പെട്രോളിനും ഡീസലിനും വില കുറയുന്നതും കാത്ത് കണ്ണുംനട്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയതോടെ രാജ്യത്തെ ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലേക്ക് ചുവടുവെക്കുന്നു. ഇതേസമയം, ചരക്ക് നികുതിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ ലീറ്ററിന് 75 രൂപയും ഡീസല്‍ ലീറ്ററിന് 68 രൂപയുമായി വില നിജപ്പെടുമെന്ന് പറയുകയാണ് എസ്ബിഐയിലെ സാമ്പത്തിക വിദഗ്ധര്‍.
നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് രാജ്യതലസ്ഥാനമായ ദില്ലിയില്‍ 91.17 രൂപയാണ്. ഡീസലിന് വില 81.94 രൂപ. ഉയര്‍ന്ന മൂല്യവര്‍ധിത നികുതി ഈടാക്കുന്നതുകൊണ്ട് രാജസ്താനിലും മധ്യപ്രദേശിലും പെട്രോള്‍ ലീറ്ററിന് 100 രൂപ പിന്നിട്ട സാഹചര്യം കാണാം. എന്തായാലും പെട്രോളിലും ഡീസലിലും ജിഎസ്ടി നടപ്പിലാക്കുന്നതോടെ ഇന്ധനവില കുത്തനെ കുറയുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ ബാരലിന് 60 ഡോളറും അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് 73 രൂപയുമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കണക്കുകൂട്ടല്‍.

ഇപ്പോഴത്തെ ചിത്രം
നിലവില്‍ പെട്രോള്‍ വിലയുടെ 60 ശതമാനവും ഡീസല്‍ വിലയുടെ 54 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. കേന്ദ്രത്തിന്റെ നികുതിക്ക് പുറമെ ഖജനാവില്‍ പണം കണ്ടെത്താനായി സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി, സെസ്, സര്‍ചാര്‍ജ് മുതലായവ പെട്രോളിലും ഡീസലിലും ഈടാക്കുന്നുണ്ട്.
അസംസ്‌കൃത എണ്ണയുടെ വില, ഗതാഗത ചിലവുകള്‍, ഡീലര്‍മാരുടെ കമ്മീഷന്‍, കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയതിന് ശേഷമാണ് സംസ്ഥാനങ്ങള്‍ നികുതി നിരക്ക് നിശ്ചയിക്കുന്നതും.
പെട്രോളിയം ഉത്പന്നങ്ങളില്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതി അല്ലെങ്കില്‍ വില്‍പ്പന നികുതി വഴിയാണ് കേന്ദ്രവും സംസ്ഥാനങ്ങളും പ്രധാനമായും നികുതി വരുമാനം കണ്ടെത്തുന്നത്. അതുകൊണ്ട് ക്രൂഡിനെ ജിഎസ്ടിക്ക് കീഴില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 2020 മാര്‍ച്ച് 31 -ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 556 ലക്ഷം കോടി രൂപയാണ് (75.22 ബില്യണ്‍ ഡോളര്‍) കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി പെട്രോളിയം മേഖലയില്‍ നിന്നും വരുമാനം കുറിച്ചത്.

വരുമാന നഷ്ടം
അതുകൊണ്ട് പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വന്നാല്‍ ഇന്ധനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളായിരിക്കും വലിയ നഷ്ടം നേരിടുക. ഇന്ധനത്തിന്റെ വിലനിലവാരം കുത്തനെ കുറഞ്ഞാല്‍ ഏകദേശം 1 ലക്ഷം കോടി രൂപയോളം വരുമാന നഷ്ടം കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി കുറിക്കും. ജിഡിപിയുടെ 0.4 ശതമാനം വരുമിത്.
പെട്രോളിലും ഡീസലിലും ജിഎസ്ടി നടപ്പിലായി വില കുറഞ്ഞാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് 10,424 കോടി രൂപ വരുമാന നഷ്ടം സംഭവിക്കുമെന്നാണ് എസ്ബിഐയുടെ വിലയിരുത്തല്‍.
കേരളത്തിന് 1,721 കോടി രൂപ, കര്‍ണാടകത്തിന് 3,696 കോടി രൂപ, തമിഴ്‌നാടിന് 4,915 കോടി രൂപ, ആന്ധ്ര പ്രദേശിന് 4,856 കോടി രൂപ എന്നിങ്ങനെയായിരിക്കും വരുമാന നഷ്ടം രേഖപ്പെടുത്തുക. ഇതേസമയം ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വരുമാന നേട്ടം കണ്ടെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട്
ഇപ്പോഴത്തെ ഇന്ധനനിരക്കുകള്‍ തുടര്‍ന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ) എക്‌സൈസ് നികുതി വരുമാനം 4.35 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് പറയുന്നത്. ബജറ്റില്‍ 3.2 ലക്ഷം കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ എക്‌സൈസ് വരുമാനം ലക്ഷ്യമിടുന്നത്. അതുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലീറ്ററിന് 8.5 രൂപ വരെ കുറച്ചാലും ബജറ്റ് ലക്ഷ്യം നേടാനാകും.
എന്തായാലും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഏറെക്കുറെ സ്ഥിരപ്പെട്ടാല്‍ ഇന്ത്യയിലെ എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചന നടത്താന്‍ സാധ്യതയുണ്ട്. നിലവില്‍ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍, എണ്ണക്കമ്പനികള്‍, പെട്രോളിയം മന്ത്രാലയം എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.