കൊവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതത്തെ നേരിടാൻ സമ്പദ്‌വ്യവസ്ഥ ഒരുങ്ങുമ്പോൾ, പ്രവർത്തന മൂലധനമില്ലാത്തതിനാൽ ഇന്ത്യൻ ജ്വല്ലറികളും സ്തംഭനാവസ്ഥയിലാണ്. ലോക്ക്ഡൌണിന് ശേഷമുള്ള വിപണിയെക്കുറിച്ച് ആശങ്കാകുലരാണ് സ്വർണ വ്യാപാരികൾ. മധ്യവർഗ വിഭാഗത്തിൽപ്പെടുന്നവർ കൂടുതലും സ്വർണ്ണത്തിലോ ബാങ്ക് നിക്ഷേപങ്ങളിലോ ആണ് തങ്ങളുടെ സമ്പാദ്യം കരുതുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൌൺ കഴിഞ്ഞാലുടൻ കൈയിലുള്ള സ്വർണം വിൽക്കാനാകും ആളുകൾ ശ്രമിക്കുന്നതെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
ലോക്ക്ഡൌൺ പ്രതിസന്ധി
വൻതോതിൽ സ്വർണം വിൽക്കാൻ ആളുകൾ ജ്വല്ലറികളിലെത്തിയാൽ പണം നൽകാൻ പ്രവർത്തന മൂലധനമില്ലാത്തതാണ് വ്യാപാരികളുടെ ആശങ്കയ്ക്ക് കാരണം. ലോക്ക്ഡൌണിനിടയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ട വിഭാഗക്കാരാണ് ജ്വല്ലറിക്കാർ. വിവാഹങ്ങളും മറ്റും മാറ്റി വച്ചതും ലളിതമാക്കിയതും സ്വർണ വ്യാപാരികൾക്ക് തിരിച്ചടിയായി. കൂടാതെ ജ്വല്ലറിക്കാർ ഓരോ വർഷവും ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന അക്ഷയ തൃതീയ ദിനവും ഇത്തവണ ലോക്ക് ഡൌണിനിടയിൽ ആയിരുന്നു.
തായ്ലൻഡിൽ സംഭവിച്ചത് എന്ത്?
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ആളുകൾ സ്വർണം വിൽക്കാൻ തുടങ്ങിയതിനാൽ തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ ജ്വല്ലറികളിൽ നീണ്ട നിര തന്നെയായിരുന്നുവെന്ന് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയൂത്ത് ചാൻ-ഓച്ച ജ്വല്ലറികൾക്ക് പണത്തിന്റെ ബുദ്ധിമുട്ടുണ്ടാകുമെന്നും അതുകൊണ്ട് സ്വർണം വിൽക്കാൻ തിരക്കുകൂട്ടരുതെന്ന് ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി
ജോലികളിലെയും മറ്റും പ്രതിസന്ധികൾ കാരണം ആളുകൾ ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയമാണിപ്പോൾ. അതുകൊണ്ട് തന്നെ തങ്ങളുടെ സമ്പാദ്യമായ സ്വർണ്ണാഭരണങ്ങൾ ഈ സമയത്ത് വിൽക്കാനുള്ള പ്രവണത കൂടും. വീടുകളിൽ 25,000 ടണ്ണിലധികം സ്വർണം നിലവിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. ഇവ വിൽപ്പനയ്ക്ക് വന്നാൽ ജ്വല്ലറികൾ കടുത്ത ദ്രവ്യത പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ ബുള്ളിയൻ ജ്വല്ലേഴ്‌സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത മണികൺട്രോളിനോട് പറഞ്ഞു.
സ്വർണ വിൽപ്പന
വിപണിയിൽ 300 ശതമാനം പഴയ സ്വർണത്തിന്റെ വിൽപ്പന ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ആസ്ഥാനമായുള്ള ഭീമ ജ്വല്ലറിന്റെ ഉടമ ഡോ. ബി. ഗോവിന്ദൻ മണികൺട്രോളിനോട് പറഞ്ഞു. ഈ പ്രത്യേക കാലയളവിൽ ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും ഇറക്കുമതിക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കനത്ത ഇടിവ്
രാജ്യത്ത് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഭരണ വിൽപ്പനയിൽ ഇതുവരെ 39 ശതമാനം ഇടിവുണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്തു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജ്വല്ലറികളും വിവിധ മാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇപ്പോൾ എല്ലാം ഇഎംഐയിലോ ക്രെഡിറ്റ് കാർഡിലോ ലഭ്യമാണ്. അതിനാൽ ഈ രീതിയിലും സ്വർണ്ണ വിൽപ്പനയ്ക്ക് സർക്കാർ അംഗീകാരം നൽകണം. സ്വർണ വിൽപ്പനയിൽ ഈ നടപടി സഹായിച്ചേക്കാമെന്ന് കാൺപൂർ ആസ്ഥാനമായുള്ള ജ്വല്ലറി വ്യാപാരി പ്രദീപ് അഗർവാൾ മണികൺട്രോളിനോട് പറഞ്ഞു.
നിർദ്ദേശങ്ങൾ
പാൻ കാർഡില്ലാതെ സ്വർണം വിൽക്കുന്നതിൽ ജ്വല്ലറികൾ ഇളവ് തേടിയിട്ടുണ്ട്. വിലയുടെ അടിസ്ഥാനത്തിലല്ല, അളവിൽ സർക്കാർ പരിധി നിശ്ചയിക്കണമെന്നും ജ്വല്ലറിക്കാർ പറയുന്നു. രണ്ട് ഉപഭോക്താക്കൾക്കിടയിൽ ആറ് അടി അകലം പാലിക്കാനും സർക്കാർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ചെറിയ കടകളിൽ ഈ നിയമം നടപ്പാക്കുന്നത് ബുദ്ധിമുട്ടായിരിക്കും.


Click it and Unblock the Notifications