നീളുന്ന ലോക്ക്ഡൌൺ ആളുകളെ ദാരിദ്രത്തിലേയ്ക്ക് തള്ളിവിടും: മുൻ ആർബിഐ ഗവർണർ
നീണ്ടുനിൽക്കുന്ന ലോക്ക്ഡൌൺ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാർഗം ഇല്ലാതാക്കി ദാരിദ്രത്തിലേയ്ക്ക് തള്ളിവിടുമെന്ന് മുൻ ആർബിഐ ഗവർണർ ദുവൂരി സുബ്ബറാവു പറഞ്ഞു. എന്നാൽ കോവിഡ് -19 പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാൽ വീണ്ടെടുക്കൽ പ്രതീക്ഷിക്കാമെന്നും മറ്റ് ചില സമ്പദ്‌വ്യവസ്ഥകളേക്കാൾ വേഗത്തിൽ ഇന്ത്യ വളർച്ച രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്-19 പ്രതിസന്ധി സംബന്ധിച്ച ഒരു വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വളർച്ച ചുരുങ്ങും
ഈ വർഷം ഇന്ത്യയുടെ വളർച്ച ദുർബലമായിരിക്കും അല്ലെങ്കിൽ വളർച്ച ചുരുങ്ങുമെന്നും മിക്ക വിശകലന വിദഗ്ധരും വിശ്വസിക്കുന്നു. എന്നാൽ നിലവിലെ പ്രതിസന്ധിക്ക് രണ്ട് മാസം മുമ്പ് തന്നെ വളർച്ച മന്ദഗതിയിലായിരുന്നുവെന്ന് നാം ഓർക്കണം. കഴിഞ്ഞ വർഷം അഞ്ച് ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച. ഈ വർഷം അത് നെഗറ്റീവ് അല്ലെങ്കിൽ പൂജ്യം വളർച്ചയിലേക്ക് പോകുമെന്നും വളർച്ചയിൽ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചുവരവ്
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഈ പ്രതിസന്ധിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നത് ശരിയാണെന്നും സുബ്ബറാവു കൂട്ടിച്ചേർത്തു. പക്ഷെ അത് ആശ്വാസകരമല്ല. കാരണം നമ്മൾ വളരെ ദരിദ്രരാജ്യമാണ്, പ്രതിസന്ധി നിലനിൽക്കുകയും ലോക്ക്ഡൌൺ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്രത്തിലേയ്ക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
വളർച്ച വീണ്ടെടുക്കൽ
വിശകലന വിദഗ്ധർ പ്രവചിച്ചതുപോലെ, ഇന്ത്യയ്ക്ക് വി ആകൃതിയിലുള്ള വളർച്ച വീണ്ടെടുക്കൽ ഉണ്ടായിരിക്കുമെന്നും അത് മറ്റ് മിക്ക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണെന്നും സുബ്ബറാവു പറഞ്ഞു. ഒരു ചുഴലിക്കാറ്റിനോ ഭൂകമ്പത്തിനോ വ്യത്യസ്തമായി, ഇത് പ്രകൃതിദുരന്തമല്ല. അതുകൊണ്ട് തന്നെ ലോക്ക്ഡൌൺ മാറ്റിയാലുടൻ ആളുകൾ പ്രവർത്തിക്കാൻ തയ്യാറാണ്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വീണ്ടെടുക്കൽ വേഗത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഐഎംഎഫ് പ്രവചനം
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അഞ്ച് ശതമാനത്തിൽ നിന്ന് ഈ വർഷം ഇന്ത്യയുടെ വളർച്ച 1.9 ശതമാനമാകുമെന്ന് ഐഎംഎഫ് പ്രവചിച്ചതായി സുബ്ബറാവു പറഞ്ഞു. എന്നാൽ ഈ പ്രവചനം കാലഹരണപ്പെട്ടതാണെന്നും ജിഡിപിയുടെ വളർച്ച നെഗറ്റീവ് ആയി കുറയുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്നും മെറിറ്റ് ഇതര സബ്സിഡികൾ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications


