നവംബർ 1ന് പുതിയ മാറ്റങ്ങൾ വരുന്നു; പാചക വാതക വില മുതൽ ഈ മേഖലകളെ ഇത് ബാധിക്കുന്നു
2024 ഒക്ടോബർ മാസം പൂർത്തിയാവുന്നു. ഇത്തവണ സാമ്പത്തിക മേഖലയിൽ ഏറ്റവും വലിയ മാറ്റങ്ങൾ വന്നതും ഒക്ടോബറിലായിരുന്നു. ഇനി പുതിയ മാറ്റങ്ങളാണ് നവംബർ മുതൽ കാണാനിരിക്കുന്നത്. വിവിധ മേഖലകളിലാണ് ഈ മാറ്റങ്ങൾ പ്രകടമായി കാണാൻ സാധിക്കുക. നവംബർ 1 കേരളപ്പിറവി ദിനമാണ്. അന്ന് സംഭവിക്കുന്ന ഈ 6 സുപ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം.
എൽ.പി.ജി സിലിണ്ടർ, ATF, CNG, PNG നിരക്കുകൾ, എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ, മ്യൂച്വൽ ഫണ്ട് നിയന്ത്രണങ്ങൾ, പുതിയ ടെലികോം നിയമങ്ങൾ, ബാങ്ക് അവധി ദിനങ്ങൾ എന്നിവയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തിൽ സാധാരണക്കാരുടെ ജീവിതത്തെയാണ് സാരമായി ബാധിക്കുന്നത് എന്നത് വ്യക്തം.
1. എൽ.പി.ജി സിലിണ്ടർ വില
ഓരോ മാസവും എണ്ണക്കമ്പനികൾ എൽ.പി.ജി വിലയിൽ മാറ്റം കൊണ്ട് വരുന്നു. പാചക വാതക വിലയുടെ വർദ്ധനവ് എല്ലാ സാധാരണക്കാരനേയും ആഴത്തിൽ ബാധിക്കുന്ന വിഷയമാണ്. നിലവിൽ പാചക വാതകത്തിന് 812 രൂപയാണ് കേരളത്തിലെ വില. എന്നാൽ നവംബർ 1-ന് പാചക വാതക സിലിണ്ടറിൻ്റെ വില അവർ ക്രമീകരിച്ചേക്കാം. കുറച്ച നാളുകളായി കാര്യമായ വിലക്കയറ്റം നേരിടേണ്ടി വന്നിരുന്നില്ല. എന്നാൽ നവംബർ 1 മുതൽ നിലവിലെ വിലയിൽ വർദ്ധവ് സംഭവിക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

2. എ.ടി.എഫ്, സി.എൻ.ജി, പി.എൻ.ജി നിരക്കുകൾ
എയർ ടർബൈൻ ഫ്യൂവൽ (എ.ടി.എഫ്), കമ്പ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി), പൈപ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) എന്നിവയുടെ നിരക്കുകളും ഓയിൽ കമ്പനികൾ ഓരോ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്. സമീപ കാലത്തായിട്ട് എ.ടി.എഫ് വിലകളിൽ ഇടിവ് സംഭവിച്ചിരുന്നു. ഈ ദീപാവലി സമയത്തും വിലക്കുറവ് സംഭവിച്ചേക്കാം. മാത്രമല്ല അതുപോലെ തന്നെ സി.എൻ.ജി, പി.എൻ.ജി നിരക്കുകളിലും മാറ്റം സംഭവിച്ചേക്കാം.
3. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി എസ്.ബി.ഐ കാർഡ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് വ്യക്തമാക്കി. നവംബർ 1 മുതലാണ് പുതിയ മാറ്റങൾ നടപ്പിലാക്കുക. അതായത്, സുരക്ഷിതമല്ലാത്ത എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകൾക്ക് 3.75% പ്രതിമാസ ചാർജ് ഈടാക്കും. കൂടാതെ, വൈദ്യുതി, ഗ്യാസ് തുടങ്ങിയ യൂട്ടിലിറ്റികൾക്ക് 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെൻ്റുകൾ നടത്തിയാൽ 1% ഫീസ് ഈടാക്കും.
4. മ്യൂച്വൽ ഫണ്ടിൽ മാറ്റങ്ങൾ
മ്യൂച്വൽ ഫണ്ടിൽ കാര്യമായ മാറ്റങ്ങളാണ് കൊണ്ടു വരുന്നത്. നവംബർ 1 മുതൽ സുരക്ഷിതമായ മാർക്കറ്റ് ഉറപ്പാക്കി മ്യൂച്വൽ ഫണ്ടുകൾക്കായി കർശനമായ ഇൻസൈഡർ ട്രേഡിംഗ് നിയമങ്ങളാണ് സെബി അവതരിപ്പിക്കുന്നത്. നോമിനികളോ ബന്ധുക്കളോ ഉൾപ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ കംപ്ലയൻസ് ഓഫീസർമാർക്ക് എ.എം.സികൾ (അസറ്റ് മാനേജ്മെന്റ് കമ്പനി) റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
5. പുതിയ ടെലികോം നിയമങ്ങൾ
നിലവിൽ സ്പാം കോളുകളും മെസേജുകളും നിരവധി വരുന്നുണ്ട്. ഇവ തടയുന്നതിനായി ജിയോ, എയർടെൽ തുടങ്ങിയ ടെലികോം മേഖലയിലെ പ്രധാനികളോട് മെസേജ് ട്രെയ്‌സിബിലിറ്റി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഈ സൗകര്യം നിലവിൽ വന്നാൽ ടെലികോം കമ്പനികൾ ഈ സ്പാം നമ്പറുകൾ ബ്ലോക്ക് ചെയ്യും, ഒപ്പം ഇത്തരം മെസേജുകൾ ആളുകളിലേക്ക് എത്തുന്നത് തടയും.
6. ബാങ്ക് അവധി
ഒക്ടോബർ മാസത്തെ അപേക്ഷിച്ച് കേരളത്തിൽ കാര്യമായ അവധികൾ നവംബറിൽ കാണാനില്ല. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും കണക്കാക്കിയാൽ കേരളത്തിൽ 6 ദിവസമാണ് അവധി. അധിക അവധികൾ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപയോഗിച്ചാൽ 24/7 സമയവും നിങ്ങൾക്ക് സേവനം ലഭിക്കും.


Click it and Unblock the Notifications


