രാജ്യത്ത് തുടര്‍ച്ചയായി ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐഓസിഎല്‍) ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലീറ്ററിന് 91.17 രൂപയായും ഡീസല്‍ ലീറ്ററിന് 81.47 രൂപയായും തുടരുന്നു. ഫെബ്രുവരി 27 -നാണ് ഇന്ധനവില അവസാനമായി ഇന്ത്യയില്‍ പുതുക്കിയത്. അന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 15 പൈസയും വീതം വര്‍ധിച്ചിരുന്നു.
കേരളത്തില്‍ 93.05 രൂപയാണ് പെട്രോളിന് വില. ഡീസലിന് വില 87.53 രൂപയും. ഇതേസമയം, തിങ്കളാഴ്ച്ച രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 70 ഡോളറിന് മുകളിലേക്ക് ക്രൂഡ് വില ഇന്ന് കൂടി.

സൗദി അറേബ്യയുടെ ക്രിഴക്കന്‍ പ്രവിശ്യയിലുള്ള അരാംകോ എണ്ണ പ്ലാന്റിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡ് വില കുതിച്ചുയര്‍ന്നിരിക്കുന്നത്. ആഗോള സമ്പദ്ഘടനകള്‍ ക്ഷീണം മാറി തിരിച്ചുവരുന്ന സാഹചര്യത്തില്‍ എണ്ണ ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷയും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ബാരലിന് 70.82 ഡോളറാണ് ഇന്ന് അസംസ്‌കൃത എണ്ണവില. വിലവര്‍ധനവ് 2.11 ശതമാനം. 2019 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ക്രൂഡ് വില ഇത്രയേറെ ഉയരുന്നത്.

ഞായറാഴ്ച പല സമയങ്ങളിലായി 12 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമാണ് ഹൂതികള്‍ യെമനില്‍നിന്നും സൗദിയിലേക്ക് തൊടുത്തുവിട്ടത്. ഇതില്‍ ഒരു ഡ്രോണാണ് റാസ് തനൂറയിലെ എണ്ണ സംഭരണ യാഡുകളിലൊന്നില്‍ പതിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണ തുറമുഖമാണിത്. കടലില്‍ നിന്നാണ് ഇവിടേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം പത്രകുറിപ്പില്‍ അറിയിച്ചു.

യുഎസ് ക്രൂഡിനും ഇന്ന് വില വര്‍ധിച്ചു. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഗണത്തിന്റെ ഏപ്രില്‍ ഫ്യൂച്ചറുകള്‍ 1.60 ഡോളര്‍ ഉയര്‍ന്ന് 67.69 ഡോളര്‍ വില രേഖപ്പെടുത്തി. 2.4 ശതമാനം വര്‍ധനവ്.
ഏപ്രിലില്‍ എണ്ണ ഉത്പാദനത്തില്‍ വലിയ മാറ്റം വരുത്തേണ്ടതില്ലെന്ന് ഓപെക് (എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) തീരുമാനിച്ചതിന് ശേഷം തുടര്‍ച്ചയായി നാലാം തവണയാണ് ബ്രെന്‍ഡ്, ഡബ്ല്യുടിഐ എന്നിവയുടെ വില കൂടുന്നത്. ക്രൂഡ് വില അടിക്കടി ഉയരുന്നുണ്ടെങ്കിലും ഡിമാന്‍ഡ് പഴയ നിലയിലേക്ക് എത്തുന്നത് സംബന്ധിച്ച ആശങ്ക സൗദി എണ്ണ മന്ത്രാലയം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

അമേരിക്കയില്‍ നിന്നുമുള്ള മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കണക്കുകളും അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയ 1.9 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജും മുന്‍നിര്‍ത്തി നേട്ടത്തിലാണ് തിങ്കളാഴ്ച്ച ഏഷ്യന്‍ വിപണികള്‍ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ ചൈന നടത്തുന്ന നിര്‍ണായക പങ്കും ഏഷ്യന്‍ ഓഹരികളുടെ കുതിപ്പിന് വഴിതെളിക്കുകയാണ്.