താരിഫ് പ്രതിസന്ധിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി
ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രതിസന്ധിക്കിടെ, പുതിയ ചർച്ചക്കായി പ്രധാനമന്ത്രി ചൈനയിലേക്ക് പോയി. ഇന്ത്യ- ചൈന ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഇന്ന് ഞായറാഴ്ച ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചത്. മോദിയോടൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, മറ്റ് എസ്‌സിഒ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഏഴ് വർഷത്തിനിടെ നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിൽ സന്ദർശനം നടത്തിയതിനു ശേഷമാണ് നരേന്ദ്ര മോദി ചൈനയിൽ എത്തിയിരിക്കുന്നത്.
മോദി-ഷി കൂടിക്കാഴ്ച
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ് ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞ വർഷം കസാനിൽ നടന്ന ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് യോഗത്തിന് മുന്നോടിയായി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. "കഴിഞ്ഞ വർഷം കസാനിൽ ഫലപ്രദമായ ചർച്ചകൾ ഞങ്ങൾ നടത്തി. അതിർത്തിയിലെ ബന്ധം വേർപെടുത്തിയതിനുശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം ഉണ്ടായിട്ടുണ്ട്."
കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. "പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നു എന്ന കാരണത്താലാണ് 25 ശതമാനം തീരുവ ഉൾപ്പെടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയത്. ഇത് ഇന്ത്യ-യുഎസ് ബന്ധത്തിൽ വലിയ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികൾക്ക് ഇടയിലാണ് ഇന്ത്യ- ചൈന ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി തയ്യാറായിരിക്കുന്നത്. ഇന്ത്യ- ചൈന ബന്ധം ശക്തമായാൽ യുഎസിന് അതൊരു തിരിച്ചടിയാവാനും സാധ്യതയുണ്ട്.
ഇന്ത്യ- ചൈന ബന്ധം
2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലിനെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിനാൽ ഈ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടേക്കാം.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുന്നതിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദി നേരത്തെെ വ്യക്തമാക്കിയിരുന്നു, "ലോക സമ്പദ്‌വ്യവസ്ഥയിലെ നിലവിലെ അസ്ഥിരത കണക്കിലെടുക്കുമ്പോൾ, രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്" എന്നാണ് അദ്ദേഹം പറഞ്ഞത്.
വ്‌ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച
ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ എസ്‌സിഒ ഉച്ചകോടിക്കിടെ നാളെ സെപ്റ്റംബർ 1ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയും നടത്താൻ സാധ്യതയുണ്ട്. ഇത് യുഎസുമായുള്ള താരിഫ് പ്രതിസന്ധികളെ കുറിച്ച് ചർച്ച നടത്താൻ കാരണമാവുമോ?


Click it and Unblock the Notifications


