ആഗോള വിപണിയിൽ യുഎസും ചൈനയും തമ്മിലുള്ള പ്രതിസന്ധികൾ രൂക്ഷമാവുന്നു. ഇതിൻ്റെ ഭാഗമായി തിങ്കളാഴ്ച ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്ന് രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഇന്ന് ആർബിഐ പലിശ നിരക്ക് വെട്ടിക്കുറച്ചത്. ഇന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.0% ശതമാനമായി കുറക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു.
ഏപ്രിൽ 7ന് ആരംഭിച്ച് മൂന്ന് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് ഇന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഇത് ഈ സാമ്പത്തിക വർഷത്തേക്കുള്ള ആദ്യത്തെ ദ്വൈമാസ പണനയ പ്രഖ്യാപനം കൂടിയാണ്.
ഫെബ്രുവരിയിൽ 7ന് നടന്ന മുൻ യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടായിരുന്നു 2025ൽ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. പണപ്പെരുപ്പം കുറക്കുന്നതിനും ആഗോള വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുന്നതിനാൽ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കേണ്ടതിൻ്റെ സാഹചര്യം വർദ്ധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ആർബിഐ ഇപ്പോൾ 25 ബേസിസ് പോയിന്റ് കൂടി കുറയ്ക്കുന്നതിന് തീരുമാനിച്ചത്.
ഈ സാമ്പത്തിക വർഷത്തിൽ ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ആദ്യത്തെ എംപിസി പ്രഖ്യാപനമാണ് ഇന്ന് നടന്നത്. ഇന്നത്തെ നിരക്ക് കുറവിലൂടെ വായ്പകൾ എടുക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നു.
ഏപ്രിൽ മാസത്തിൽ ആർബിഐ പലിശ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് ഗുഡ് റിട്ടേൺസ് നടത്തിയ വോട്ടെടുപ്പ് പ്രകാരം ഏകദേശം 35 സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത് പലിശ നിരക്ക് കുറയുമെന്നാണ്.
വായ്പയെടുക്കുന്നവർക്കും നിക്ഷേപകർക്കും നേട്ടമോ? അതോ കോട്ടമോ?
ആർബിഐയുടെ പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ഇത് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കുറഞ്ഞ പലിശ നിരക്കുകൾ സാധാരണയായി കുറഞ്ഞ ഇഎംഐകൾക്ക് കാരണമാകും. എന്നാൽ സ്ഥിര നിക്ഷേപം നടത്താനിരിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാവും. കാരണം ആർബിഐ റിപ്പോ നിരക്ക് കുറച്ചാൽ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 7ന് 25 ബേസിസ് പോയിൻ്റുകൾ കുറച്ചപ്പോഴും ഈ പ്രതിസന്ധി ഉയർന്നിരുന്നു.

ഓഹരി വിപണിയിലെ അസ്ഥിരത കണക്കിലെടുക്കുമ്പോൾ, നിക്ഷേപകർ ജാഗ്രത പാലിക്കണം. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ ഉയർത്തുവാനാണ് ആർബിഐ ലക്ഷ്യമിടുന്നതെങ്കിലും, ആഗോള അനിശ്ചിതത്വങ്ങളും വിപണിയിലെ ഏറ്റക്കുറച്ചിലുകളും പണപ്പെരുപ്പവുമെല്ലാം സാമ്പത്തിക വളർച്ചയെ തകർക്കാൻ കാരണമാവും.
റിപ്പോ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് എന്തിന്?
ആഗോള വ്യാപാര യുദ്ധത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഉയർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ പണപ്പെരുപ്പവും ഉയരും. അതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നു. പണപ്പെരുപ്പത്തെ ചെറുക്കാൻ ഏറ്റവും മികച്ച മാർഗമാണ് റിപ്പോ നിരക്ക്. ഈ നിരക്ക് കുറക്കുകയും ഉയർത്തുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക മേഖലയെ പിടിച്ചു നിർത്താൻ സാധിക്കും.
പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 5.75 ശതമാനമായി. മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (MSF) ഉം ബാങ്ക് നിരക്കും 6.25% എന്ന നിരക്കിലായി.
പണപ്പെരുപ്പ അപകടസാധ്യതകൾ സന്തുലിതമാണെന്ന് ആർബിഐ വ്യക്തമാക്കി. എന്നാൽ ആഗോള അനിശ്ചിതത്വവും മറ്റു പ്രതിസന്ധികളും അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം. പണപ്പെരുപ്പത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് പ്രസംഘത്തിൽ ഗവർണർ പറഞ്ഞു. അതായത് 2024 ഡിസംബറിൽ 5.2% ആയിരുന്ന സിപിഐ പണപ്പെരുപ്പം 2025 ഫെബ്രുവരിയിൽ 3.6% ആയി കുറഞ്ഞു. മാത്രമല്ല ഭക്ഷ്യവിലക്കയറ്റത്തിലും മാറ്റം വന്നിട്ടുണ്ട്.
ആർബിഐ മോണിറ്ററി പോളിസി പ്രഖ്യാപനത്തിനിടെ യുഎസിൻ്റെ അധിക താരിഫ്
ആർബിഐ പണനയ പ്രഖ്യാപനത്തിനിടെയാണ് യുഎസും ചൈനയും കൊമ്പ് കോർക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 180-ലധികം രാജ്യങ്ങൾക്കു മേൽ ഇറക്കുമതി താരിഫുകൾ പ്രഖ്യാപിച്ചു. ഇതോടെ ആഗോള ആശങ്കകൾ വർദ്ധിക്കുന്നു. എന്നാൽ തിരിച്ചടിച്ചത് ചൈനയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളാണ് അമേരിക്കയും ചൈനയും. അമേരിക്കയുടെ താരിഫ് നയത്തിൽ രോശാകുലരായി ചൈന അമേരിക്കക്കുമേൽ പ്രതികാരച്ചുങ്കം ചുമത്തി.
എന്നാൽ ഇതോടെ ഏപ്രിൽ 7ന് ട്രംപ് ചൈനയോട് യുഎസിനെതിരെ ഉയർത്തിയ താരിഫ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അതിനു തയ്യാറാവാത്തതിനാൽ ചൈനക്കു മേൽ ഇന്ന് ഏപ്രിൽ 9 മുതൽ അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് വ്യക്കമാക്കി.


Click it and Unblock the Notifications