സർക്കാർ എണ്ണ വിപണന കമ്പനികൾ (ഒഎംസി) ബുധനാഴ്ച (ജനുവരി 27) രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും പ്രാദേശിക വില വീണ്ടും ഉയർത്തി. ഒഎംസികൾ 10 ആഴ്ചയ്ക്കുള്ളിൽ പെട്രോളിന്റെ വില ലിറ്ററിന് 5.25 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയും ഉയർത്തിയതായാണ് രേഖകൾ. ഇന്നത്തെ നിരക്ക് വർദ്ധനവിനെ തുടർന്ന്, പെട്രോൾ വില ലിറ്ററിന് 22-25 പൈസ വർദ്ധിപ്പിക്കുകയും രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ ഡീസലിന്റെ വില 25-27 പൈസ ഉയർത്തുകയും ചെയ്തു.

ഇന്നത്തെ ഇന്ധന വില
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 86.05 രൂപയായി ഉയർന്നു. ഡീസൽ ലിറ്ററിന് 76.48 രൂപയാണ് വില. ഇന്നലത്തെ വിലയേക്കാൾ 25 പൈസ കൂടുതലാണ് ഡീസലിന്. ഇന്നുവരെ ഡൽഹിയിൽ രേഖപ്പെടുത്തിയ പെട്രോളിന്റെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 88.58 രൂപയാണ് ഇന്നത്തെ നിരക്ക്.

മുൻനിര നഗരങ്ങളിലെ നിരക്കുകൾ
കൊൽക്കത്തയിൽ വാഹനമോടിക്കുന്നവർക്ക് ഒരു ലിറ്റർ പെട്രോളിന് 87.69 രൂപ (24 പൈസ കൂടി) നൽകേണ്ടിവരും. ഒരു ലിറ്റർ ഡീസലിന് 80.08 രൂപയും നൽകണം. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാൾ 24 പൈസ വർധനവിന് ശേഷം മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 92.86 രൂപ നൽകണം. ഒരു ലിറ്റർ ഡീസലിന് 83.30 രൂപയാണ് വില. ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വില യഥാക്രമം ലിറ്ററിന് 88.82 രൂപയും (22 പൈസ കൂടി), 81.71 രൂപയുമാണ് (26 പൈസ വർദ്ധനവ്).

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ്
വിവിധ പ്രാദേശിക നികുതികളും വാറ്റും ചുമത്തിയതിനാൽ വാഹന ഇന്ധനങ്ങളുടെ വില ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. റിപ്പബ്ലിക് ദിനത്തിൽ (ജനുവരി 26) എണ്ണക്കമ്പനികൾ ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ലിറ്ററിന് 35 പൈസ വീതം വർദ്ധിപ്പിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില സ്ഥിരമായി നിലനിൽക്കുകയാണ്. ബാരലിന് 55 മുതൽ 56 ഡോളർ വരെയാണ് വില.

പെട്രോൾ, ഡീസൽ നികുതി
കൊവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഉൽപാദനം വെട്ടിക്കുറച്ചതിനാലാണ് ഇന്ധന വില ഉയർന്നതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. നിലവിൽ, ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനം നികുതികളാണ്. ചില്ലറ ഇന്ധനവില കുതിച്ചുയരുന്നത് ഇന്ധനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാനുള്ള ശക്തമായ ആവശ്യം ഉയരാൻ കാരണമായി.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
പ്രതിദിന വിലനിർണ്ണയ സംവിധാനം അനുസരിച്ച്, രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വില അന്താരാഷ്ട്ര ക്രൂഡ് വിലയെയും രൂപ-യുഎസ് ഡോളർ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ക്രൂഡ് ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.