പാൻ 2.0: നിങ്ങളുടെ പേരിൽ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുണ്ടോ? പേടിക്കേണ്ട ഇനി എളുപ്പത്തിൽ തിരിച്ചറിയും...
ആധാർ കാർഡ് പോലെ പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ് പാൻ കാർഡ്. രാജ്യത്തെ എല്ലാ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനും അവ പൂർത്തീകരിക്കാനും പാൻ കാർഡ് ഒരു സുപ്രധാന ഘടകമാണ്. അത് വ്യക്തികൾക്കും ബിസിനസ് ആവശ്യങ്ങൾക്കും ഒരു പോലെ അത്യാവശ്യമാണ്. നികുതി ഇടപാടുകൾക്കും പാൻ കാർഡ് വേണം. ഇപ്പോൾ നിലവിലെ പാൻ കാർഡിന് ചില മാറ്റങ്ങളും അപ്ഡേഷനുമായി കേന്ദ്ര സർക്കാർ പാൻ 2.0 എന്ന പദ്ധതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകളിലും നികുതി സേവനങ്ങളിലും വലിയ മാറ്റം സൃഷ്ടിക്കുവാനാണ് പാൻ 2.0 എന്ന പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഈ പദ്ധതിയിലൂടെ പുതിയ പാൻ കാർഡ് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ലഭിക്കും. നിലവിൽ പാൻ കാർഡുള്ളവർക്ക് 2.0 അപ്ഡേറ്റ് ചെയ്താൽ പുതിയ കാർഡ് ലഭിക്കും. ഈ സംവിധാനത്തിലൂടെ ഒരു വ്യക്തിക്ക് ഒന്നിലധികം പാൻ കാർഡുണ്ടോയെന്നും, തെറ്റായ പാൻ നമ്പർ നൽകുന്നവരുണ്ടോയെന്നും സർക്കാർ വകുപ്പുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ഡ്യൂപ്ലിക്കേറ്റ് കാർഡ് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ.
എന്താണ് പാൻ 2.0?
നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ വേഗതയേറിയ ഡിജിറ്റൽ സേവനം ഉറപ്പാക്കി നിലവിലെ പാൻ സംവിധാനത്തെ നവീകരിക്കുന്നതിനായി സർക്കാർ കൊണ്ടു വരുന്ന ഇ-ഗവേണൻസ് പദ്ധതിയാണ് പാൻ 2.0. പാൻ/ ടാൻ സേവനങ്ങളെ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാൻ 2.0 വരുന്നത്. അതായത് എല്ലാ സാമ്പത്തിക ഇടപാടുകൾക്കുമുള്ള ഒരു പൊതു തിരിച്ചറിയൽ രേഖയായി ഇത് മാറും.

ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുകൾ
രാജ്യത്ത് ഒരു പൗരന് ഒരു പാൻ കാർഡ് കൈവശം വെക്കാൻ മാത്രമാണ് അവകാശമുള്ളൂ. നിരവധി വ്യക്തികൾ മറ്റുള്ളവരുടെ വിവരങ്ങൾ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുകൾ സൃഷ്ടിച്ച് സാമ്പത്തിക വെട്ടിപ്പുകൾ നടത്തുന്നുണ്ട്. പലപ്പോഴും ഇവ പെട്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ പാൻ 2.0 വരുന്നതോടെ ഇത്തരം തട്ടിപ്പുകൾ ഉടനടി തുടച്ചു നീക്കാൻ സാധിക്കും. പാൻ 2.0യുടെ നവീകരിച്ച സിസ്റ്റം ലോജിക് സംവിധാനത്തിലൂടെ ഒരു വ്യക്തിക്ക് ഒന്നിലധികം പാൻ കാർഡുണ്ടെങ്കിൽ അവ കണ്ടെത്തി ഡ്യൂപ്ലിക്കേറ്റുകൾ ഡി-ആക്ടിവേറ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് ഒന്നിലധികം പാൻ കാർഡുകൾ ഇല്ലാതാക്കാൻ സഹായിക്കും.
പല വ്യാജ കമ്പനികളും ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിലൂടെയാണ് ആരംഭിക്കുന്നത്. ജി.എസ്.ടി തട്ടിപ്പ്, ക്രെഡിറ്റ് തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളുമുണ്ട്. ഇവിടെ യഥാർത്ഥ വ്യക്തിയ്ക്ക് തങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ കുറിച്ച് അറിയണമെന്നില്ല. അതിനാൽ നിങ്ങളുടെ പേരിലും മറ്റൊരു പാൻ കാർഡുണ്ടോയെന്ന് കണ്ടെത്തി ഡീ-ആക്ടിവേറ്റ് ചെയ്യുക. ഇ-ഫയലിംഗ് ഐ.ടി.ആർ പോർട്ടലിൻ്റെ 'പാൻ സ്റ്റാറ്റസ് ചെക്ക്' എന്ന ഓപ്ഷനിലൂടെ ഡ്യപ്ലിക്കേറ്റ് കാർഡുണ്ടെങ്കിൽ കണ്ടെത്താം.
ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് സറണ്ടർ ചെയ്യുന്നത് എങ്ങനെ?
നിലവിൽ ഉപയോഗിക്കുന്ന പാൻ കാർഡ് വിവരങ്ങൾ നൽകിക്കൊണ്ട് മറ്റു ഡ്യൂപ്ലിക്കേറ്റ് പാനുകൾ കണ്ടെത്തുന്നതിനായി ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാം. ഈ ഫോമിലെ നമ്പർ 11 സെക്ഷനിൽ നിങ്ങളുടെ പേരിൽ എടുത്ത മറ്റെല്ലാ പാൻ കാർഡുകളെ കുറിച്ചും വ്യക്തമാക്കണം. അനുബന്ധ പാൻ കാർഡ് കോപ്പി/കളും ഫോമിനൊപ്പം റദ്ദാക്കുന്നതിന് സമർപ്പിക്കണം.
തെറ്റായ പാൻ നമ്പറുകൾക്ക് 10,000 പിഴ...
തെറ്റായ പാൻ നമ്പറുകൾ നൽകിയെന്ന് കണ്ടെത്തിയാൽ ആദായനികുതി വകുപ്പിന് 10,000 രൂപ പിഴ ചുമത്താം. നിങ്ങൾ ഐ.ടി.ആർ ഫയൽ ചെയ്യുമ്പോഴോ പാൻ നമ്പർ നൽകുന്ന സന്ദർഭങ്ങൾ ഉണ്ടാവുമ്പോഴോ ഇത് കണ്ടുപിടിക്കും. ഒരു പക്ഷേ പാൻ നമ്പർ ഓർമയില്ലെങ്കിൽ ആധാർ നമ്പർ കൊടുക്കാം. എന്നാൽ ആധാർ നമ്പറും തെറ്റാണെങ്കിൽ 10,000 രൂപ ഈടാക്കും.


Click it and Unblock the Notifications


