു ഇത്. ഇന്നലെ ജൂൺ 9 തിങ്കളാഴ്ചയായിരുന്നു ഈ അപൂർവ്വ നേട്ടം മുത്തൂറ്റ് ഫിനാൻസ് കൈവരിച്ചത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ ബാങ്ക് ഇതര കമ്പനിയായ (NBFC) ആയ മുത്തൂറ്റ് ഫിനാൻസ് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം മറികടക്കുന്നതോടെ ബിഎസ്‌ഇയിൽ ഓഹരി വില ഇന്നലെ എക്കാലത്തെയും ഉയർന്ന നിരക്കായ 2,542.90 രൂപയിലെത്തി. ഇപ്പോൾ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ മികച്ച 100 കമ്പനികളിൽ ഒന്നാണ് മുത്തൂറ്റ് ഫിനാൻസ് എന്നതും ശ്രദ്ധേയമാണ്. കണക്ക് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 102,060 കോടി രൂപ കടന്നു.
ഓഹരികൾ കുതിക്കുന്നു...
സ്വര്‍ണപ്പണയ വായ്പ ബിസിനസില്‍ സുപ്രധാന നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു മുൻനിര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്. ആർബിഐ സ്വർണ വായ്പാ നിയമങ്ങളിൽ പരിഷ്കാരം കൊണ്ടു വന്നതോടെയാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ കുതിച്ചുയരാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി ഈ ഓഹരികൾ 10 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി. ഇന്നലെ 2,542.90 രൂപയിലാണ് ഓഹരി വില ക്ലോസ് ചെയ്തത്.

കമ്പനിയുടെ ലാഭം...
2025 സാമ്പത്തിക വർഷത്തിൽ, കമ്പനി 1.22 ലക്ഷം കോടിയുടെ കൺസോളിഡേറ്റഡ് ലോൺ AUM റിപ്പോർട്ട് ചെയ്തു. ഗോൾഡ് ലോൺ AUM 1 ലക്ഷം കോടി കവിഞ്ഞു. കൂടാതെ 5,352 കോടിയുടെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) നേടി. കമ്പനി ശക്തമായ പ്രകടനമാണ് ഈ വർഷം കാഴ്ച വെച്ചിരിക്കുന്നത്.
മുത്തൂറ്റ് ഫിനാൻസ് എന്ന ഒന്നാമൻ...
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാൻസ്. സ്വർണ പണയ വായ്പയിൽ ഏറ്റവും പ്രധാനിയായ ഈ കമ്പനി ഇപ്പോൾ മൂല്യത്തിലും ഒന്നാമൻ ആയിരിക്കുന്നു. 1 ലക്ഷം കോടി എന്നത് ചെറിയ നേട്ടമല്ല. കേരളത്തിലാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും രാജ്യത്തുടനീളം 5000-ത്തിലധികം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത്, യുകെ, യുഎസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലും മുത്തൂറ്റ് ഫിനാൻസ് പ്രവർത്തിക്കുന്നു.
സ്വർണ വായ്പയ്ക്ക് പുറമെ, ഹെൽത്ത് കെയർ, എജ്യുക്കേഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിരവധി മേഖലകളിൽ മുത്തൂറ്റ് ഗ്രൂപ്പിൻ്റെ ബിസിനസ് സാന്നിദ്ധ്യമുണ്ട്.
റിസർവ് ബാങ്കിന്റെ സ്വർണ വായ്പാ പരിഷ്കരണങ്ങൾ....
സ്വർണപ്പണയ വായ്പാ ബിസിനസിലെ പരിഷ്കാരങ്ങൾ ആർബിഐ പ്രഖ്യാപിച്ചു. വായ്പാ നൽകുന്നവർക്ക് നിയമം കർശനമാക്കുകയും വായ്പ സ്വീകരിക്കുന്നവർക്ക് ആശ്വാസമേകുന്നതുമായ മാറ്റങ്ങളാണ് സ്വർണ വായ്പകളിൽ കൊണ്ടു വരാനിരിക്കുന്നത്. 2026 മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുന്നത്.
കഴിഞ്ഞ വാരം അവസാനിച്ച ആർബിഐ മോണിറ്ററി പോളിസി യോഗത്തിൽ 2.50 ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളെ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. സ്വർണത്തിൻ്റെ മൂല്യത്തിൻ്റെ 85% വായ്പയായി ലഭിക്കുവാൻ ആർബിഐ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല ക്രെഡിറ്റ് അപ്രൈസല്‍, സ്വര്‍ണത്തിന്‍റെ ഇന്‍വോയിസ് തുടങ്ങിയ കാര്യങ്ങളിലും ഇളവ് വരുത്തും.
റിസർവ് ബാങ്കിൻ്റെ ഈ പുതുക്കിയ നിയമങ്ങൾ പ്രഖ്യാപിച്ചതോടെ ഏറ്റവുമധികം നേട്ടം ലഭിച്ചത് മുത്തൂറ്റ് ഫിനാൻസിനാണ്. ഓഹരി വില കുതിക്കാൻ കാരണമായതും ആർബിഐയുടെ ഈ തീരുമാനം തന്നെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


